അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെക്കുറിച്ച് അമിതാഭ് ബച്ചൻ നടത്തിയ പരാമർശത്തിനെതിരേ സമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എന്നാൽ അമിതാഭ് ബച്ചന്റെ പരാമർശം ലിംഗ വിവേചനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന പ്രതികരണം. കോൻബഗേന ക്രോർപതി എന്ന പരിപാടിക്കിടെ ആയിരുന്നു ബച്ചന്റെ വിവാദ പരാമർശം.

ചിത്രത്തിൽ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാർഥിയോടുള്ള ചോദ്യം. അതോടൊപ്പം ഗീത ഗോപിനാഥിന്റെ ചിത്രവും നാലു ഓപ്ഷനുകളും പങ്കുവെച്ചു. സ്‌ക്രീനിൽ ഗീത ഗോപിനാഥിന്റെ ചിത്രം തെളിയുേമ്പാൾ 'അവളുടെ മുഖം വളരെ മനോഹരമാണ്.. അതിനാൽ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല' എന്നും ബച്ചൻ പറയുന്നു.

തന്നെക്കുറിച്ച് അമിതാഭ് ബച്ചൻ പറയുന്ന ഭാഗങ്ങൾ ഗീത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. താൻ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നുമാണ് ഗീത കുറിച്ചത്. ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമർശം വളരെ ദുഃഖകരമാണെന്നും വിമർശനങ്ങൾ ഉയർന്നു. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കിൽ ബച്ചൻ സമാനമായ പരാമർശം നടത്തുമോ എന്നും വിമർശകർ ചോദിക്കുന്നു.