'പ്രേമം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ആറ് വർഷത്തിനിപ്പുറം പുതിയ ചിത്രവുമായ് എത്തുകയാണ് അൽഫോൻസ് പുത്രൻ. കോവിഡ് ന് മുന്നെ പാട്ട് എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും കോവഡ് പ്രതിസന്ധിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാറ്റിവെക്കുകയായിരുന്നു.പിന്നീടാണ് ഗോൾഡ് എന്ന ചിത്രം അൽഫോൻസ് പ്രഖ്യാപിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് 'പാട്ട്' എന്ന ചിത്രമാണ് ഇടവേളയ്ക്കുശേഷം ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ആദ്യം ചിത്രീകരണം ആരംഭിച്ചത് ഗോൾഡ് ആയിരുന്നു. പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഗോൾഡ്'.

മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവിൽ എഡിറ്റിങ് ഗേബിളിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് സംവിധായകൻ. നേരത്തെ നേരത്തെക്കുറിച്ചും പ്രേമത്തെക്കുറിച്ചും പറഞ്ഞതുപോലെ പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്നാണ് ഗോൾഡിനെക്കുറിച്ചും അൽഫോൻസ് പറയുന്നത്.

'ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്', അൽഫോൻസ് ഫേസ്‌ബുക്കിൽ കുറിച്ചു.

എന്നാൽ അൽഫോൻസ് പറയുന്നത് മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നാണ് സിനിമാപ്രേമികളുടെ വാദം. മുൻപ് രണ്ട് ചിത്രങ്ങളും ഇറങ്ങിയപ്പോഴും അൽഫോൻസ് സമാന കാര്യമാണ് പറഞ്ഞതെന്നും എന്നാൽ ചിത്രം കണ്ടപ്പോൾ അങ്ങനെയല്ല അനുഭവപ്പെട്ടതെന്നും അൽഫോൻസ് ആരാധകർ പറയുന്നു. രസകരമായ എന്റർടെയ്‌നർ എന്നാണ് നേരത്തെ പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്- 'നടൻ എന്ന നിലയിൽ എനിക്കും പുതുമയുള്ള അനുഭവമാണ് ഇത്. ഇത്തരമൊരു പ്രോജക്റ്റ് എപ്പോഴും സംഭവിക്കുന്നതുമല്ല. ഒരു അൽഫോൻസ് പുത്രൻ ചിത്രം എന്നു പറഞ്ഞാൽ പിന്നെ കൂടുതൽ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. നയൻതാരയെ കൂടാതെ 47 അഭിനേതാക്കൾ കൂടിയുണ്ട് ചിത്രത്തിൽ. 'നേര'ത്തിന്റെയൊക്കെ ഗണത്തിൽ പെടുന്ന ഒരു ഫൺ ത്രില്ലർ ചിത്രമായിരിക്കും ഗോൾഡ്', പൃഥ്വിരാജ് പറഞ്ഞിരുന്നു.

അൽഫോൻസ് പുത്രൻ ചിത്രത്തിൽ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരൻ ആണെന്ന പ്രത്യേകതയുമുണ്ട്.