ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ രാജിക്കായി ഒരു വിഭാഗം മുറവിളിക്കൂട്ടുമ്പോഴും വിമർശനവുമായി ക്യാപ്ടന്റെ ഭാര്യ. പാർട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധുവാണെന്ന് വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് എംപിയും മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയുമായ പ്രണീത് കൗർ.

അനാവശ്യമായ വിവാദങ്ങൾ പാർട്ടിക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും അവർ പറഞ്ഞു. പഞ്ചാബിന്റെ കുതിപ്പിനും പാർട്ടിയുടെ നിരവധി വിജയങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച അമരീന്ദറിനെ അവർ പുകഴ്‌ത്തുകയും ചെയ്തു. പ്രശ്നങ്ങൾക്ക് കാരണം പാർട്ടി സംസ്ഥാന അധ്യക്ഷനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീർച്ചയായും അതേ എന്നായിരുന്നു കൗറിന്റെ മറുപടി. സിദ്ധുവും ഉപദേശകരുമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അവർ ആരോപിച്ചു.

അമരീന്ദറിന്റെ പ്രവർത്തനത്തിൽ ചിലർ അസന്തുഷ്ടി പ്രകടിപ്പിച്ചു എന്ന് കരുതി അവരുടെ നിർദ്ദേശം അനുസരിച്ച് അദ്ദേഹം സ്ഥാനം ഒഴിയേണ്ട കാര്യമില്ല. പാർട്ടി ഹൈക്കമാൻഡാണ് അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പ്രണീത് കൗർ കൂട്ടിച്ചേർത്തു.

പാർട്ടിയെ വിജയങ്ങളിലേക്ക് നയിക്കാൻ നേതൃത്വം ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം ചെയ്തുവെന്നും 2014ൽ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോൾ അരുൺ ജയ്റ്റിലിയെ അമൃത്സറിൽ അദ്ദേഹം പരാജയപ്പെടുത്തിയെന്നും പ്രണീത് കൗർ പറഞ്ഞു. പഞ്ചാബ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളേയും വികസനത്തിന്റെ പാതയിൽ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായെന്നും പ്രണീത് കൗർ വ്യക്തമാക്കി.

വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ അമരീന്ദർ പരാജയമാണെന്ന് ആരോപണം ഉന്നയിച്ച് നാല് മന്ത്രിമാരും ചില എംഎൽഎമാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.