ലഖ്നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവിൽ ബിജെപി സർക്കാർ ഡോ. അംബേദ്കർക്ക് സ്മാരകം നിർമ്മിക്കുന്നു. ജൂൺ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലഖ്നൗ സന്ദർശനത്തിനിടെ തറക്കല്ലിടും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലഖ്നൗ ഐഷ്ബാഗിലാണ് സ്മാരകം നിർമ്മിക്കുന്നത്. 50 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

45 മീറ്റർ ഉയരത്തിൽ അംബേദ്കറുടെ പ്രതിമയും നിർമ്മിക്കും. ഡിസംബർ ആദ്യവാരത്തിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. അംബേദ്കറുടെ ചരമവാർഷികമായ ഡിസംബർ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്. അബേദ്കറുടെ ഭാര്യ രമാബായിക്കും സ്മാരകം നിർമ്മിക്കും.

ലൈബ്രറി, മ്യൂസിയം, ഓഡിറ്റോറിയം എന്നിവയാണ് നിർമ്മിക്കുന്നത്. 25 അടിയിലാണ് പ്രതിമ. 20 അടി പടികളും നിർമ്മിക്കും. വർഷവസാനം വരെ നീളുന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. 2022ലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദലിത് വോട്ടുകൾ ലക്ഷ്യമിട്ടാണ് അംബേദ്കറുടെ സ്മാരകം നിർമ്മിക്കാനുള്ള തീരുമാനമെന്ന് വിമർശനമുയർന്നു.