തിരുവനന്തപുരം: അച്ചടക്കം പഠിപ്പിക്കാൻ മകനെ ക്രൂരമായി തല്ലിച്ചതച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥൻ. കളിക്കാൻ പോയിട്ട് തിരിച്ചെത്താൻ വൈകിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പാങ്ങോട് സൈനിക ക്യാമ്പിലെ സുബേദാറാണ് മകനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇയാൾ പതിനാലുകാരനായ മകനുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം വെളിച്ചത്തായത്.

കുട്ടിയുടെ കൈയിലെ പാടുകൾ കണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ വിവരം അന്വേഷിച്ചപ്പോഴാണ് പിതാവ് തല്ലിച്ചതച്ചാണെന്ന് പുറത്തുവന്നത്. ഇതോടെ, ആർപിഎഫ് റെയിൽവേ ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ഇരുവരെയും വിളിച്ചുവരുത്തി ചൈൽഡ്ലൈന്റെ സഹായത്തോടെ കുട്ടിയുടെ ദേഹപരിശോധന നടത്തുകയായിരുന്നു.

ദിവസങ്ങൾ പഴക്കം തോന്നിക്കുന്ന ക്രൂരമായ മർദ്ദനത്തിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തി.ചൈൽഡ് ലൈൻ പ്രവർത്തകരും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് കുട്ടിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജിലും കൊണ്ടുപോയി വൈദ്യപരിശോധന നടത്തി.

കളിക്കാൻ പോയിട്ട് വൈകി എത്തിയതിന് പിതാവ് മർദ്ദിച്ചതാണെന്ന് കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. പാങ്ങോട് സൈനിക ക്യാപിൽ താമസിക്കുന്ന ഇവർ ലഖ്നൗ സ്വദേശികളാണ്. കുട്ടിയെ ദേഹപരിശോധന നടത്തുന്നതിനും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും പിതാവ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തന്റെ മകനാണെന്നും അതിനാൽ തനിക്ക് ശിക്ഷിക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

മെഡിക്കൽ കോളേജിൽ നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായതായും മൂന്ന് മാസം മുമ്പ് കുട്ടിയുടെ കൈ ഒടിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ മുറിവുകൾ കൂടാതെ മുമ്പ് മർദ്ദനം ഏറ്റതിന്റെ തെളിവായി ഉണങ്ങിയ പാടുകളും ഉണ്ട്.

ബൂട്ടിട്ട് ചവിട്ടിയതിന്റെയും ലോഹവസ്തുക്കൾ ചൂടാക്കി പൊള്ളിച്ചതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ കുട്ടി ഇപ്പോൾ ചിൽഡ്രൻസ് ഹോമിലാണ്.

അച്ചടക്കം പഠിപ്പിക്കാനെന്ന പേരിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ, കടയ്ക്കലിൽ 13കാരനെ പിതാവ് ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുട്ടിയെ നാഭിക്ക് ചവിട്ടിവീഴ്‌ത്തുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും ക്രൂരത തുടർന്നു.

സംഭവത്തിൽ പിതാവ് കുമ്മിൾ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദ്ദീൻ അറസ്റ്റിലായിരുന്നു. ജൂലൈയിൽഎറണാകുളം തോപ്പുംപടിയിൽ പഠിക്കുന്നില്ലെന്നാരോപിച്ച് ആറ് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ് പിടിയിലായിരുന്നു. ഇതൊക്കെ ഏതാനും ഉദാഹരണങ്ങൾ മാത്രം.

തങ്ങളുടെ വരുതിക്കോ ഇഷ്ടത്തിനോ കുട്ടികൾ നിൽക്കണമെന്നും അടിച്ച് പഠിപ്പിച്ചാലേ നന്നാവു എന്ന മിഥ്യാധാരണയുമാണ് പല രക്ഷിതാക്കളെയും ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നത്. ബാലാവകാശങ്ങൾ ശക്തമായ കാലത്ത് പാങ്ങോട്ടെ സൈനിക ഉദ്യോഗസ്ഥന് എതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.