കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപണം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഹാരിസ് കെ കോടമ്പുഴക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടന എംഎസ്ഫിന്റം വനിത വിഭാഗമായ ഹരിതയുടെ ജില്ല പ്രസിഡണ്ട് അഡ്വ. തൊഹാനി കെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫെയസ്ബുക്കിലൂടെയാണ് അഡ്വ. തൊഹാനി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആരോപണ വിധേയനായ അദ്ധ്യാപകൻ ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് പരാതി. നേരത്തെ പിഎസ്എംഒ കോളേജിൽ അദ്ധ്യാപകനായിരുന്ന ഇയാൾ അടുത്ത കാലത്താണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പഠന വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. കാലിക്കറ്റിൽ അവസാനം നടന്ന നിയമനങ്ങളിൽ ഒന്നായിരുന്നു ഹാരിസിന്റേത്.

വിവാഹ മോചിതനായ ഹാരിസ് കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിനികളിൽ പലരോടും ലൈംഗിക താത്പര്യത്തോട് കൂടി പെരുമാറുകയും വിദ്യാർത്ഥികളിൽ ചിലരെ അത്തരത്തിൽ ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം. മികച്ച അക്കാദമിക് യോഗ്യതയുള്ള ഹാരിസ് അക്കാദമിക സഹായം വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്്തിട്ടുള്ളത്.

അക്കാദമിക് സഹായം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും ആ ബന്ധം പിന്നീട് ദൃഢമാക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് ഹാരിസ് ചെയ്തിരുന്നത്. നിരവധി വിദ്യാർത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. വിവാഹ വാഗ്ദാനം ചെയ്തും ഇയാൾ പീഡിപ്പിച്ചതായി അറിയുന്നു.

ആത്മാർത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിച്ചിരുന്നു. ഹാരിസുമായി വിവാഹം കഴിക്കാൻ വേണ്ടി വിവാഹമോചനം നേടിയവർ വരെയുണ്ടെന്നും ആരോപണം ഉന്നയിച്ച എംഎസ്എഫ് നേതാവ് പറയുന്നു. നിരവധി വിദ്യാർത്ഥിനികൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറയാതിരിക്കാൻ ഇരയാക്കപ്പെട്ട വിദ്യാർത്ഥിനികളുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ ഇയാൾ സൂക്ഷിച്ചുവെക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് വിവരം. ഇംഗ്ലീഷ് വിഷയത്തിൽ നെറ്റ് കോച്ചിങ്, പിഎസ്‌സി കോച്ചിങ് എന്നിവ നൽകുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികളോട് ഹാരിസ് ഇത്തരത്തിൽ പെരുമാറിയിട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന പിഎസ്എംഒ കോളേജിലോ ഇപ്പോൾ ജോലി ചെയ്യുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലെ വിദ്യാർത്ഥികളോടോ ഹാരിസ് ഈ രീതിയിൽ പെരുമാറിയിട്ടുള്ളതായി വിവരങ്ങളില്ല. ഹാരിസിനെതിരെ നടപടിയെടുക്കണമെന്ന് ഹരിത ജില്ല പ്രസിഡണ്ട് അഡ്വ. തൊഹാനി കെ ആവശ്യപ്പെട്ടു. നടപടി കേവലം സസ്പെൻഷൻ നാടകമാകരുത്. കൂടുതൽ വിദ്യാർത്ഥിനികളെ ഇനിയും ഇയാൾത്ത് ഇരകളാക്കാൻ വിട്ടുകൊടുക്കാതെ ഹാരിസിനെ സർവ്വീസിൽ നിന്ന് ഉടൻ പിരിച്ച് വിടണം.

യുവജന, വനിതാ കമ്മീഷനുകളും ഈ വിഷയത്തിൽ ശക്തമായി ഇടപെടണം. വിദ്യാർത്ഥിനികളെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യാൻ മുതിരുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള നിയമ നടപടി ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കണം. അത്തരം നീക്കങ്ങൾ യൂണിവേഴ്സിറ്റിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ ശ്ക്തമായ പോരാട്ടത്തിന് എംഎസ്ഫും ഹരിതയും നേതൃത്വം നൽകുമെന്നും ഹരിത മലപ്പുറം ജില്ല പ്രസിഡണ്ട് അഡ്വ. തൊഹാനി കെ പറഞ്ഞു.