കോഴിക്കോട്: സ്‌ക്കൂൾ ഫണ്ടിൽ അഴിമതി കാണിച്ചുവെന്ന വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി എസ് ഐ മലബാർ ഇടവക ലേ സെക്രട്ടറിയെ ബിഷപ്പ് റവ. റോയ്‌സ് മനോജ് അന്യായമായി പുറത്താക്കിയതായി പരാതി. ലേ സെക്രട്ടറി റെയ്‌നർ കുനിയത്താണ് ബിഷപ്പിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.

2021 ജനുവരിയിൽ മഹാഇടവക കൗൺസിലിൽ ഭൂരിപക്ഷത്തിൽ ജയിച്ചാണ് താൻ ലേ സെക്രട്ടറിയായി ചുമതലയേറ്റത്. 2016-21 കാലയളവിൽ സി എസ് ഐ അൺ എയ്ഡഡ് സ്‌ക്കൂൾ മാനേജറായും പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ സ്‌ക്കൂളിന്റെ ഫണ്ടിൽ അഴിമതി കാണിച്ചുവെന്നാരോപിച്ചാണ് തനിക്കെതിരെ നടപടി സ്വീകരിച്ചത്. ഏകപക്ഷീയായി ഭരണ ഘടന കാറ്റിൽ പറത്തിക്കൊണ്ടാണ് തന്നെ പുറത്താക്കിയത്.

മഹാ ഇടവക കൗൺസിൽ തെരഞ്ഞെടുത്ത സഭാ സെക്രട്ടറിയെ കൗൺസിലിന്റെ അനുവാദമില്ലാതെ പുറത്താക്കാൻ ബിഷപ്പിന് സഭാനിയമ പ്രകാരം അധികാരമില്ലാത്തിരുന്നിട്ടും ബിഷപ്പ് ഏകപക്ഷീയമായി പത്തു വർഷത്തേക്ക് പുറത്താക്കൽ നടപടി സ്വീകരിക്കുകയായിരുന്നു. മഹാ ഇടവക കൗൺസിൽ ആണ് ബിഷപ്പിനെയും സെക്രട്ടറിമാരെയും ഭരണ നിർവ്വഹണത്തിനായി 24 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുക്കുന്നത്. ഈ കമ്മിറ്റി ആണ് മൂന്നു വർഷക്കാലം ഡയോസിസിന്റെ ഭരണം നിയന്ത്രിക്കേണ്ടത്. മൂന്നു തവണ എക്‌സിക്യൂട്ടീവ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ബിഷപ്പ് കോവിഡിന്റെ പേരു പറഞ്ഞു യോഗം വിളിക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്.

തെരഞ്ഞെടുത്ത ഭരണ സമിതിയെ നോക്കു കുത്തിയാക്കി ബിഷപ്പും ഉപജാപക സംഘവും ആണ് ഇപ്പോൾ ഭരണം നിയന്ത്രിക്കുന്നത്. എതിർക്കുന്നവരെ ഒതുക്കുക എന്ന രീതിയാണ് മഹാ ഇടവകയിൽ ഇപ്പോൾ നടക്കുന്നത്. ബിഷപ്പിന് നേരിട്ട് ബന്ധമുള്ള ചില അഴിമിതികൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാർ കണ്ടെത്തുകയും അതിന്റെ വസ്തുതകൾ ചോദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുകയുമാണെന്ന് റെയ്‌നർ കുനിയത്ത് ആരോപിച്ചു.

സഭയ്ക്ക് കീഴിലെ കോളേജിലെ അദ്ധ്യാപക നിയമനത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് ബിഷപ്പിന്റെ അറിവോടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എയ്ഡഡ് സ്‌ക്കൂൾ അദ്ധ്യാപക നിയമനത്തിനും അന്യായമായി പണം വാങ്ങിയതിൽ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിട്ടും ബിഷപ്പ് സ്വാധീനം ഉപയോഗിച്ച് തടഞ്ഞു വെച്ചിരിക്കുകയാണ്. ബിഷപ്പിന്റെ കാലാവധി വരെ തന്നെ മാറ്റിനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പത്തു വർഷത്തേക്കുള്ള പുറത്താക്കൽ നടപടിയെന്നും ഇത് നിയമപരമായി നേരിടുമെന്നും റെയ്‌നർ കുനിയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലബാർ ക്രിസ്ത്യൻ കോളെജിൽ അദ്ധ്യാപക നിയമനത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. കോളെജ് ഗവേണിങ് ബോഡി വിളിച്ചു ചേർക്കുക പോലും ചെയ്യാതെയാണ് അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. കമ്മ്യൂണിറ്റി ക്വാട്ടയിൽ പെടുന്ന വേക്കൻസി പോലും പൊതു വിപണിയിൽ ലേലം ചെയ്തിരിക്കുന്നു. കോമൺ വെൽത്ത് കൈവശം വെച്ചിരിക്കുന്ന കോടികൾ വിലമതിക്കുന്ന സഭയുടെ പുതിയറയിലെ പൈതൃക ഭൂമി തുച്ഛമായ വിലയ്ക്ക് ബിനാമി ഇടപാടിലൂടെ മറിച്ചു വിൽക്കുന്നു.

ഡവലപ്‌മെന്റ് ഫണ്ട് എന്ന പേരിൽ വരുന്ന കോടികൾ യാതൊരു കണക്കും ഇല്ലാതെ ചെലവഴിക്കുന്നു. എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക നിയമനത്തിന് അന്യായമായിപണം വാങ്ങിയതിൽ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിട്ടും സ്വാധീനം ഉപയോഗിച്ച് തടഞ്ഞു വെച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

മലബാർ മഹാ ഇടവകയുടെ കീഴിലുള്ള കോളെജുകളുടെയും സ്‌കൂളുകളുടെയും അദ്ധ്യാപക നിയമനവും വിദ്യാർത്ഥികളുടെ പ്രവേശനവുമായും ബന്ധപ്പെട്ട് പല സാമ്പത്തിക ഇടപാടുകളും ബിഷപ്പിന്റെ അറിവോടെ മേൽപ്പറഞ്ഞ സംഘം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.