'കുടു കുടെ വരും രുധിരപൂരത്തെ, ചുടു ചുടെ കുടിച്ചലറിച്ചാടിയും'! ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോരകുടിക്കുന്ന ഭീമസേനനെ, സാക്ഷാല്‍ എഴുത്തഛന്‍ വര്‍ണ്ണിക്കുന്ന ഒരു ഭാഗമുണ്ട്, മഹാഭാരതം കിളിപ്പാട്ടില്‍. വാക്കുകള്‍ കൊണ്ട് ഒരുക്കുന്ന ഭീകരസൗന്ദര്യം എന്നേ പറയാന്‍ കഴിയൂ. ഈ സീന്‍ ഇപ്പോള്‍ ഹിറ്റായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന 'കില്‍' എന്ന ഹിന്ദി സിനിമയുടെ സംവിധായകന്‍, നിഖില്‍ നാഗേഷ് ഭട്ട് ചിത്രീകരിക്കുക എങ്ങനെയായിരുക്കും എന്ന് നോക്കാം. ഭീമസേനന്‍ നിര്‍ദയം ദുശ്ശാസനന്റെ നെഞ്ചിനിട്ട് ഖദകൊണ്ട് പ്രഹരിക്കയാണ്. അടിച്ച് ചമ്മന്തിയാക്കി, ഹൃദയവും, കുടലും പണ്ടവുമൊക്കെ പുറത്തിട്ട്, ലൈവായി അങ്ങോട്ട് ചോരകുടിക്കും!

ആര്‍ട്ടും സ്യൂഡോ ആര്‍ട്ടും തമ്മിലുള്ള വ്യത്യാസമിതാണ്. വയലന്‍സിനെപ്പോലും ആര്‍ട്ടിസ്റ്റിക്കായി ചിത്രീകരിക്കുന്നതാണ് കല. പസോളിനിതൊട്ട് നമ്മുടെ കിംകിഡുക്ക് വരെയുള്ള, നിരവധി മാസ്റ്റേഴ്സിന്റെ അതിഭീകര ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലിലുടെയടക്കം നാം കണ്ടതാണ്. ഇപ്പോള്‍ അതിലും ഭീകരമായ അഡ്രിനാനില്‍ റഷ് സിനിമകള്‍, കൊറിയന്‍ വെബ്സീരീസില്‍ കാണുന്നുണ്ട്. പക്ഷേ അവര്‍ ഒക്കെ കൃത്യമായ ഒരു ലോജിക്കിന്റെ അടിസ്ഥാനത്തിലാണ് വയലന്‍സിന്റെ ഭീകരതയുണ്ടാക്കുന്നത്. എന്നാല്‍ ഏറെ ഘോഷിക്കപ്പെട്ട കില്‍ എന്ന സിനിമയില്‍ കലയില്ല. തല അടിച്ചടിച്ച് പൊളിച്ച് കൊല്ലുന്നതും, അണ്ണാക്കിലേക്ക് കത്തി കയറ്റികൊല്ലുന്നതും, വാരിയല്ല് തകര്‍ത്ത് കൊല്ലുന്നതും, വായില്‍ തീ കൊടുത്ത് കൊല്ലുന്നതുമായുള്ള വിവിധതരം വധങ്ങള്‍! എം കൃഷ്ണന്‍ നായര്‍ എഴുതാറുള്ളതുപോലെ, ജുഗുപ്സാവഹമായ ചലച്ചിത്ര ആഭാസം എന്നേ ഈ ചിത്രത്തിനെക്കുറിച്ച് പറയാന്‍ കഴിയു.

എറ്റവും പേടിപ്പെടത്തുന്നത്് ഈ വയലന്‍സ് കണ്ട് കൈയിടക്കുന്ന യുവ തലമുറയാണ്. എ സര്‍ട്ടിഫിക്കേറ്റുള്ള ഈ പടത്തിലെ 'സൈക്കോ ഴോണര്‍' ഒരുപാട് പേര്‍ക്ക് ഇഷടപ്പെടുന്നുവെന്ന് ചുരുക്കം. സത്യത്തില്‍ അക്രമവാസന വളര്‍ത്തുന്നുവെന്നതിന്റെ പേരില്‍ നിരോധനം ആവശ്യപ്പെടാവുന്ന സിനിമ തന്നെയാണിത്. വിശാലമായ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പുറത്ത് നമുക്ക് അത് അനുവദിച്ച് കൊടുക്കാവുന്നതേയുള്ളൂ. പക്ഷേ ഇവിടെ പ്രശ്നം, ഒരേസമയം കൊമേര്‍ഷ്യല്‍ ചിത്രമായും, ആര്‍ട്ട് ഹൗസ് ചിത്രമായും നിരൂപകര്‍ ഈ ചിത്രത്തെ എന്തോ ഭയങ്കര സംഭവമായി പൊക്കിയടിക്കുന്നതാണ്. അറപ്പും വെറുപ്പും തോന്നിക്കുന്ന, യുക്തിബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ചിത്രമായാണ് ഈ ലേഖകന് ചിത്രം തോന്നിയത്.

ആദ്യപകുതി പുര്‍ണ്ണ പരാജയമാണ്. രണ്ടാം പകുതിയില്‍ എന്‍ഗേജിങ്ങും ത്രില്ലുങ്ങുമായ ഒരുപാട് രംഗങ്ങള്‍ ഉണ്ടെങ്കിലും ടോട്ടാലിറ്റിയില്‍ ചിത്രം പരാജയമാണ്. പക്ഷേ എന്നിട്ടും തീയേറ്ററില്‍ വലിയ തിരക്കയാണ്. ചിത്രം ഹിറ്റാവുകയാണ്. ഹാസ്യം ആസ്വദിക്കാനും, പ്രണയം ആസ്വദിക്കാനും, സ്റ്റണ്ട് കാണാനും, സെക്സ് ആസ്വദിക്കാനുമൊക്കെ തീയേറ്ററില്‍ കയറുന്ന ജനത്തെ നാം കണ്ടിട്ടുണ്ട്. പക്ഷേ വയലന്‍സ് ആസ്വദിക്കാനായി തീയേറ്ററില്‍ എത്തുന്ന ഒരു വിഭാഗത്തെ ആദ്യമായി കാണുകയാണ്!

ഒരു ട്രെയിന്‍ കൊള്ളയുടെ കഥ

കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത എന്നിവരുടെ ധര്‍മ പ്രൊഡക്ഷന്‍സ്, ഗസിഖ്യ എന്റര്‍ടെയിന്‍മെന്റ്സുമായി ചേര്‍ന്നാണ് കില്‍ നിര്‍മിച്ചിരിക്കുന്നത്. നിഖില്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ അമൃത് എന്ന കേന്ദ്ര കഥാപാത്രത്തെ പുതുമുഖ താരം ലക്ഷ്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാഘവ് ജുയല്‍, താന്യ മാണിക്തല, അഭിഷേക് ചൗഹന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. അടുത്തകാലത്ത് താന്‍ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷന്‍ സിനിമകളിലൊന്നാണ് 'കില്‍' എന്ന് അഭിപ്രായപ്പെട്ടതും ആ സിനിമയുടെ ഹോളിവുഡ് റീമേക് റൈറ്റ്സ് മേടിച്ചതും ജോണ്‍ വിക്ക് എന്ന വിഖ്യാത ചിത്രത്തിന്റെ സൃഷ്ടാക്കളാണ്. ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് കില്‍ ആദ്യം പ്രീമിയര്‍ ചെയ്തത്. ഈ ഹൈപ്പുമായൊക്കെ സിനിമക്ക് കയറിയ ഈ ലേഖകന്‍ അന്തവും കുന്തുവമില്ലാത്ത വയലന്‍സ് കണ്ട് അമ്പരന്നുപോവുകയാണ്.

ഒരു തീവണ്ടിക്കൊള്ളയാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയിനിലാണ് സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്. അമൃത് എന്ന കമാന്‍ഡോയുടെ ട്രെയിന്‍ യാത്രയില്‍ നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പക്കാ ബോളിവുഡ് മസാല പടങ്ങളുടെ പതിവ് ചേരുവയില്‍ തന്നെയാണ് ചിത്രത്തിന്റെ തുടക്കം. കമാന്‍ഡോയുടെ കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ് അവര്‍ ഒരു ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്നു. അതില്‍ ഒപ്പം കയറിയ നമ്മുടെ കമാന്‍ഡോ അമൃതിന്, കാമുകിയെ കടത്തിക്കൊണ്ടുപോവുക എന്നതാണ് ലക്ഷ്യം. പക്ഷേ അതിനുമുമ്പ് തീവണ്ടിക്കൊള്ളക്കാര്‍, യാത്രക്കാരെ ബന്ദികളാക്കുന്നു. പിന്നെ അങ്ങോട്ട് ചോരക്കളിയാണ്.

ത്രില്ലല്ല, കേവലമായ അറപ്പും വെറുപ്പുമാണ് ഈ ലേഖകനില്‍ ചിത്രം ഉണ്ടാക്കിയത്. ഒരു പടത്തില്‍ മലം വാരിത്തിന്നുന്ന ഒരു സീന്‍ ലൈവായി കാണിക്കുന്നുവെന്നിരിക്കട്ടെ. അത് കണ്ട് നമുക്ക് ഓക്കാനം വരും. അത് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരമായ രംഗങ്ങളുള്ള സിനിമ എന്ന് പരസ്യം ചെയ്യുന്നുപോലെയാണ് ഈ പടവും!

യുക്തിയില്ലാത്ത ചിത്രം

പക്ഷേ ചിത്രത്തിന്റെ ലോജിക്കില്ലായ്മ ട്രെയിന്‍ റോബറിയില്‍ തന്നെ തുടങ്ങുകയാണ്. വിദേശ സിനിമകള്‍ കാണുന്നവര്‍ക്ക് അറിയാം, എത്ര കൃത്യമയാണ് അവര്‍ കഥ പ്ലാന്‍ ചെയ്യുന്നത് എന്ന്്. ഇവിടെ അതിലളിതമായി നാല് മൊബൈല്‍ ജാമറുകള്‍ വെച്ചശേഷം നേരെ വണ്ടിയങ്ങോട്ട് കൊള്ളയിടിക്കയാണ്. മണിക്കൂറുകള്‍ നീണ്ടിട്ടും ട്രെയിന്‍ ഓടിക്കൊണ്ടിരിക്കയാണ്. പുറം ലോകം അറിയുന്നില്ല. അതില്‍ തന്നെ ശക്തായ യുക്തിരാഹിത്യമുണ്ട്. അത് നടക്കും, 90കളിലെ ചമ്പല്‍കൊള്ളക്കാരുടെ കാലത്തൊക്കെ. ഈ ആധുനികകാലത്തും ഇന്ത്യന്‍ റെയില്‍വേയെ ഒരു വെള്ളരിക്കാപ്പട്ടം പോലെയാണ് ചിത്രം ചിത്രീകരിക്കുന്നത്.

ഇനി ആശിഷ് വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ വരുന്ന മുപ്പതോളം കൊള്ള സംഘമാവട്ടെ വെറുതെ അങ്ങോട്ട് ആളുകളെ കുത്തിക്കൊന്ന് കൊലവിളി നടത്തുകയാണ്. ട്രെയിന്‍ ബാന്‍ഡിറ്റുകളുടെ ചരിത്രമൊന്നും, സംവിധായകന്‍ പഠിച്ചിട്ടില്ല എന്ന് തോന്നുന്നു. പരമാവധി കൊലകള്‍ ഒഴിവാക്കി, കൊള്ളയിലാണ് അവരുടെ ശ്രദ്ധ. അതിനിടയില്‍ തങ്ങളുടെ ജീവന് ഭീഷണിയാവുമ്പോള്‍ മാത്രമാണ് കൊല നടക്കുന്നത്. പക്ഷേ മുംബൈ ഭീകരാക്രണണം പോലെയുള്ള ഒരു ജിഹാദി ആക്രമണത്തിലും മറ്റും അതുപോലെയല്ല കാര്യങ്ങള്‍. കിട്ടിയ സമയത്ത് പരമാവധിപേരെ കൊന്നുതള്ളാനാണ് അവരുടെ ശ്രമം. ആ ഒരു പ്ളോട്ടായിരുന്നു ചിത്രത്തിന് കൂടുതല്‍ നല്ലത്.

പക്ഷേ ഇവിടെ മുഖ്യ യുവ വില്ലന്‍, നമ്മുടെ നായകന്‍ അമൃതിന്റെ കാമുകിയെ പ്രത്യേകിച്ച് ഒരു കാരണുവമില്ലാതെ, വയറ്റിനും കഴുത്തിനുമൊക്കെ കുത്തി, ചോരയില്‍ കുളിപ്പിച്ച് പുറത്തേക്ക് ചവിട്ടിത്തെറിപ്പികയാണ്. പിന്നെ നമ്മുടെ ആര്‍മി കമാന്‍ഡോയും സുഹൃത്തും വെറുതെയിരിക്കുമോ? അവര്‍ പ്രതികാരത്തിനിറങ്ങുന്നു. പിന്നങ്ങോട്ട് നായകന്റെ കൊലപാതക പരമ്പരകളാണ്. വില്ലന്‍മ്മമാരുടെ തല അടിച്ച് അടിച്ച് അടിച്ച് പൊളിച്ചും, അണ്ണാക്കില്‍ കത്തികേറ്റിയും, മുഖം കത്തിച്ചുമൊക്കെ അയാള്‍ അങ്ങോട്ട് പൂണ്ടുവിളയാടുകയാണ്.

ഇവിടെയുമുണ്ട് ലോജിക്കിന്റെ ഒരുപാട് പ്രശ്നങ്ങള്‍. മൊത്തത്തിലെടുത്താല്‍ ഒരു പത്തുപന്ത്രണ്ട് തവണയെങ്കിലും, നമ്മുടെ നായകന് ഭീകരമായി കുത്തേറ്റിട്ടുണ്ട്. എന്നിട്ടും അയാള്‍ക്ക് ഫൈറ്റ് ചെയ്യാന്‍ യാതൊരു പ്രശ്നവുമില്ല. തെലുഗ് താരം ബാലകൃഷ്ണ ഇതുചെയ്താല്‍ മലയാളികള്‍ ട്രോളും. ബ്ലേഡുകൊണ്ട് ഒരു ചെറിയ വരവരഞ്ഞാല്‍പോലും അതിന്റെ വേദന അറിയാം. ഇവിടെ നമ്മുടെ കമോന്‍ഡോ തലക്ക് ഭീകരമായി അടിയേറ്റിട്ടും, നെഞ്ചില്‍ കത്തി കുത്തിയറക്കപ്പെട്ടിട്ടും, അവിടെ നിന്ന് എണീറ്റുവന്ന് ഒരു യന്ത്രമനുഷ്യനെപ്പോലെ ഫൈറ്റ് തുടരുകയാണ്! നായകന്‍ സാധാരണ മനുഷ്യനല്ല, കമാന്‍ഡോയാണെന്ന് വെക്കാം. പക്ഷേ മനുഷ്യശരീരം എല്ലാ കമാന്‍ഡോകള്‍ക്കും ഒരുപോലെയല്ലേ.

ആശിഷ് വിദ്യാര്‍ത്ഥിയടക്കമുള്ള ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പ് പതിവില്‍നിന്ന് വിപരീതമായി, അവര്‍ക്കിടയിലെ ബന്ധങ്ങള്‍ നന്നായി സൂക്ഷിക്കുന്നവരാണ്. കൂട്ടത്തിലൊരുത്തന്‍ വീഴുമ്പോള്‍ അവരും കരയുന്നുണ്ട്. ഇതും പലപ്പോഴും ഓവറാണ്. എന്തും പ്രതീക്ഷിച്ചുതന്നെയാണ് ഇത്തരം ടീമുകള്‍ ഈ പണിക്കിടക്കുന്നത്. അപ്പോള്‍ അവിടെ 'അയ്യോ എന്റെ വല്യഛന്‍ പോയേ' എന്ന മോഡല്‍ നിലവിളിയൊക്കെ യുക്തി രഹിതമാണ്. പക്ഷേ ഒരു പരിധി കഴിയുമ്പോള്‍ വേട്ടക്കാര്‍ ഇരകളാവുന്നു. ആ ഭീതിയൊന്നും കൃത്യമായി എടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിലും എത്രേയോ നന്നായി ഇന്ദ്രന്‍സ് 'ഉടല്‍' എന്ന സിനിമയില്‍ ചെയ്തിട്ടുണ്ട്.

ചരുക്കിപ്പറഞ്ഞാല്‍ ഹൈവോള്‍ട്ടേജ് വയലന്‍സ് ഴോണര്‍ ഇഷ്ടപ്പെടുന്നവര്‍ മാത്രം ഈ സിനിമക്ക് കയറിയാല്‍ മതി. ലോജിക്കല്‍ തിങ്കിങ്ങിന്റെ ഫാക്കല്‍ട്ടികള്‍ അടച്ചുപൂട്ടി, സിനിമയെ വെറുമൊരു വിനോദ പാധിയായി മാത്രം കാണുന്നവര്‍ക്ക് ഈ പടത്തിന് കയറാം. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമുള്ള ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല.

വാല്‍ക്കഷ്ണം: പക്ഷേ കില്‍ എന്ന സിനിമക്ക് കേരളത്തിലെയും യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് കിട്ടുന്നത്. ചോരതെറിക്കുന്നത് കണ്ട് പോപ്കോണും കൊറിച്ച് കൈയടിക്കുന്ന യുവാക്കള്‍ സത്യത്തില്‍ ഈ ലേഖകനെ ഭയപ്പെടുത്തുന്നുണ്ട്! ക്രിമിനോളജിയും, സോഷ്യല്‍ സൈക്കോളജിയും പഠിക്കുന്നവര്‍ക്ക് ഒരു ബെസ്റ്റ് സ്പെസിമനാണ് ഈ സിനിമയും അതിന്റെ ഓഡിയന്‍സും.