കൊല്ലം: കോളേജ് പഠനകാലത്തെ ഓർമ്മകൾ പങ്കിട്ട് എംപിമാരായ സുരേഷ് ഗോപിയും എൻ.കെ.പ്രേമചന്ദ്രനും ഫാത്തിമാ മാതാ കോളജിൽ സഹപാഠികൾക്ക് ഒപ്പം ഒന്നിച്ചു. ഫാത്തിമാ മാതാ കോളജ് പ്രീഡിഗ്രി സയൻസ് ബാച്ച് 1975 - 77 പൂർവവിദ്യാർത്ഥി സംഗമത്തിൽ ഇരുവരും അന്നത്തെ സഹപാഠികൾക്കൊപ്പം ഓർമ്മകൾ പങ്കുവച്ചത്. 44 വർഷങ്ങൾക്കു ശേഷമാണ് ഒത്തുചേരൽ. കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെയും സൈനികരെയും ചടങ്ങിൽ അനുസ്മരിച്ചു.

'അന്നു വീശിയ അതേ കാറ്റാണ് ഇപ്പോഴുമെന്ന് ഇവിടെ നിൽക്കുമ്പോൾ തോന്നിപ്പോകുന്നു. നമ്മുടെ ഏറ്റവും നല്ല കാലത്തെ ഗന്ധം നിറഞ്ഞ കാറ്റ്. മൺമറഞ്ഞു പോയ എന്തൊക്കെയോ തിരികെ കിട്ടിയ അനുഭവമാണ് സഹപാഠികളെ ഒന്നിച്ചുകണ്ടപ്പോൾ തോന്നിയത്' സുരേഷ് ഗോപി എംപി പറഞ്ഞു.

മരിച്ചു പോയ അദ്ധ്യാപകരെയും അവർ പഠനത്തിലും ജീവിതത്തിലും നൽകിയ പിന്തുണയെയും കുറിച്ചു പറഞ്ഞശേഷം ഇനിയും സംസാരിച്ചാൽ ഞാൻ കരഞ്ഞുപോകും എന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

എൻ.കെ.പ്രേമചന്ദ്രൻ എംപിയും ഇതേ ബാച്ചിലാണു പഠിച്ചിരുന്നത്. പാർലമെന്റിൽ വച്ചു പ്രേമചന്ദ്രനെ കാണുമെങ്കിലും മനസ്സു തുറന്നു സൗഹൃദത്തോടെ സംസാരിക്കാൻ സാധിക്കുന്നത് ഇവിടെ എത്തുമ്പോഴാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇംഗ്ലിഷ് ഒട്ടുമറിയാതെ കോളജിൽ ചേർന്നതിനെയും പഠിപ്പിക്കുന്നതു മനസ്സിലാക്കാതെ പഠനം അവസാനിപ്പിച്ചാലോ എന്നു വിചാരിച്ചതിനെയും കുറിച്ചാണ് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞത്. ആക്്‌സിലറേഷൻ എന്ന വാക്കിന്റെ അർഥം വേഗതയാണെന്നു തിരിച്ചറിയുന്നതു തന്നെ ദിവസങ്ങൾക്കു ശേഷമാണ്. മലയാളം മീഡിയത്തിൽനിന്ന് എസ്എസ്എൽസി പാസായി വന്ന തനിക്ക് ഇംഗ്ലിഷ് പേടിപ്പിക്കുന്ന ഭാഷയായിരുന്നു.

ഇന്നു പാർലമെന്റിൽ തെറ്റില്ലാതെ ഇംഗ്ലിഷ് പറയാൻ സാധിച്ചതു കലാലയത്തിന്റെയും അദ്ധ്യാപകരുടെയും കഴിവ് കൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.104 പേരുടെ ബാച്ചായിരുന്നു. സഹപാഠികളിൽ ഒരാളായ ഇന്നസെന്റാണു സംഗമത്തിനു നേതൃത്വം നൽകി എല്ലാവരെയും വിളിച്ചുചേർത്തത്.

1975 മുതൽ 1982 വരെയുള്ള കാലഘട്ടത്തിലെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരണമെന്ന ആഗ്രഹവും സുരേഷ് ഗോപി പങ്കുവച്ചു. അവതാരകനായിരുന്ന പരിപാടി തുടങ്ങുന്നതിനു മുൻപ് അരമണിക്കൂറോളം പ്രാർത്ഥിക്കുമായിരുന്നെന്നും അതിൽ മാതാപിതാക്കൾ കഴിഞ്ഞാൽ പിന്നെ ഓർത്തിരുന്നത് അദ്ധ്യാപകരെയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ അദ്ധ്യാപകരായ ഫെലിക്‌സ്, സി.ജെ.ആന്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫ്രാങ്ക്ലിൻ ഡാനിയേൽ,ഡിയാനെസിയെസ് ജോർജ്, ഫാത്തിമാ മാതാ കോളജ് പ്രിൻസിപ്പൽ ഡോ.ജോജോ പനയ്ക്കൽ, ഡോ. അഭിലാഷ് ഗ്രിഗറി, റിട്ട.അസോ. പ്രഫസർ ഡോ. ജോൺസൺ പയസ് തുടങ്ങിയവർ സംസാരിച്ചു.