കണ്ണൂർ: അകാലത്തിൽ വേർപിരിഞ്ഞ മകന്റെ സ്മരണക്കായി രൂപീകരിച്ച ട്രസ്റ്റ് വാഹനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി പിതാവ് മാതൃകയായി. ഉളിക്കലിലെ ജോസ് പൂമലയാണ് തന്റെ മകന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ വാഹനം കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗജന്യമായി വിട്ടുനിൽകി മാതൃകയായത്.

ഉളിക്കലിലെ സാമൂഹ്യ പ്രവർത്തകനായ ജോസ് പൂമല ജീവകാരുണ്യ, കാർഷിക, വിദ്യാഭ്യാസ രംഗത്തും സജീവ പ്രവർത്തനമാണ് നടത്തി വരുന്നത്. അകാലത്തിൽ പൊലിഞ്ഞ മകൻ അമൽജോസിന്റെ ഓർമ്മകൾക്കായാണ് ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങൾക്കായി അമൽ ജെ പൂമല ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയത്. ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങൾ പാവപ്പെട്ടവരുടെയും, അശരണരുടെയും കൈത്താങ്ങായി മാറുകയും ചെയ്തു.

ആദ്യഘട്ട കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിലെ ഹെൽപ്പ് ഡസ്‌കിന്റെ സേവനത്തിനായി ട്രസ്റ്റിന്റെ വാഹനം ചോദിച്ച നിമിഷം തന്നെ തന്റെ വാഹനം ജോസ് പൂമല വിട്ടു നൽകുകയായിരുന്നു. ഉളിക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാഹനം ഏറെ സഹായകരമാണ്.

രണ്ടാം വ്യാപനം രൂക്ഷമായ ഈ ഘട്ടത്തിലും വിശ്രമമില്ലാതെ വാഹനം പ്രതിരോധ പ്രവർത്തനത്തിനായി ഉപയോഗിച്ച് വരികയാണെന്ന് പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. അടിയന്തര സഹചര്യത്തിൽ ട്രസ്റ്റിന് മഹത്തരമായ പങ്കാളിത്തം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മകന്റെ സ്മരണ നിലനിർത്തുന്നതിനായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും ട്രസ്റ്റ് ചെയർമാൻ കൂടിയായ ജോസ് പൂമല പറഞ്ഞു.