ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ ഐസൊലേഷനിലാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം ആരാധകരെ അറിയിച്ചത്.

ഞാൻ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടിൽ ഐസൊലേഷനിലാണ് ഞാൻ.- താരം കുറിച്ചു. കൂടാതെ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും താരം വ്യക്തമാക്കി.

വീട്ടിൽ ഇരിക്കൂ, സുരക്ഷിതരാവൂ. അവസരം വരുമ്പോൾ വാക്സിനെടുക്കൂ. എന്നെക്കുറിച്ചോർത്ത് ആരാധകരും എന്റെ അഭ്യുദയകാംക്ഷികളും ആശങ്കപ്പെടേണ്ടതില്ല, എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. - താരം കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.