കൈക്കരുത്തിന്റെയും ഉയരത്തിന്റെയും വേഗത്തിന്റെയും സമന്വയമാണ് വോളീബോള്‍. വലയ്ക്ക് മുകളിലൂടെ ചാടി ഉയര്‍ന്നു പായിക്കുന്ന നിലം തുളയ്ക്കുന്ന സ്മാഷുകള്‍, ആ സ്മാഷുകളെ തടുക്കാന്‍ കെല്‍പ്പുള്ള കരുത്തന്മാര്‍ എതിര്‍ കോര്‍ട്ടില്‍. തടുക്കുക, എതിരാളികളുടെ ബ്ലോക്കിന് മുകളിലൂടെ അടിച്ചിരിത്തുക. കായിക പ്രേമികള്‍ക്ക് എക്കാലത്തും ആവേശമായ പതിനേഴാമത് എന്‍ കെ ലൂക്കോസ് വോളിബാള്‍ മത്സരം, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബായ നയാഗ്ര പാന്തേഴ്സാണ് കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.

ഓഗസ്റ്റ് മുപ്പത്തിയൊന്നിന് നയാഗ്ര ഓണ്‍ ദി ലയ്ക്കിലെ കമ്മ്യൂണിറ്റി സെന്ററിലാണ് മത്സരങ്ങള്‍ നടക്കുക. അണ്ടര്‍ 18, 40 പ്ലസ്, ഓപ്പണ്‍ കാറ്റഗറി എന്നീ മൂന്ന് വിഭാഗങ്ങളില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത്. കാനഡയില്‍ ആദ്യമായി നടക്കുന്ന ടൂര്‍ണമെന്റില്‍ വമ്പന്‍ ടീമുകളാണ് നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നത്. ഷിക്കാഗോ കൈരളി ലയണ്‍സ്, ഫില്ലി സ്റ്റാര്‍സ് ഫിലാഡല്‍ഫിയ,ഡാളസ് സ്ട്രൈക്കേഴ്സ്, റോക്ലാന്‍ഡ് സോള്‍ജിയേഴ്‌സ് ബഫല്ലോ, ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ്, വാഷിംഗ്ടണ്‍ കിങ്സ്, മയാമി ഹോളിവുഡ് ചലഞ്ചേഴ്സ്, ന്യൂ യോര്‍ക്ക് സ്പൈക്കേഴ്സ്, നയാഗ്ര പാന്തേഴ്‌സ്, കനേഡിയന്‍ ലയണ്‍സ്, ലണ്ടന്‍ ഫാല്‍കണ്‍സ്, ടോറോന്റോ സ്റ്റാല്ലിയന്‍സ്, ബ്രാംപ്ടണ്‍ സ്‌പൈക്കേഴ്‌സ്, ഹാമിലിട്ടന്‍ ഡ്രീം ടീം, താമ്പാ ബേ ഈഗിള്‍സ് എന്നീ ടീമുകള്‍ കൈക്കരുതിന്റെ വേഗമളക്കും.

മത്സരം കണ്ടാസ്വദിക്കാനും, തുടര്‍ന്നുള്ള വൈകുന്നേരമുള്ള പാന്തേഴ്‌സ് എക്‌സ്ട്രാ വാഗന്‍സ സീസണ്‍ 2 ബാങ്ക്വറ്റില്‍ പങ്കെടുക്കുവാനും, കാനഡയിലെയും അമേരിക്കയിലെയും എല്ലാ കലാ കായിക ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി പാന്തേഴ്‌സ് ക്ലബ്ബിന്റെ ചെയര്‍മാന്‍ തോമസ് ലൂക്കോസ് പറഞ്ഞു. ആഷ്ലി ജോസഫ് ആണ് ടൂര്‍ണമെന്റ് കണ്‍വീനര്‍. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പയസ് - റോയ് സഹോദരന്മാരാണ് പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. മോര്‍ട്ടഗേജ് ഏജന്റായ രെഞ്ചു കോശിയാണ് പരിപാടിയുടെ പ്ലാറ്റിനം സ്‌പോണ്‍സര്‍. ടോറോന്റോയിലെ റോയല്‍ കേരള ഫുഡ്സിലെ സജി മംഗലത്തും ആന്‍ഡ്രൂ മംഗലത്തും ആണ് മറ്റൊരു സ്‌പോണ്‍സര്‍.

ക്‌ളബ്ബിന്റെ പ്രസിഡന്റ് ടെന്നി കണ്ണൂക്കാടന്‍, ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടര്‍മാരായ ഷെജി ജോസഫ് ചക്കുംകല്‍, അനില്‍ ചന്ദ്രപ്പിള്ളില്‍, ധനേഷ് ചിദംബര നാഥ്, എബിന്‍ മാത്യു, ലിജോ വാതപ്പിള്ളി, എല്‍ഡ്രിഡ് കാവുങ്കല്‍, ബിജു ജയിംസ്, അനീഷ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വോളി ബോള്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ലിറ്റി ലൂക്കോസ്, ജേക്കബ് പച്ചിക്കര, ജാക്‌സണ്‍ ജോസ്, തങ്കച്ചന്‍ ചാക്കോ, ഡീന ജോണ്‍, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെല്‍ബിന്‍ തോമസ്, സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം,എല്‍വിന്‍ ഇടമന, ശ്രുതി തൊടുകയില്‍,അനീഷ് കുമാര്‍ പി.ആര്‍, ജോര്‍ജ് തോമസ്, ഷിന്റോ തോമസ്, ജോയ്സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രന്‍, ബിജു അവറാച്ചന്‍ എന്നി കമ്മറ്റി അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ലൂ എന്ന് വിളിപ്പേരുള്ള പ്രശസ്ത വോളിബാള്‍ താരം എന്‍ കെ ലൂക്കോസിന്റെ അനുസ്മരണാര്‍ത്ഥം ആണ് എന്‍.കെ ലൂക്കോസ് എവര്‍ റോളിങ്ങ് ട്രോഫി വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നത്. 1980-ല്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം, 1987-ല്‍ ന്യൂയോര്‍ക്കില്‍ കേരള സ്പൈക്കേഴ്സ് വോളിബോള്‍ ടീം രൂപീകരിച്ചു. ടീമിലെ പ്രധാന കളിക്കാരനും ആയിരുന്നു. 2003 ഫെബ്രുവരി 27ന് ന്യൂജേഴ്സിയില്‍ അപകടത്തിലാണ് എന്‍ കെ ലൂക്കോസ് അന്തരിക്കുന്നത്.