മുംബൈ: സർജറിക്ക് വിധേയനാകുന്നുവെന്ന അമിതാഭ് ബച്ചന്റെ ‌ട്വീറ്റ് പുറത്ത് വന്നതോടെ ആരാധകർ ആശങ്കയിൽ. 'ആരോ​ഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല,' - അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്.

പോസ്റ്റ് കണ്ടയുടൻ തന്നെ വേ​ഗം സുഖമാകട്ടെ എന്നും പ്രാർത്ഥിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്റ്. ''വേ​ഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും എപ്പോഴും അങ്ങയോടൊപ്പമുണ്ട്. നിങ്ങളുടെ വിലപ്പെട്ട ആരോ​ഗ്യം ലോകത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. താങ്കളെക്കുറിച്ച് ആശങ്കയുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനുള്ള ശക്തി ദൈവം നിങ്ങൾക്ക് നൽകട്ടെ.'' ആരാധകർ കുറിക്കുന്നു.

അജയ് ദേവ്ഗൺ, രാകുൽപ്രീത് സിങ് എന്നിവർക്കൊപ്പം മെയ്‌ഡേയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ബിഗ് ബി. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. ഇതിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഏഴ് വർഷത്തിനുശേഷമാണ് സീനിയർ ബച്ചനും അജയ് ദേവഗണും ചേർന്ന് ഒരു ചിത്രം ചെയ്യുന്നത്.ഇതു കഴിഞ്ഞ് വികാസ് ബാലിന്റെ ചിത്രത്തിലായിരുന്നു ബിഗ് ബി അഭിനയിക്കേണ്ടിയിരുന്നത്. രശ്മി മന്ദാനയായിരുന്നു നായിക. ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുന്ന ചെഹ്‌രെ, ജുണ്ട് എന്നിവയാണ് ബച്ചൻ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.