ന്യൂഡൽഹി: ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച ആളൂർ പീഡനക്കേസിലെ പ്രതി സി.സി.ജോൺസണ് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അജയ് അസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു എങ്കിലും കേസിലെ അന്വേഷണവും വിചാരണയും ഉൾപ്പടെയുള്ള മറ്റ് നടപടികൾ തുടരാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016ൽ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ബലാത്സംഗത്തിൽ പരാതി നൽകിയത് 2021 ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സി.സി.ജോൺസണ് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ രാകേന്ദ് ബസന്ത് എന്നിവർ ഹാജരായി, ഇരയ്ക്ക് വേണ്ടി സീനിയർ അഭിഭാഷക വൃന്ദ ഗ്രോവറും സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി .പ്രകാശും ഹാജരായി.

ബലാത്സംഗ പരാതിയിൽ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. പ്രതി സി.സി. ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് സുപ്രീംകോടതിയിൽ എതിർത്തിരുന്നു.

സംഭവസമയത്ത് ജോൺസൺ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കണം. ഫോൺ ഇംഗ്ലണ്ടിലെ ഒരു കടയിൽ മാറ്റിവാങ്ങാനായി നൽകിയെന്നാണ് പ്രതി പറയുന്നത്. തെളിവുകൾ ശേഖരിക്കാൻ ജോൺസനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബിജോ അലക്സാണ്ടർ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

2016 ജൂലൈ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റർ ചെയ്തത് ഈവർഷം മാർച്ചിലാണ്. 2016ലെ സംഭവമായതുകൊണ്ടുതന്നെ മെഡിക്കൽ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചില്ല.പ്രതി അശ്ലീല ചിത്രങ്ങൾ അയച്ചുവെന്ന് പറയുന്ന ഫോൺ ഇരയുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മാനസികാഘാതത്തെ തുടർന്ന് ഫോൺ നശിപ്പിച്ചതായാണ് ഇര മൊഴി നൽകിയത്. മൊബൈൽ ടവറും, കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിഷ്ഫലമായി.

ഒരുവർഷത്തിൽ കൂടുതലുള്ള രേഖകൾ മൊബൈൽ കമ്പനികൾ സൂക്ഷിക്കാറില്ല. ഇരയും പ്രതിയും സംഭവസമയത്ത് ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്ന് ശാസ്ത്രീയ, ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ച് തെളിയിക്കാനുള്ള ശ്രമങ്ങൾ നിഷ്ഫലമായെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.