ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നിലവിൽ നോട്ടുകൾ ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ല. നോട്ടുകളുടെ നിയമപ്രാബല്യം തുടരും. സെപ്റ്റംബർ 30 നകം 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കണം. ആളുകൾക്ക് നോട്ടുമാറിയെടുക്കുകയോ, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യാം. മെയ് 23 മുതൽ ആർബിഐയുടെ 19 പ്രാദേശിക ഓഫീസുകളിൽ 2000 രൂപയുടെ നോട്ട് സ്വീകരിച്ച് പകരം കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ വിതരണം ചെയ്യും.

2000 നോട്ടുകൾ വിതരണം ചെയ്യുന്നത് അടിയന്തരമായി നിർത്തി വയ്ക്കാൻ ആർബിഎ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ, 2000 നോട്ട് കൊണ്ടുവന്നതിന്റെ ലക്ഷ്യം സാധൂകരിച്ചതായി ആർബിഐ പറഞ്ഞു. 2018-19 ൽ തന്നെ 2000 നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു.

മെയ് 23 മുതൽ ഒരാൾക്ക് ഒറ്റത്തവണ 20000 രൂപ വരെ ബാങ്ക് ശാഖകളിൽ അക്കൗണ്ടുടമകൾക്ക് മാറ്റിയെടുക്കാം. സെപ്റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുകയോ, മാറ്റിയെടുക്കുകയോ ചെയ്യാം.

2000 ത്തിന്റെ നോട്ടുകളുടെ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് പുറത്തിറക്കിയവയാണ്. ഇവയുടെ കാലാവധിയായ അഞ്ചുവർഷം പൂർത്തിയാവുകയും ചെയ്തു. ഈ നോട്ട,് വിനിമയത്തിന് സാധാരണയായി അധികം ഉപയോഗിക്കുന്നുമില്ല. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല. 2013-14 ൽ സമാനമായ രീതിയിൽ ആർബിഐ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചിരുന്നു.

രാജ്യത്ത് 1000ത്തിന്റേയും 500ന്റേയും നോട്ടുകൾ ഇനി ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്, വളരെ അപ്രതീക്ഷിതമായി 2016 നവംബർ 8ന് രാത്രി എട്ട് മണിക്കായിരുന്നു. 2016 നവംബർ 10ന് 1000 ത്തിന് പകരം 2,000ത്തിന്റെ നോട്ട് റിസർവ് ബാങ്ക് ഇറക്കി. ജനങ്ങൾ വളരെ കൗതുകത്തോടെ ആണ് 2,000 രൂപയെ നോക്കി കണ്ടത്. പക്ഷേ ഇപ്പോൾ കുറച്ചു നാളുകളായി ഈ 2,000 രൂപയെ കാണാനില്ലായിരുന്നു.

ബാങ്കുകളിലും എടിഎമ്മിലും കിട്ടാനില്ലായിരുന്നു. എടിഎമ്മിൽ 2000 നോട്ട് വച്ചിരുന്ന ട്രേകൾ മാറ്റി പകരം 500ന്റെയും 100ന്റെയും നോട്ട് വയ്ക്കാവുന്ന ട്രേകളാക്കി. 2000 നോട്ടിന്റെ അച്ചടി തന്നെ റിസർവ് ബാങ്കിന്റെ കറൻസി പ്രസുകൾ നിർത്തലാക്കി. ഇതോടെ 2000ത്തിന്റെ നോട്ടുകളും നിർത്തലാക്കുന്നു എന്ന അഭ്യൂഹം പരന്നിരുന്നു. എന്തായാലും 2000 ത്തിന്റെ നോട്ടിനെ അധികം കാണാൻ കിട്ടാത്തതുകൊണ്ട് ജനങ്ങളെ പിൻവലിക്കൽ സാരമായി ബാധിക്കാനിടയില്ല.