ഗുവാഹാട്ടി: വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി മുസ്ലിം നിയമസഭാ അംഗങ്ങള്‍ക്ക് അനുവദിച്ച രണ്ടുമണിക്കൂര്‍ ഇടവേള അവസാനിപ്പിച്ച് അസം സര്‍ക്കാര്‍. ഇനിമുതല്‍ വെള്ളിയാഴ്ചകളില്‍ എം.എല്‍.എമാര്‍ക്ക് രണ്ടുമണിക്കൂര്‍ ഇടവേളയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. ഇതിലൂടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ മറ്റൊരു ഭാണ്ഡക്കെട്ട് കൂടെ ഇറക്കിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ തീരുമാനത്തിന് സ്പീക്കര്‍ ബിശ്വജിത്ത് ദൈമരിക്കും എം.എല്‍.എമാര്‍ക്കും നന്ദി പറയുന്നുവെന്ന് ഹിമന്ത ശര്‍മ എക്സില്‍ കുറിച്ചു. രണ്ടുമണിക്കൂര്‍ ജുമാ ഇടവേള അവസാനിപ്പിച്ചതിലൂടെ, അസം നിയമസഭ ഉത്പാദനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തിന്റെ മറ്റൊരു ഭാണ്ഡക്കെട്ട് കൂടെ ഇറക്കിവെച്ചിരിക്കുന്നു. 1937-ല്‍ മുസ്ലിം ലീഗിന്റെ സയ്യിദ് സാദുല്ലയാണ് സമ്പ്രദായം തുടങ്ങിവെച്ചതെന്നും ഹിമന്ത ശര്‍മ കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇടവേള അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ബി.ജെ.പി. എം.എല്‍.എ ബിശ്വജിത്ത് ഫുകന്‍ പറഞ്ഞു. ലോക്സഭയിലോ രാജ്യസഭയിലോ മറ്റ് സംസ്ഥാന നിയമസഭകളിലോ ഇത്തരം ഇടവേളയില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിങ്കള്‍ മുതല്‍ വ്യാഴംവരെ അസം നിയമസഭ ആരംഭിക്കുന്നത് രാവിലെ 9.30-നാണ്. വെള്ളിയാഴ്ച ഒമ്പതു മണിക്ക് ആരംഭിച്ച് 12 മണിമുതല്‍ രണ്ടുമണിവരെ നിര്‍ത്തിവെക്കും. ഇനിമുതല്‍ വെള്ളിയാഴ്ചകളിലും 9.30-നാവും നിയമസഭ ആരംഭിക്കുകയെന്നും ബിശ്വജിത്ത് ഫുകന്‍ അറിയിച്ചു.

കഴിഞ്ഞദിവസം, മുസ്ലിം വിവാഹങ്ങളുടേയും വിവാഹമോചനങ്ങളുടേയും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി നിയമസഭ ബില്‍ പാസാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള കേരളത്തിലും ജമ്മു കശ്മീരിലും നിലവില്‍ തന്നെ ഈ നിയമമുണ്ടെന്ന് ബില്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.