തിരുവനന്തപുരം: മലയാളത്തിലെ ഏക്കാലത്തെയും മികച്ച വാണീജ്യ വിജയങ്ങളിൽ ഒന്നായിരുന്നു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. വിവിധ അഭിപ്രായങ്ങൾ ചിത്രത്തെക്കുറിച്ച് ഉണ്ടെങ്കിലും ബോക്‌സ് ഓഫീസിൽ തരംഗമായിരുന്നു പ്രേമം.ചിത്രത്തിന്റെ ആറാം വാർഷികം ഇക്കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്.ആറാം വർഷത്തിലും ചർച്ചകളിൽ നിറയുയാണ് പ്രേമം.അതിന്റെ ഒരു പ്രധാന കാരണം ചിത്രത്തിൽ സംവിധായകൻ പറയാതെ ഉപേക്ഷിച്ച, പ്രേക്ഷകരെ ഏറ്റവും കൂടുതൽ കൺഫ്യൂഷനാക്കിയ ഒരു കാര്യമാണ്.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ മലർമിസിന്റെ ഓർമ്മ തരിച്ചു കിട്ടിയോ എന്നതായിരുന്നു പ്രേക്ഷകന്റെ ആ സംശയം. ചിത്രത്തിന്റെ ആറാം വാർഷികത്തിലും അതേ ചോദ്യവുമായി സംവിധായകന് മുന്നിൽ എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ.നിവിന്റെ കഥാപാത്രമായ ജോർജ്, സായ് പല്ലവിയുടെ കഥാപാത്രമായ മലരുമായി പ്രണയത്തിലായിരുന്നു. ജോർജിനെ ഏറെ തിരിച്ചും ഇഷ്ടപ്പെടുന്ന മലർ മറ്റൊരാളുമായിട്ട് വിവാഹതയാകുന്നതായും സിനിമയിൽ കാണിക്കുന്നുണ്ട്. വിവാഹിതയാകുന്ന വേളയിൽ മലർ ഏറെ സന്തോഷവതിയായും കാണപ്പെടുന്നു. ഒരു അപകടത്തിൽ പെട്ട് മലരിന് ഓർമ നഷ്ടപ്പെട്ടതായിട്ടാണ് സിനിമയിൽ പറയുന്നത്. ജോർജ് മലരിന്റെ വിവാഹത്തിന് എത്തുന്നുമുണ്ട്. മലരിന് ഓർമ തിരിച്ചുകിട്ടിയിരുന്നുവെന്നാണ് അൽഫോൻസ് പുത്രൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മലരിന് ഓർമ തിരിച്ചുകിട്ടിയിരുന്നോവെന്ന് സ്റ്റീവൻ മാത്യു എന്നയാളാണ് ചോദിച്ചത്. പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനഃപൂർവം അവനെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച അവൾ ജോർജ് വിവാഹിതനാകുന്നതിനാൽ ജോർജിനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ് എന്നായിരുന്നു സ്റ്റീവൻ പറഞ്ഞത്.

അവളുടെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. കൈ കൊണ്ട് 'സൂപ്പർ' എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചുവെന്നായിരുന്നു അൽഫോൻസ് പുത്രന്റെ മറുപടി.