തൃശൂർ: അമല മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂലൈ 22 മുതൽ ആശുപത്രി സന്ദർശിച്ചവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനാണ്? നീക്കം. അമല ആശുപത്രി ക്ലസ്റ്ററിൽ 17 രോഗികളാണ് ഉള്ളത്.

കൺട്രോൾ റൂം നമ്പറുകൾ: 9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926 9400066927, 9400066928, 9400066929.

അതേസമയം, സ്ഥിഗതികൾ വിലയിരുത്താൻ ജില്ല മെഡിക്കൽ ഓഫിസ്, തൃശൂർ ഗവ. മെഡിക്കൽ കോളജ് എന്നിവടങ്ങളിൽ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം ആശുപത്രി സന്ദർശിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച്? 'അമല ക്ലസ്റ്റർ' രൂപപ്പെട്ട സഹചര്യത്തിലാണ് സന്ദർശനം. തിങ്കളാഴ്ച അഞ്ചു മണിക്കകം ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമല ക്ലസ്റ്ററിൽ സ്വീകരിക്കേണ്ട നടപടികൾ എന്തെന്ന് ജില്ല ഭരണകൂടം തീരുമാനിക്കും.