കോഴിക്കോട്: കേരളം വേനൽച്ചൂടിൽ വെന്തുരുകുന്ന ഈ സമയത്ത്, ഡോക്ടമാരുടെ നിർദ്ദേശം എന്ന പേരിൽ വാട്സാപ്പിൽ ഒരു സന്ദേശം വൈറൽ ആവുകയാണ്. അന്തരീക്ഷത്തിലെ താപനില 40 നും 50 നും ഇടയിലേയ്ക്ക് ഉയരുമെന്നും അത് മറ്റൊരു താപതരംഗമായി അനുഭവപ്പെടുമെന്നും പറയുന്ന സന്ദേശത്തിൽ, ഒപ്പം അതിനെ പ്രതിരോധിക്കാൻ ആവശ്യമായ ഉപദേശങ്ങളും നൽകുന്നണ്ട്.

അന്തരീക്ഷത്തിലെ താപം 40 കഴിയുമ്പോൾ എപ്പോഴും റും ടെമ്പറേച്ചറിലുള്ള വെള്ളം കുടിക്കണമെന്നാണ് ഉപദേശം. അതുപോലും മെല്ലെ വേണമത്രേ. നമ്മുടെ ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ, താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുമ്പോൾ തണുത്ത വെള്ളം കുടിക്കരുതെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നുവെന്ന് മെസേജിൽ പറയുന്നു.

അതായത് 40 ഡിഗ്രിയാണ് ഇപ്പോൾ ചൂട് എങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളത്തിനും 40 ഡിഗ്രി ചൂടുവേണമെന്നാണ് പോസ്റ്റ് പറയുന്നത്. 50 ആയാൽ കുടിവെള്ളത്തിനും 50 ഡിഗ്രി ചൂട് വേണം. യാതൊരു കഥയില്ലാത്തതാണ് ഈ വാദങ്ങളെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവുമെങ്കിലും, നൂറുകണക്കിന് ഗ്രൂപ്പുകളിലാണ്, ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. ഇതിന് ഇത്രയും പ്രചാരം കിട്ടിയതോടെയാണ്, കപട വൈദ്യങ്ങൾക്കെതിരെ അശാസ്ത്രീയതക്ക് എതിരെയും പ്രതികരിക്കുന്ന, സംഘടനയായ ക്യാപ്സൂൾ കേരള ഈ വിഷയത്തിൽ ഇടപെടുന്നു. പോസ്റ്റ് പൂർണ്ണമായും അബദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

കഥയില്ലായ്മകളുടെ ഘോഷയാത്ര

ക്യാപ്സ്യൂൾ കേരളയുടെ പോസ്റ്റ് ഇങ്ങനെയാണ്. -'പ്രത്യേകിച്ച് ശാസ്ത്രം പഠിച്ചിട്ടില്ലാത്തവർക്ക് പോലും മനസ്സിലാകുന്ന ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കാം. മനുഷ്യർക്ക് ശരീരത്തിലെ ആന്തരിക താപം ഉദ്ദേശം 37 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനാകും. അതായത് ഹിമവർഷമുള്ള കാനഡ, കാശ്മീർ, ഷിംല, മുതലായ പ്രദേശങ്ങളിലും അതിതാപമുള്ള സഹാറയിലും നമ്മുടെ ശരീരതാപം 37 നെ ചുറ്റിപ്പറ്റി ആയിരിക്കും. പതിനായിരക്കണക്ക് വർഷങ്ങളായി അന്തരീക്ഷ താപത്തിൽ വലിയ വ്യത്യാസമുള്ള ഇടങ്ങൾ ലോകമെമ്പാടുമുണ്ട്; അവിടൊന്നും ആരോഗ്യപ്രശ്നങ്ങളും ഇല്ല.

വെള്ളം ചൂടായി കുടിച്ചാലും തണുത്തു കുടിച്ചാലും ശരീരാന്തർഭാഗത്തെ താപനില മാറ്റാനുള്ളത്ര വെള്ളം നാം കുടിക്കുന്നില്ലല്ലോ. മാത്രമല്ല, നമ്മുടെ രക്തചംക്രമണത്തിലേയ്ക്ക് താപമല്ല കടന്നുപോകുന്നത്. ആമാശയത്തിൽ എത്തുമ്പോൾ തന്നെ ചൂടുവെള്ളം കുറച്ചു തണുക്കുകയും, തണുത്തവെള്ളം അൽപ്പം ചൂടാകുകയും ചെയ്യും. ആമാശയത്തിലുള്ള ദ്രാവകം 37 ഡിഗ്രിയിൽ നിലനിർത്തിയിരിക്കുന്നു എന്നത് തന്നെ കാരണം.

ഇന്ത്യയിൽ 40 മുതൽ 50 ഡിഗ്രി വരെ താപമുള്ള അനേകം പ്രദേശങ്ങളുണ്ട്. അവിടൊന്നും രക്തക്കുഴലുകൾ പൊട്ടിയതായി റിപ്പോർട്ടില്ല. അങ്ങനെയുണ്ടാകുന്നില്ല. പലവിധ സൂര്യാഘാതങ്ങൾ ഉണ്ടാകാം; അതൊന്നും രക്തധമനികളുടെ പ്രശ്നവുമില്ല. മനുഷ്യർ ഉഷ്ണകാലത്ത് വെള്ളം മാത്രമല്ലല്ലോ കഴിക്കുക. ദ്രാവക, ഖര രൂപത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ടല്ലോ. ചൂട് വെള്ളം കുടിച്ചാൽ പ്രശ്നമുണ്ടാകുന്നവർക്ക് നല്ല ചൂടുള്ള ചോറും മീൻകറിയും സെയ്ഫ് ആണോ എന്നറിഞ്ഞാൽ കൊള്ളാം.ചൂടിൽ നിന്ന് വന്ന് കുളിച്ചവർക്കും സ്ട്രോക്ക് വന്നെന്നും മറ്റൊരു കഥ. തികച്ചും അസംഭവ്യമായ ഇത്തരം പ്രസ്താവനകളെ വിശ്വസിക്കേണ്ടതില്ല. പൊതുവായി പറഞ്ഞാൽ ഭീതിവ്യാപാരത്തിനുള്ള ഒരു ശ്രമം എന്നതിനപ്പുറം ഇതിൽ എന്തുണ്ട്?."- ഇങ്ങനെയാണ് കാപ്സ്യൂൾ കേരളയുടെ പോസ്റ്റ് അവസാനിക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി ജനകീയ ആരോഗ്യ പ്രവർത്തകരും പ്രതികരിക്കുന്നുണ്ട്. ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.