കോവിഡ് പ്രതിസന്ധി മിക്ക വ്യാപാരമേഖലകളേയും തകർത്തെറിഞ്ഞപ്പോൾ, അഭൂതപൂർവ്വമായ വളർച്ച കൈവരിച്ച ഒരു മേഖലയാണ് ഓൺലൈൻ ഷോപ്പിങ്. ഓൺലൈൻ ഷോപ്പിങ് രംഗത്തെ ഭീമന്മാരായ ആമസോണും ലോക്ക്ഡൗൺ കാലത്ത് അഭൂതപൂർവ്വമായ വളർച്ചയാണ് കൈവരിച്ചത്. പലമേഖലകളിലും ജീവനക്കാരെ പിരിച്ചുവിടൽ പതിവായപ്പോൾ ആമസോൺ ഈ വർഷം ഇതുവരെ 3000 പുതിയ ഒഴിവുകളാണ് സൃഷ്ടിച്ചത്. ഇതിൽ നിയമനവും നടത്തിയിരിക്കുന്നു. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് 10000 ഒഴിവുകളാണ് യു കെ ആമസോണിൽ മാത്രം നികത്താനുള്ളത്.

ഇത് സ്ഥിരം നിയമനങ്ങളുടെ കാര്യം. ഇതുകൂടാതെ 20,000 താത്ക്കാലിക ഒഴിവുകൾ കൂടിയുണ്ട് ആമസോണിൽ. ക്രിസ്ത്മസ്സിനു മുൻപായി ഇത് നികത്തപ്പെടും. ആമസോണിന്റെ വെയർ ഹൗസുകൾ, സോർട്ടിങ് സെന്ററുകൾ, ഡെലിവറിസൈറ്റുകൾ എന്നിവിടങ്ങളിലാണ് സ്ഥിര ഒഴിവുകൾ വരുന്നത്. മണിക്കൂറിൽ 10.50 പൗണ്ട് മുതലാണ് വേതനം ആരംഭിക്കുന്നത്.പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് അഷുറൻസ്, ഇൻകം പ്രൊട്ടക്ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാം.