തിരുവനന്തപുരം: ഒരു നടന്‍ എന്ന നിലയില്‍ നജീബ് എന്ന വേഷം ശരിക്കും വെല്ലുവിളിയായിരുന്നുവെന്ന് 'ആടുജീവിതം' സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൃഥ്വിരാജ് സുകുമാരന്‍. എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ട്. ആടുജീവിതത്തിന്റെ കാര്യത്തില്‍ അത് വളരെ വലുതാണ്. ശരിക്കും ബ്ലെസി എന്ന സംവിധായകന് അവാര്‍ഡ് ലഭിച്ചതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

ചിത്രം തീയറ്ററില്‍ എത്തിയത് മുതല്‍ ഇതിനെ സ്‌നേഹിക്കുന്ന എല്ലാ പ്രേക്ഷകരോടും നന്ദിയുണ്ട്. . 2008 കാലത്ത് ഈ ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്ന കാലത്ത് അസാധ്യം എന്ന് പറഞ്ഞിരുന്നു പലരും. എന്നാല്‍ അത് വെല്ലുവിളിയായി എടുത്ത് 16 കൊല്ലം ഇതിനായി മാറ്റിവച്ച ബ്ലെസി ചേട്ടനാണ് ഇതിന്റെ ഒരു ഉത്തരവാദി. ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഇത് ഞങ്ങളുടെ ചിത്രമാണ് എന്ന് ബോധ്യത്തിലാണ് ഇതിന് പിന്നില്‍ പണിയെടുത്തത്. എന്റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. എല്ലാത്തിനും അപ്പുറം ഞാന്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞത് പോലെ നജീബ് എന്ന വ്യക്തി അനുഭവിച്ച അനുഭവമാണ് ഇതിലെക്ക് എല്ലാം നയിച്ചത് എന്ന് അറിയാം.

നമ്മള്‍ പ്ലാന്‍ ചെയ്തത് പോലെ ഷൂട്ട് കഴിഞ്ഞു. സാധാരണ സ്റ്റാര്‍ട്ട് കട്ട് എന്ന രീതിയില്‍ ചിത്രീകരിച്ച ചിത്രമല്ല ആടുജീവിതം. അതിനാല്‍ തന്നെ അതിന് പിന്നിലുള്ള പരിശ്രമം വിജയിക്കുന്നത് വലിയ കാര്യമാണ്. ഇതിന് ലഭിക്കുന്ന ഒരോ പുരസ്‌കാരത്തിന്റെയും വലിയൊരു പങ്ക് ബ്ലെസി ചേട്ടന് അവകാശപ്പെട്ടതാണ്. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ 16 വര്‍ഷമാണ് സിംഗിള്‍ ഫോക്കസ്ഡായി ഈ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

ഹാട്രിക് പുരസ്‌കാരത്തിളക്കം

2006ല്‍ 'വാസ്തവം' എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് വീണ്ടും ഇതേ അംഗീകാരം ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ആടുജീവിതത്തിലെ സമാനതകളില്ലാത്ത അഭിനയത്തികവിന് മൂന്നാം തവണയും സംസ്ഥാനബഹുമതി സ്വന്തമാക്കുകയാണ് അദ്ദേഹം.

2002 ല്‍ നന്ദനം എന്ന രഞ്ജിത്ത് സിനിമയിലൂടെ പൃഥ്വിരാജ് സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. സിനിമയുടെ വിപണനവിജയവും നല്ല സിനിമ എന്ന അഭിപ്രായവും അതോടൊപ്പം നവ്യാ നായരുടെ ഉജ്ജ്വല അഭിനയവുമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും ആ സിനിമ നവ്യയ്ക്ക് നേടിക്കൊടുക്കുകയുണ്ടായി.

ഒരു വിജയമൊക്കെ ആര്‍ക്കും സാധിക്കും എന്ന തരത്തില്‍ അഭിപ്രായം ഉയരവെ സംവിധായകന്‍ വിനയനാണ് പൃഥ്വിക്ക് ഒരു കൈ കൊടുത്തത്. സത്യം തുടങ്ങിയ ആക്ഷന്‍ പാക്ക്ഡ് സിനിമകളില്‍ പോലും പൃഥ്വിയെ നായകനായി പരീക്ഷിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടി. ഈ സിനിമകളൊക്കെ തെറ്റില്ലാത്ത വിജയം നേടിയെങ്കിലും പൃഥ്വിരാജ് എന്ന മോസ്റ്റ് വാണ്ടഡ് ആക്ടറിലേക്ക് പിന്നെയും ഒരുപാട് ദൂരം ബാക്കി നിന്നു.

ക്ലാസ്മേറ്റസ് പൃഥ്വിയിലെ അഭിനേതാവിന് പക്വമായ മുഖം സമ്മാനിച്ച സിനിമയായിരുന്നു. അതിലെ വിദ്യാര്‍ത്ഥി നേതാവിന്റെ ശരീരഭാഷയും മറ്റും അതുവരെയുളള പെര്‍ഫോമന്‍സില്‍ നിന്നും വേറിട്ടു നിന്നു. ആ ചിത്രം മെഗാഹിറ്റായതോടെ പൃഥ്വിയുടെ നാളുകള്‍ വരാനിരിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കപ്പെട്ടു. സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്ക് നയിച്ചത് പുതിയ മുഖം എന്ന ആക്ഷന്‍ ത്രില്ലര്‍ തന്നെയായിരുന്നു. സമാനതകളില്ലാത്ത വിപണനവിജയമാണ് ഈ സിനിമ നേടിയത്.

ക്ലാസ്മേറ്റ്സ് വന്‍ഹിറ്റായിരുന്നെങ്കിലും അതൊരു കളക്ടീവ് എഫര്‍ട്ടായാണ് പരിഗണിക്കപ്പെട്ടത്. പൃഥ്വിയുടെ അക്കൗണ്ടിലേക്ക് പൂര്‍ണ്ണമായും ആ വിജയം രേഖപ്പെടുത്തപ്പെട്ടില്ല. ജയസൂര്യ, നരേന്‍, ഇന്ദ്രജിത്ത്, കാവ്യ എന്നിങ്ങനെ പല താരങ്ങളിലേക്ക് ചിതറിപ്പോയ വിജയം. എന്നാല്‍ പുതിയ മുഖം പൃഥ്വിയുടെ മാത്രം ക്രെഡിറ്റില്‍ എഴുതിചേര്‍ക്കപ്പെട്ടു. അനൗപചാരികമായ ഒരു വിവരം കൂടി ചേര്‍ത്തു വായിച്ചാല്‍ പുതിയ മുഖം അദ്ദേഹത്തെ സംബന്ധിച്ച് ഒരു ഇരട്ട വഴിത്തിരിവ് കൂടിയായിരുന്നു.

ഒന്ന് നടനെന്ന നിലയില്‍ വലിയ താരപദവിയിലേക്കുളള വളര്‍ച്ച. രണ്ട് സംവിധായകനാവുക എന്ന സ്വപ്നം മനസില്‍ സുക്ഷിച്ചിരുന്ന പൃഥ്വി മറ്റൊരു സംവിധായകനെ മുന്നില്‍ നിര്‍ത്തി സിനിമയുടെ എ ടു ഇസഡ് കാര്യങ്ങള്‍ സ്വയം പരീക്ഷിച്ച സിനിമ കൂടിയായിരുന്നു അതെന്നും പറയപ്പെടുന്നു. താരം എന്ന നിലയിലും ക്രിയേറ്റര്‍ എന്ന നിലയിലും വലിയ ദൂരം താണ്ടാന്‍ തനിക്ക് പ്രാപ്തിയുണ്ടെന്ന് പൃഥ്വിയെ സ്വയം ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു പുതിയ മുഖം.

ആ ബോധ്യം പ്രേക്ഷകര്‍ക്കും ഒപ്പം ഫിലിം ഇന്‍ഡസ്ട്രിക്കുമുണ്ടായി എന്നതാണ് വാസ്തവം. പൃഥ്വിരാജിനെ വച്ച് വലിയ ബജറ്റ് സിനിമകള്‍ പരീക്ഷിക്കാമെന്നും ഹെവി റോളുകള്‍ അദ്ദേഹത്തെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്നും ഷാജി കൈലാസിനെ പോലെ അന്നത്തെ വലിയ ഹിറ്റ് മേക്കേഴ്സിന് ഈ സിനിമ ധൈര്യം നല്‍കി. താന്തോന്നി പോലുളള സിനിമകള്‍ രൂപപ്പെടുന്നത് അങ്ങിനെയാണ്. നടന്‍ എന്ന നിലയില്‍ പൃഥ്വിയുടെ സിദ്ധികള്‍ പരമാവധി ഊറ്റിപ്പിഴിഞ്ഞെടുത്ത രണ്ട് സിനിമകളായിരുന്നു സെല്ലുലോയിഡും അയാളും ഞാനും തമ്മില്‍ എന്നിവ. ആടുജീവിതം അതിന്റെ പരമകാഷ്ഠയില്‍ എത്തി.

സംവിധായകന്‍ എന്ന നിലയിലെ ആദ്യസംരംഭമായ ലൂസിഫര്‍ മഹത്തരമായ സിനിമയൊന്നുമായിരുന്നില്ല. പക്കാ മാസ് മസാല. എന്നാല്‍ സിനിമ അറിയുന്നവര്‍ ലൂസിഫര്‍ കണ്ട് പൃഥ്വിയെ മനസാ നമിച്ചു. കാരണം ജോഷിയും പ്രിയദര്‍ശനും ഷാജി കൈലാസും അടക്കമുളള അതികായന്‍മാര്‍ നിരവധി പടങ്ങള്‍ ചെയ്ത് വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച സാങ്കേതികത്തികവും സംവിധാന മികവും കന്നിചിത്രത്തില്‍ തന്നെ പൃഥ്വിരാജ് പ്രകടിപ്പിച്ചു. നല്ല കൈത്തഴക്കമുളള പതം വന്ന ഒരു സംവിധായകന്റെ ചിത്രം എന്ന പ്രതീതി ജനിപ്പിച്ചു ലൂസിഫര്‍. ബോക്സ് ആഫീസില്‍ വന്‍ഹിറ്റായി മാറിയ ലൂസിഫറിന് പിന്നാലെ വന്ന ബ്രോ ഡാഡിയും മികച്ച വിജയം നേടി. ആക്ഷന്‍ ഓറിയന്റഡ് മെഗാ സിനിമകള്‍ മാത്രമല്ല ഹ്യുമര്‍ ബേസുളള ഫാമിലി എന്റര്‍ടൈനറുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരുക്കുകയാണ് ഈ സംവിധായകന്‍. ഇത് മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണെന്ന് പറയപ്പെടുന്നു. സിനിമയോടുളള സമര്‍പ്പണമാണ് രാജുവിന്റെ ഏറ്റവും വലിയ മികവായി വിലയിരുത്തപ്പെടുന്നത്. ദിവസങ്ങള്‍ക്ക് ലക്ഷങ്ങളുടെ മൂല്യമുളള നടനാണ് അദ്ദേഹം. ഒരു വര്‍ഷം തുടര്‍ച്ചയായി അഭിനയിച്ചാല്‍ കോടാനുകോടികള്‍ പോക്കറ്റിലേക്ക് പോരും. ആ സിനിമകള്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് വഴി നിര്‍മ്മിച്ചാല്‍ അതിന്റെ പത്തിരട്ടി കയ്യില്‍ വരും. ഈ സാധ്യതകളെല്ലാം മാറ്റി വച്ചാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യാനായി എത്രയോ അധികസമയം നീക്കി വച്ചത്.

പൃഥ്വി ഇതേ സമീപനമാണ് ആടുജീവിതം എന്ന സിനിമയിലും സ്വീകരിച്ചത്. എത്രയോ പടങ്ങള്‍ ചെയ്യാനുളള സമയം അദ്ദേഹം ഒറ്റ സിനിമയ്ക്കായി നീക്കിവച്ചു. ശാരീരികമായും മാനസികമായും ഒരുപാട് യാതനകള്‍ സഹിച്ചു. പലപ്പോഴും ശരീരം മെലിയാനായി പട്ടിണി കിടന്നു. ഈ കഷ്ടപ്പാടുകള്‍ക്ക് ലഭിച്ച പ്രതിഫലമായിരുന്നു ആടുജീവിതത്തിന്റെ വിപണനവിജയം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരം അദ്ദേഹത്തെ സംബന്ധിച്ച് ഒരു അധികനേട്ടമാണ്. അതിലുപരി നടന്‍ എന്ന നിലയിലെ സമാനതകളില്ലാത്ത പ്രകടനത്തിന് ലഭിച്ച ബഹുമതിയും.