മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. മാഹാവികാസ് അഘാടി സഖ്യത്തിലുള്‍പ്പെട്ട ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെ, എന്‍സിപി (എസ്.പി) നേതാവ് ശരദ് പവാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്.

ചപ്പല്‍ ജോഡോ മാരോ യാത്ര' എന്നപേരില്‍ ചെരിപ്പുകളുമേന്തി ഹുതാത്മ ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റിലെ ശിവജി പ്രതിമ വരെയായിരുന്നു പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിനു പേരാണ് സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല.

പ്രതിമ തകര്‍ന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ക്ഷമാപണം അദ്ദേഹത്തിന്റെ അഹങ്കാരത്തിനുമേല്‍ ലഭിച്ച പ്രഹരമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ അത് തള്ളിക്കളയുമെന്നും ഉദ്ധവ് താക്കറേ പറഞ്ഞു.

"പ്രധാനമന്ത്രിയുടെ ക്ഷമാപണത്തിലുള്ള ധിക്കാരം നിങ്ങള്‍ ശ്രദ്ധിച്ചില്ലേ? എന്തിനായിരുന്നു പ്രധാനമന്ത്രി ക്ഷമചോദിച്ചത്? എട്ടുമാസം മുന്‍പ് പ്രതിമ ഉദ്ഘാടനം ചെയ്തതിനോ? അതിന്റെ നിര്‍മാണത്തിലുള്ള അഴിമതിയുടെ പേരിലോ? ശിവജി പ്രതിമ തകര്‍ന്ന സംഭവം മഹാരാഷ്ട്രയുടെ ആത്മാവിനോടുള്ള അവഹേളനമാണ്. ശിവജിയെ അവഹേളിച്ചവരെ പരാജയപ്പെടുത്താന്‍ മഹാവികാസ് അഘാടി സഖ്യം ഒരുമിച്ച് പ്രവര്‍ത്തിക്കും" - ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കഴിഞ്ഞദിവസം നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ലെന്നും ഞങ്ങളുടെ ആരാധനാപാത്രമാണെന്നും മോദി പറഞ്ഞിരുന്നു. ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ജനങ്ങളോട് താന്‍ തലകുമ്പിട്ട് മാപ്പുചോദിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍, ഒരു വര്‍ഷം തികയും മുമ്പേ പ്രതിമ തകര്‍ന്നു വീഴുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകര്‍ന്നത്. പീഠത്തില്‍നിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.

പ്രതിമ തകര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയുടെ നിര്‍മാണത്തിനിടെയുണ്ടായ അഴിമതിയാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.