ചെന്നൈ: ഇന്ത്യൻ സിനിമാ ലോകത്ത് ബ്ലോക്‌ബസ്റ്ററായി മാറിയ കമൽഹാസൻ ചിത്രം വിക്രത്തിന് വലിയ പിന്തുണയാണ് എങ്ങുനിന്നും ലഭിക്കുന്നത്. ചിത്രത്തിന് ഒ. ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ.

ചിത്രം വിസ്മയിപ്പിച്ചു എന്നാണ് അൽഫോൻസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച സന്തനം താനോസിനെ പോലെ മാസായിരുനിന്നും. റോളക്സ് കിക്ക്അസ് ആയിരുന്നുവെന്നും. ഏജന്റ് വിക്രത്തിന്റെ മുഴുവൻ പ്ലോട്ടും മനസ്സിലാക്കാൻ ഫഹദിന്റെ അമർ സഹായിച്ചു എന്നും അൽഫോൻസ് കൂടിച്ചേർക്കുന്നു.

'ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പൻ, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി. സന്തനം താനോസിനെ പോലെ മാസായിരുന്നു. റോളക്സ് കിക്ക്അസ് ആയിരുന്നു. ഏജന്റ് വിക്രത്തിന്റെ മുഴുവൻ പ്ലോട്ടും മനസ്സിലാക്കാൻ അമർ സഹായിച്ചു. എ.സി.പി പ്രഭഞ്ജൻ എന്ന കഥാപാത്രം വൃത്തിക്ക് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ബഹുമാനവും സ്നേഹവും അറിയിക്കുന്നു'; അൽഫോൻസ് പുത്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കെ.ജി.എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലും വിക്രത്തെ അഭിനന്ദിച്ചിരുന്നു. ഗോൾഡാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അൽഫോൻസ് പുത്രന്റെ ചിത്രം. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ, ബാബുരാജ്, ഷമ്മി തിലകൻ, അബു സലീം, അജ്മൽ അമീർ, റോഷൻ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോൾഡിലെത്തുന്നുണ്ട്.