മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കനേഡിയന്‍ മലയാളികള്‍. തലസ്ഥാനമായ ഓട്ടവയിലെ പാര്‍ലമെന്റ് മന്ദിരത്തിലാണ് ദേശീയ ഓണാഘോഷ ചടങ്ങുകള്‍ നടക്കുക. 144 വെല്ലിങ്ടണ്‍ സ്ട്രീറ്റിലെ സര്‍ ജോണ്‍ എ മക്ഡോണാള്‍ഡ് ബില്‍ഡിംഗില്‍ സെപ്റ്റംബര്‍18നു ബുധനാഴ്ചയാണ് പരിപാടി. ഇത് മൂന്നാം വര്‍ഷമാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ ഇന്‍ഡോ കനേഡിയന്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറിന്റെ (ICAC) ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

പാര്‍ലമെന്റ് അംഗം മൈക്കിള്‍ ബാരറ്റ് ആതിഥേയനാകുന്ന പരിപാടി, കാനഡയുടെ വിവിധ മേഖലകളില്‍ ഉള്ള എണ്‍പതിലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. കാനഡയുടെ വിവിധ പ്രവിശ്യകളിലെ അസോസിയേഷനുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും, ചെണ്ടമേളവും പരിപാടികള്‍ക്ക് മിഴിവേകും. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചരക്ക് തുടങ്ങുന്ന പരിപാടി രാത്രി എട്ടരയോടെ അവസാനിക്കും. അറുനൂറിലേറെ പ്രതിനിധികളെയാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാനായ ബിജു ജോര്‍ജ് പറഞ്ഞു.

പരിപാടിയുടെ റജിസ്ട്രേഷന്‍ ആരംഭിച്ചു. onamatp@gmail.com എന്ന ഈമെയിലിലേക്ക് പേരും ഫോണ്‍ നമ്പറും പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ഇമെയില്‍ ചെയ്യേണ്ടതാണ്. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ഇ മെയില്‍ വഴി അറിയിക്കുന്നതായിരിക്കും. ടൊറന്റോ മേഖലയില്‍ നിന്നും ഉള്ള ആളുകള്‍ക്ക് ഓട്ടവയിലേക്ക് പോകാനുള്ള ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.nationalonamcanada.ca എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.