നിങ്ങൾ എപ്പോഴേങ്കിലും നിർമ്മാതാവിന്റെയും തിരക്കഥാകൃത്തിന്റെ പേര് നോക്കി സിനിമക്ക് കയറിയിട്ടുണ്ടോ? ഈ ലേഖകൻ, ഗരുഡൻ എന്ന സിനിമക്ക് കയറിയത്, ട്രാഫിക് മുതൽ മലയാള സിനിമയുടെ ചരിത്രമായ ഒട്ടേറെ സിനിമകൾ നിർമ്മിച്ച മാജിക് ഫ്രെയിംസിന്റെ ലിസ്റ്റൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രമായതുകൊണ്ടാണ്. ആടും, അഞ്ചാപാതിരയുമടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്ത മിഥുൻ മാനുവൽ തോമസിന്റെ പേര് രചനയിലുള്ളതും പ്രതീക്ഷ വർധിച്ചു. ചിത്രം കണ്ടപ്പോൾ സന്തോഷമായി. അടുത്തകാലത്തായി തുടർച്ചയായി മോശം പടങ്ങൾ വന്നുകൊണ്ടിരിക്കുന്ന മലയാള സിനിമയിൽ ഒരു ഗതിമാറ്റമാണ് ഈ ചിത്രം. ത്രില്ലർ സിനിമകളിഷ്ടപ്പെടുന്നവരുടെ മസ്റ്റ് വാച്ച് പട്ടികയിൽ ഉണ്ടാകേണ്ട മൂവി.

അരുൺ വർമയെന്ന പുതിയ സംവിധായകന്റെ വരവറിയിക്കുന്നുണ്ട് ചിത്രം. പലയിടത്തും ചിത്രത്തിന് ഇംഗ്ലീഷ് സൈക്കോ ത്രില്ലറുകളുടെ ചടുലതയും വേഗതയുമുണ്ട്. സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവാണ് ചിത്രമെന്ന് പറയാം. അതുപോലെ തന്നെ ബിജുമേനോന്റെയും. കണ്ണൂർ സ്‌ക്വാഡിന് ശേഷം കേരള പൊലീസിന്റെ മികവ് മറ്റൊരു തരത്തിൽ വരച്ചു കാണിക്കുന്ന ചിത്രമാണ് ഗരുഡൻ. നന്നായി മാർക്കറ്റ് ചെയ്യുകയാണെങ്കിൽ ഈ ഗരുഡൻ പറന്നുയരുമെന്ന് ഉറപ്പാണ്.

കഥയാണ് താരം, ഒപ്പം തിരക്കഥയും

ഒരുവർഷം ഇറങ്ങുന്ന ചിത്രങ്ങളിൽ പത്തുശതമാനംപോലും, തീയേറ്ററിൽ വിജയിക്കാത്ത അവസ്ഥയാണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത്. ചർവിത ചർവണം ചെയ്ത കാര്യങ്ങളല്ലാതെ വ്യത്യസ്തമായ ഒന്നും പ്രേക്ഷകർക്ക് കൊടുക്കാൻ മലയാളത്തിലെ കഥാകൃത്തുക്കൾക്ക് കഴിയുന്നില്ല. അവിടെയാണ് എം ജിനേഷ് എന്ന കഥാകൃത്തിന്റെയും, മിഥുൻ മാനുവൽ തോമസ് എന്ന തിരക്കഥാകൃത്തിന്റെയും പ്രസക്തി. നാം ഇതുവരെ കണ്ട സൈക്കോ ത്രില്ലറുകളുടെ പാറ്റേണിലല്ല ഈ ചിത്രത്തിന്റെ കഥ. അതുതന്നെയാണ് ഗുരുഡന്റെ ചിറകുകൾക്ക് ബലമേകുന്നതും.

കൊച്ചി നഗരത്തിൽ നടക്കുന്ന ഒരു ഭീകര കുറ്റകൃത്യത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. നഗരമധ്യത്തിൽവെച്ച് ഒരു പെൺകുട്ടിയെ ആക്രമിച്ച്, തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്തിട്ട് കോമ സ്റ്റേജിലാക്കിയിട്ടും പൊലീസിന് പ്രതിയെ പിടികൂടാൻ പറ്റുന്നില്ല. കേസന്വേഷിക്കാനെത്തുന്ന ഡി സി പി ഹരീഷ് മാധവനായിട്ടാണ് സുരേഷ് ഗോപിയെത്തുന്നത്. അവസാനം ഡിഎൻഎ മാപ്പിങ്ങ് അടക്കമുള്ള ടെസ്റ്റുകൾക്കുശേഷം പ്രതിയെ പിടികൂടുമ്പോൾ എല്ലാവരും ഞെട്ടുന്നു. അത് പെൺകുട്ടിയുടെ അതേ കോളജിലെ അദ്ധ്യാപകൻ നിഷാന്ത് കുമാർ ( ബിജുമേനോൻ) ആണ്. താൻ നിരപരാധിയാണെന്ന് അയാൾ കരഞ്ഞുപറഞ്ഞിട്ടും, ആരും കേൾക്കുന്നില്ല. തെളിവുകൾ എല്ലാം എതിരായതോടെ അയാൾ ശിക്ഷിക്കപ്പെടുന്നു.

ഇനിയാണ് യാഥാർത്ഥ കഥവരുന്നത്. അപ്പീലിന് പോകാതെ എഴുവർഷം ശിക്ഷ അനുഭവിച്ചശേഷം, തിരിച്ചുവരുന്ന നിഷാന്ത് കേസ് റീഓപ്പൺ ചെയ്യിപ്പിക്കുന്നു. ജയിലിൽവെച്ച് പഠിച്ച് നിയമബിരുദം എടുത്ത നിഷാന്ത്, കേസ് സ്വയം വാദിക്കുന്നു. അതോടെ വാദി പ്രതിയാവുന്നു. അവിടുന്നങ്ങോട്ട് അയ്യപ്പനും കോശി ലൈനിൽ സിനിമ പറക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ആ സംഭവ വികാസങ്ങൾ കണ്ടുതന്നെ അറിയണം. ഒരു സംശയവും വേണ്ട കഥ തന്നെതാണ് ഈ ചിത്രത്തിലെ താരം. വയലൻസുള്ള രംഗങ്ങൾ ഒഴിവാക്കിക്കൊണ്ടുതന്നെ വയലൻസിന്റെ ഭീതി പ്രേക്ഷകരിലെത്തിക്കുക വല്ലാത്ത ഒരു ടെക്ക്നിക്കാണ്. സംവിധായകന് അത് കൃത്യമായി എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നുണ്ട്.

സുരേഷ് ഗോപിക്ക് ഇനിയും ബാല്യമുണ്ട്

മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ സിനിമയെന്ന് പറയാം. പൊലീസ് വേഷങ്ങളിൽ തകർത്താടിയ നടനാണ് സുരേഷ് ഗോപി. മലയാളത്തിലെ മറ്റൊരു നടനും ഇത്രയും പൊലീസ് ട്രാക്ക് റേക്കോർഡ് അവകാശപ്പെടാനില്ല. ഇവിടെ പക്ഷേ ഭരത് ചന്ദ്രൻ അടക്കമുള്ള സുരേഷ് ഗോപിയുടെ പഴയ പൊലീസ് വേഷങ്ങളുടെ യാതൊരു ലാഞ്ചനയുമില്ലാതെയാണ് അദ്ദേഹം, ഹരീഷ് മാധവനെ അവതരിപ്പിക്കുന്നത്. പഴയ പൊലീസ വേഷങ്ങളിലെപ്പോലെ ത്രസിപ്പിക്കുന്ന ഡയലോഗുകളിലൂടെയും, തകർപ്പൻ ആക്ഷനിലുടെയുമല്ല, സുരേഷ് ഈ ചിത്രത്തിൽ പ്രേക്ഷക ഹൃദയം കവരുന്നത്. അതിനേക്കാൾ ഫലിപ്പിക്കാൻ പ്രായസമുള്ള ഇമോഷൻസിലുടെയും, കോമൺ മാൻ അപ്പിയറൻസിലുടെയാണ്.

അതി മാനുഷനല്ല, തിരിച്ചടികൾ കിട്ടുന്ന സാധാരണ പൊലീസ് ഓഫീസറാണ് അയാൾ. തോക്കുകൊണ്ടല്ല തലകൊണ്ടാണ് അയാൾ പ്രവർത്തിക്കുന്നത്. ഡി സി പി ഹരീഷ് മാധവന്റെ നീതിബോധവും കൃത്യനിർവഹണത്തിലെ സൂക്ഷ്മതയും, തിരിച്ചടികളിലെ നിസ്സഹായതയും സുരേഷ് ഗോപി എന്ന നടൻ ഏറ്റവും സത്യസന്ധമായി ആവിഷ്‌കരിച്ചിരിക്കുന്നു.

ഒരു സംശയവും വേണ്ട ഈ നടന് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ട്. 1958 ജൂൺ 26 നാണ് സുരേഷ് ഗോപി ജനിച്ചത്. അതായത് പ്രായം 65 ആയി എന്ന് ചുരുക്കം. ആ പ്രായത്തിന് ഇണങ്ങുന്ന രീതിയിൽ റിട്ടയേഡ് ലൈഫിലേക്ക് കടക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രത്തിലുള്ളത്. പക്ഷേ 72കാരനായ മമ്മൂട്ടിയെ ഒക്കെ വെച്ച് നോക്കുമ്പോൾ സുരേഷ് ഗോപി ശ്രദ്ധിക്കേണ്ടത് തന്റെ ഫിസിക്കൽ അപ്പിയറൻസിലാണ്. ചില രംഗങ്ങളിലൊക്കെ ഒരു പൊലീസ് ഓഫീസർക്ക് ചേരാത്ത രീതിയിൽ, ശരീരം യൂണിഫോമിനുള്ളിൽ വീർപ്പുമുട്ടുന്നതുപോലെ തോന്നുന്നു.

അതുപോലെ വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമായി സുരേഷ് ഗോപി ഒതുങ്ങരുത്. ഇതുപോലെ എത്രയോ നല്ല സിനിമകളിൽ വേഷമിടാനുള്ള പ്രതിഭയും ഫയറും അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. അടുത്തകാലത്തായി അനാവശ്യവിവാദങ്ങളിലാണ് പക്ഷേ ഈ പ്രതിഭയുടെ പേര് വലിച്ചിഴക്കപ്പെടുന്നത്. അതിൽനിന്ന് മാറി നടക്കാനും, വർഷത്തിൽ ഇതുപോലെ, രണ്ടു നല്ല സിനിമയെങ്കിലും ചെയ്യാൻ ഈ നടന് കഴിയട്ടെ. ആകാരംകൊണ്ട് ആകെ മാറിപ്പോയെങ്കിലും ഡയലോഗ് ഡെലിവറിയിൽ നിങ്ങൾക്ക് പഴയ സുരേഷ്ഗോപിയെ കാണാം. അവസാനം 'വൺസ് എ കോപ്പ് ഈസ് ഓൾവെയ്സ് എ കോപ്പ്' എന്ന് പറയുമ്പോൾ തീയേറ്ററിൽ ഉയരുന്ന കൈയടികൾ കാണണം.

ബിജുമോനോനും തകർക്കുന്നു

ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശി എന്നിങ്ങനെയുള്ള സച്ചി സിനിമകളിൽ കണ്ടുവരുന്ന ദ്വന്ദ നായകത്വമായി തോനുന്ന രീതിയിൽ തുടങ്ങി, സുരേഷ് ഗോപിക്ക് കട്ടക്ക് എതിർനിന്ന് ബിജുമേനോൻ തകർക്കുന്നുണ്ട്. ക്ലൈമാക്സിലെ ബിജുമേനോന്റെ അഡാർ കൊലവെറി പ്രകടനം ഞെട്ടിക്കുന്നതാണ്. അടുത്തകാലത്ത് നല്ല കഥാപാത്രങ്ങൾ കുറഞ്ഞുപോയ, ബിജുവിനും ശരിക്കും പുനർജന്മമാണ് ഈ ചിത്രം.

സിദ്ദീഖിന്റെ അഡ്വ. ഐപ് തോമസും ഇവർക്കൊപ്പം അടിച്ച് നിൽക്കുന്നുണ്ട്. തലൈവാസൽ വിജയിയുടെ കേണൽ ഫിലിപ്പ്, നിഷാന്ത് സാഗറിന്റെ നരി സുനി, ജഗദീഷിന്റെ സലാം, ദിനേശ് പണിക്കരുടേയും മഹേഷിന്റെയും ജഡ്ജ് തുടങ്ങി വലുതോ ചെറുതോ വേഷങ്ങളിൽ കടന്നുവരുന്നവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ക്യാമറയും ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗും സിനിമയ്ക്ക് ഒരുപടി മികവ് അധികം നൽകുന്നുണ്ട്. ജേക്‌സ് ബിജോയിയുടെ സംഗീതമാണ് ചിത്രത്തെ ഒരു പിടി മൂന്നോട്ട് ഉയർത്തുന്നത്.

ഈ ചിത്രത്തോടുള്ള ചില വിയോജിപ്പുകൾ നിയമപരവും ശാസ്ത്രീയവുമായ ചില കാര്യങ്ങളെക്കുറിച്ച് അത് പുലർത്തുന്ന അജ്്ഞതയാണ്. ശിക്ഷ വധിച്ച ഒരു കേസ് റീ ഓപ്പൺ ചെയ്യുക ഇത്ര എളുപ്പമാണോ എന്ന ചോദ്യമുണ്ട്. അതുപോലെ ബന്ധുക്കൾ ്തമ്മിലെ ഡിഎൻഎ സാമ്യം നോക്കി പ്രതിയെ കണ്ടെത്തുന്ന രീതിയും, എത്ര കണ്ട് ശാസ്ത്രീയമാണെന്ന് സംശയമുണ്ട്. പക്ഷേ സിനിമ എന്നാൽ മുഴവൻ ഫാക്റ്റ്‌വലി ശരിയാവണമെന്നില്ലല്ലോ. ഒരു എൻടെർടെയിനർ എന്ന നിലയിൽ നൂറു ശതമാവും പ്രേക്ഷകന്റെ കാശ് മുതലാവുന്ന ചിത്രം തന്നെയാണിത്.

വാൽക്കഷ്ണം: ഈ സിനിമക്ക് ഗുരുഡൻ എന്ന് പേരിട്ടത് എന്തിനാണെന്ന് ഏറ്റവും അവസാനമേ വ്യക്തമാവൂ. കേരളപൊലീസിന്റെ നിരീക്ഷണ സർവലൈൻസ് സംവിധാനമായ ഗുരുഡന് ട്രിബ്യൂട്ടുമായാണ് ചിത്രം അവസാനിക്കുന്നത്. പക്ഷികളുടെ രാജാവും ഭൂമിയിലെ സകല കാഴ്ചകളുടേയും സാക്ഷിയുമാണ് ഗരുഡൻ. എല്ലാമറിയുന്ന ദൈവത്തിന്റെ കണ്ണാണ് ഗരുഡൻ എന്ന പുരാണവാക്യം ആധുനിക ടെക്ക്നോളജിയുമായി ചേർത്ത് സാധുകരിച്ചാണ് സിനിമ അവസാനിക്കുന്നത്.