കുവൈത്ത് സിറ്റി : സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂതകാലം അയവിറക്കുമ്പോള്‍ ജാതി-മത ഭേദങ്ങള്‍ക്കതീതമായ ഒത്തൊരുമയുടെയും ചെറുത്തു നില്‍പിന്റെയും സുന്ദര സ്മരണകള്‍ ദര്‍ശിക്കാന്‍ നമുക്ക് സാധിക്കുമെന്ന് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിഖഈയിലെ കുവൈത്ത് ഔക്കാഫ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഐ.ഐ.സി കൌണ്‍സില്‍ കോണ്‍ഗ്ലാവ് വിശദീകരിച്ചു.

കേവലമൊരു ആവേശമോ അധികാരമോഹമോ ആയിരുന്നില്ല ഇതിന് ചാലകമായി വര്‍ത്തിച്ചത് എന്നും, ഇസ്ലാമിക വിശ്വാസസംഹിതയുടെയും കര്‍മാഹ്വാനങ്ങളുടെയും ഉറച്ച പിന്തുണയായിരുന്നു അതിന് പിന്നിലെ ചേതോവികാരമെന്നും ചരിത്രമെടുത്ത് പഠിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. അതിനാലാണ് ധാരാളം മുസ്ലിം നാമങ്ങള്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നത്.

അന്ധമായ ദേശീയതയോ അകാരണമായ അന്യരാജ്യ വിരോധമോ അല്ല പ്രമാണങ്ങള്‍ പഠിപ്പിച്ച സ്വാതന്ത്ര്യ നീതിബോധവും മര്‍ദിത സമൂഹത്തോടുള്ള അനുകമ്പയും കറകളഞ്ഞ ദേശസ്നേഹവുമായിരുന്നു മുസ്ലിംകളുടെ പോരാട്ടവീര്യത്തിന്റെ പ്രേരകം. ഏകത്വം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയെല്ലാം തൗഹീദിന്റെ പ്രായോഗിക ആശയങ്ങളാണ്. തൗഹീദിന്റെ തത്ത്വങ്ങളില്‍ ഉറച്ച് നില്‍ക്കുകയും സുഖ ദുഃഖങ്ങളെ ഒരേ പോലെ നേരിടാനുള്ള അചഞ്ചലത നാം ആര്‍ജിക്കുകയും ചെയ്തുവെന്ന് ഐ.ഐ.സി സംഗമം വ്യക്തമാക്കി.

മതേതര ഇന്ത്യയിലെ മുസ്ലിം സ്വാധീനവും, ചരിത്രവും ഭാവിയും എന്ന വിഷയത്തില്‍ പി.വി. അബ്ദുല്‍ വഹാബും ഇ്സ്ലാഹ് സമകാലിക വായന എന്ന വിഷയത്തില്‍ അബ്ദുന്നാസര്‍ മുട്ടിലും സംസാരിച്ചു.സംഗമത്തില്‍ ഐ.ഐ.സി വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് പേക്കാടന്‍ അധ്യക്ഷത വഹിച്ചു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന്‍ മാങ്കാവ് സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി നന്ദിയും പറഞ്ഞു. അബൂബക്കര്‍ ഖിറാഅത്ത് നടത്തി.