ന്യൂഡൽഹി: തെരഞ്ഞെടുപ്പു അടുത്ത വേളയിൽ പഞ്ചാബ് കോൺഗ്രസിൽ കാര്യങ്ങൾ കലങ്ങി മറിയുന്നു. നവ്ജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുന്നതിനെ തുറന്നെതിർത്തു കൊണ്ടാണ് മുഖ്യമന്ത്രി അമരീന്ദൻ സിങ് രംഗത്തെത്തിയത്. ഹൈക്കമാൻഡ് ഇപ്പോൾ നടത്തുന്നത് അനാവശ്യ ഇടപെടൽ ആണെന്നാണ് ആരോപണം. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായും അമരീന്ദർ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് അമരീന്ദറിന്റെ വിമർശനം. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജ്യോത് സിങ് സിദ്ദു എത്തുന്നതിലെ അതൃപ്തി അറിയിച്ച് കൊണ്ട് സോണിയക്ക് അയച്ച കത്തിലാണ് ഹൈക്കമാൻഡ് ഇടപെടലിനെയും വിമർശിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സിദ്ധുവിനെ പാർട്ടി അധ്യക്ഷനാക്കിയാൽ സംസ്ഥാനത്ത് പാർട്ടിയെ അത് ഏത് രീതിയിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമരീന്ദറിന്റെ കത്ത്. 'സിദ്ധുവിന്റെ പ്രവർത്തന ശൈലി കോൺഗ്രസിന് ഉപദ്രവമാകും. പഴയ പാർട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോൺഗ്രസ് പിളരും' അമരീന്ദർ കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് വാർത്തകൾ നിറഞ്ഞ് നിൽക്കെ സിദ്ധു വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്നു. രാഹുൽ ഗാന്ധിയേയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനേയും അദ്ദേഹം കഴിഞ്ഞ ദിവസം കാണുകയുണ്ടായി. ഹരീഷ് റാവത്ത് ഇന്ന് അമരീന്ദർ സിങിനെ കാണുന്നുണ്ട്.

അതേസമയം ക്യാപ്ടനെ അനുനയിപ്പിക്കാനായി രാഹുൽ ഗാന്ധിയും ഇടപെടൽ നടത്തുന്നുണ്ട്. അധ്യക്ഷനായി ചുമതലയേൽക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സിദ്ദു കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സിദ്ദു പാളയത്തിൽ വലിയ ആഘോഷങ്ങളും ആഹ്ലാദ പ്രകടനങ്ങളുമാണ് നടക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു സിദ്ദു അധ്യക്ഷനായേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നത്. നിലവിലെ പിപിസി അധ്യക്ഷൻ സുനിൽ ജാഖറിനെ മാറ്റിയേക്കുമെന്നായിരുന്നു വിവരം. അമരീന്ദർ സിങ് മുഖ്യമന്ത്രിയായി തുടരുകയും സിദ്ദുവിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇതിനൊപ്പം സാമുദായിക സമവാക്യം ഉറപ്പാക്കുന്നതിന് രണ്ട് പിസിസി വർക്കിങ് അധ്യക്ഷന്മാരെ ഹിന്ദു, ദളിത് വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കും എന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതാക്കളുമായും ഇരു നേതാക്കളും ചർച്ച നടത്തിയിരുന്നു. നവജ്യോത് സിങ് സിദ്ദു പ്രിയങ്കഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തിയതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ.