കണ്ണൂർ: ഇടതു കൺവീനർ ഇപി ജയരാജന്റെ കുഞ്ഞനന്തൻ അനുകൂല പ്രസ്താവനകളിൽ കെകെ ശൈലജ കടുത്ത അതൃപ്തിയിൽ. വിചാരണ കോടതിയും ഹൈക്കോടതിയും ശിക്ഷിച്ച ടിപി കേസ് പ്രതികളെ ന്യായീകരിക്കുന്നത് വടകര തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് ശൈലജയുടെ നിലപാട്. ഇക്കാര്യം സിപിഎമ്മിലെ മുതിർന്ന നേതാക്കളെ ശൈലജ അറിയിച്ചു. വടകര ലോക്‌സഭയിൽ ജയിക്കാൻ വിവാദങ്ങളെ അകറ്റി നിർത്തണമെന്നതാണ് ശൈലജയുടെ പക്ഷം. ടിപി കേസ് പ്രതിയായ കുഞ്ഞനന്തനെ ന്യായീകരിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

കണ്ണൂരിൽ ശൈലജയെ നിർത്തിയത് തോൽപ്പിക്കാനാണെന്ന വാദം കോൺഗ്രസുകാർ സജീവമായി ഉയർത്തുന്നുണ്ട്. ഇതിനിടെയാണ് പിടി കേസിലെ വിവാദങ്ങൾ ഇപി പലരൂപത്തിൽ ചർച്ചയാക്കുന്നത്. കണ്ണൂരിൽ ഇപിയും ശൈലജയും സിപിഎം രാഷ്ട്രീയത്തിന്റെ വിരുദ്ധ ധ്രുവങ്ങളിലാണ്. ഇപിയുടെ നിയമസഭാ മണ്ഡലമായിരുന്നു മട്ടന്നൂർ. അവിടെ കഴിഞ്ഞ തവണ ശൈലജ മത്സരിച്ചു. റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. ഇത് ശൈലജയുടെ ജനകീയതയുടെ തെളിവായി പലരും വിലയിരുത്തി. ഈ ജനകീയത വോട്ടായി മാറുമെന്ന് പറഞ്ഞാണ് വടകരയിൽ ശൈലജയെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ ടിപി കേസിലെ ഹൈക്കോടതി വിധി കോൺഗ്രസ് ആയുധമാക്കുന്നു. ഇതിനിടെയാണ് കുറ്റവാളികളെ ന്യായീകരിച്ചുള്ള ഇപിയുടെ പ്രസ്താവനയും തലവേദനയായി ശൈലജാ ക്യാമ്പ് കാണുന്നത്.

ടിപി ചന്ദ്രശേഖരൻ കേസിൽ ഹൈക്കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ രംഗത്തു വന്നിരുന്നു. കോടതി വിധിയെത്തുടർന്ന് സിപിഎമ്മിനെ വേട്ടയാടാനാണ് ചിലർ ശ്രമിക്കുന്നതെന്നും പാർട്ടി കൊലപാതകത്തിൽ ഒരു പങ്കുമില്ല. കോടതി ശിക്ഷിച്ചതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകണമെന്നില്ല. അതിന് നിരവധി ഉദാഹരണങ്ങൾ മുന്നിലുണ്ടെന്നും ജയരാജൻ പറഞ്ഞു. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞന്തൻ ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ശ്രമിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അദ്ദേഹത്തെ പ്രതിയാക്കുകയായിരുന്നെന്നും ഇപി ജജയരാജൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പി മോഹനനെ വെറുതെ വിട്ടത് റദ്ദാക്കണമെന്ന കെകെ രമയുടെ ഹർജി തള്ളിയത് സിപിഎം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണെന്നും ജയരാജൻ പറയുന്നു.

എന്നാൽ സാധാരണ പ്രസ്താവനകൾ നടത്തുന്ന ജയരാജൻ ഈ വിഷയത്തിൽ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇട്ടതും ശൈലജയെ ഞെട്ടിച്ചിട്ടുണ്ട്. തന്റെ നിലപാടുകൾ തിരുത്തി പറയാൻ മറ്റൊരാളും പിന്നീട് നിർബന്ധിക്കാതിരിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ. ഏതായാലും വടകരയിൽ ഇതെല്ലാം ചർച്ചകളിൽ നിറയ്ക്കും. കണ്ണൂരിലും കോൺഗ്രസ് ടിപി വധം ചർച്ചയാക്കും. വടകരയിൽ കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ കണ്ണൂരിൽ സുധാകരൻ മത്സരിക്കും. ടിപി കേസിലെ ചർച്ച വയനാട്ടിലേക്കും കാസർകോട്ടേക്കും കോൺഗ്രസ് കൊണ്ടു പോകും. ഇത് വിജയം കണ്ടാൽ സിപിഎമ്മിന് വലിയ തിരിച്ചടി ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിലുണ്ടാകും.

ഇതുകൊണ്ടാണ് വിഷയം ഇപ്പോൾ തന്നെ സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽ ശൈലജ കൊണ്ടു വരുന്നത്. ടിപി കേസിൽ പരസ്യപ്രസ്താവനകൾ സിപിഎം നേതാക്കൾ ഒഴിവാക്കിയാൽ മാത്രമേ വടകരയിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയൂവെന്നാണ് ശൈലജ പറഞ്ഞുവയ്ക്കുന്നത്.

ഇപി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

'ടിപി ചന്ദ്രശേധരൻ വധക്കേസിൽ സമർപ്പിച്ച അപ്പീൽ ഹർജികളിൽ ഹൈക്കോടതി വിധി പുറത്ത് വന്നിരിക്കുന്നു. ഇത് വെച്ച് വീണ്ടും സിപിഐഎമ്മിനെ വേട്ടയാടാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഒരു കാര്യം ആവർത്തിച്ച് പറയാം. ഈ കൊലപാതകത്തിൽ സിപിഐഎമ്മിന് ഒരു പങ്കുമില്ല. അത് അന്നും ഇന്നും ആവർത്തിച്ച് പറയുന്നു. സിപിഐഎമ്മിനെയും സിപിഐഎം നേതാക്കളേയും പ്രവർത്തകരേയും അനുഭാവികളേയും വേട്ടയാടാനാണ് സംഭവം നടന്ന അന്ന് മുതൽ എതിരാളികൾ ശ്രമിച്ചത്.

നിരപരാധികളായ പലരേയും വേട്ടയാടി. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഏതൊരു പ്രതിക്കും സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ട്. അതിന് അപ്പീൽ നൽകുന്നതും കോടതികളുടെ തുടർ വിധികൾ ഉണ്ടാകുന്നതും സ്വാഭാവിക നടപടികളുമാണ്. ഈ കേസിൽ തന്നെ പ്രതികൾക്ക് ഇനിയും അപ്പീൽ നൽകാനുള്ള അവസരവുമുണ്ട്.

കോടതി ശിക്ഷിച്ചുവെന്നതുകൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകണമെന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഉദാഹരണമായി ഗുരുവായൂരിൽ ഒരു ആർഎസ്എസുകാരൻ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി നോക്കിയാൽ മതിയാകും. അഞ്ച് സിപിഐഎം പ്രവർത്തകരെയാണ് അന്ന് ശിക്ഷിച്ച് ജയിയിലിടച്ചത്. വർഷങ്ങൾക്ക് ശേഷം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഒരു പ്രതിയിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് ശിക്ഷിക്കപ്പെട്ട അഞ്ച് സിപിഐഎം പ്രവർത്തകർ നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മനസ്സിലായി.

ആ പ്രതി അന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ആ വിവരം കോടതിക്ക് മുമ്പാകെ റിപ്പോർട്ടായി സമർപ്പിക്കുകയും ചെയ്തു. ഒരു തീവ്രവാദ സംഘടന കൊലപാതകം നടത്തുകയും അത് സിപിഐഎം പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രീയ അന്വേഷണത്തിൽ വ്യക്തമായി. ഒടുവിൽ കോടതി സിപിഐഎം പ്രവർത്തകരെ നിരുപാധികം ജയിലിൽ നിന്ന് മോചിപ്പിച്ചു.

ഇതൊരു ഉദാഹരണമായി പറയുന്നുവെന്ന് മാത്രം. ഈ കേസിൽ തന്നെ ശിക്ഷിക്കപ്പെട്ട സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച പികെ കുഞ്ഞന്തൻ. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ശ്രമിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രതിയാക്കി. ഇങ്ങനെ ഈ കേസിൽ ഉൾപ്പെട്ടവരിൽ പലരും നിരപരാധികളാണ്. അവർക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും അവസരമുണ്ട്.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ചന്ദ്രശേഖരന്റെ ഭാര്യ രമ നൽകിയ ഹർജി തള്ളിയതും സിപിഐഎം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണ്.'