തൊടുപുഴ: എക്‌സൈസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചവരെ രക്ഷിക്കാൻ പൊലീസ് നീക്കം. ഉദോഗസ്ഥന്റെ ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ. കാളിയാർ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ചു ജില്ലയിലെ വ്യാജമദ്യ നിർമ്മാണം തടയുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇത് പ്രകാരം വണ്ണപ്പുറത്തിനു സമീപം ബ്ലാത്തിക്കവലയിൽ അനധികൃതമായി ആയത്തും പന ചെത്തി കള്ള് വിൽക്കുന്നതിന് എതിരെ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ പ്രതികാരം എന്നോണമാണ് എക്‌സൈസ് ഓഫീസർ സുനിൽ ടി എസിന് എതിരെ ആക്രമണം നടത്തിയത്.

ആയത്തും പനകള്ള് വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷിക്കാൻ പോകുമ്പോഴായിരുന്നു സംഘത്തിന്റെ ആക്രമണം.
ഹൈവേ പൊലീസ് സംഘവും എക്‌സൈസ് സ്‌ക്വാഡും എത്തിയാണ് സുനിലിനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡോക്ടറുടെ നിർദേശപ്രകാരം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് സുനിൽ.

വെള്ളിയാഴ്ച രാത്രയിലാണ് ആക്രമണം .എന്നാൽ ഞായറഴ്ച വൈകുന്നേരമായിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് സുനിലിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും ആരോപണം. ആദ്യം പ്രവേശിപ്പിച്ച ഇടുക്കി ജില്ലാ ആശുപത്രിയിൽ നിന്നും പൊലീസിലേക്ക് ഇന്റിമേഷൻ നൽകാത്തതും തൊടുപുഴയിലെ ആശുപത്രിയിൽ നിന്നും നൽകിയ ഇന്റിമേഷൻ താമസിപ്പിച്ചതും ബോധപൂർവം ആണെന്നും ആക്ഷേപമുണ്ട് .അന്വേഷണ ഉദ്യോഗസ്ഥനായ കാളിയാർ പൊലീസ് ഇൻസ്‌പെക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോഴും പൊലീസ് ഇൻസ്പെക്ടർ വേണ്ടത്ര ഗൗരവം നൽകാതെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. സഹപ്രവർത്തകന് മർദ്ദനം ഏറ്റിട്ടും ഭരണാനുകൂല സംഘടനയായ കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷനും ഇടപെടലുകൾ നടത്തിയില്ലെന്ന ആക്ഷേപവും ശക്തിപ്പെട്ടിട്ടുണ്ട്.

പ്രതികളുടെ സിപിഎം ബന്ധമാണ് ഇതിനു കാരണമെന്നും പറയപ്പെടുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഇന്റിമേഷനും വൈകിയാണ് കാളിയാർ സ്റ്റേഷനിലേയ്ക്ക് നൽകിയതെന്ന് പറയപ്പെടുന്നു. രാഷ്ട്രീയ താല്പര്യത്തിനു ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്ന പൊലീസ് നിലപാട് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം പ്രതികളെ പിടിക്കും വരെ കാളിയാർ പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹത്തിനെത്തിയ ആറുമാസം പ്രായമായ കുഞ്ഞു ഉൾപ്പെടെയുള്ള സുനിലിന്റെ ബന്ധുക്കളെ പൊലീസ് അനുനയിപ്പിച്ചു മടക്കി വിടുകയായിരുന്നു.

തിങ്കളഴ്ച വൈകുന്നേരം അഞ്ചു മണിക്കുള്ളിൽ പ്രതികളെ പിടികൂടുമെന്ന ഉറപ്പാണ് പൊലീസ് ഇവർക്ക് നൽകിയത് . ഇതിനിടെ കുറ്റകൃത്യം നടന്ന വെള്ളിയാഴ്ച രാത്രി മുതൽ കാളിയാർ പൊലീസ് ഇൻസ്പെക്ടറുടെ ഫോണിലേക്കു വന്ന കോളുകൾ പരിശോധിച്ചാൽ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിൽ ആരാണെന്നു വ്യക്തമാക്കുമെന്നു കാണിച്ചു ചില മനുഷ്യാവകാശ സംഘടനകൾ ഡിജിപിക്ക് ഹൈക്കോടതി രെജിസ്ട്രാർക്കും പരാതി നൽകാനുള്ള നീക്കത്തിലാണ്. ജോലിക്കിടയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് മർദ്ദനമേറ്റിട്ടും പൊലീസ് വേണ്ടത്ര ഗൗരവം എടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടികാണിക്കപ്പെടുന്നത്.