ഗുരുവായൂർ: ഗുരുവായൂരമ്പലത്തിൽ പത്ത് ദിവസത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രി എട്ടരയ്ക്കാണ് കൊടിയേറ്റ്. ഉത്സവച്ചടങ്ങുകൾ രാത്രി ഏഴിന് ആചാര്യവരണത്തോടെ തുടക്കമാകും. ആയിരം ചൈതന്യകലശങ്ങളും അതിവിശേഷ ബ്രഹ്‌മകലശവും ചൊവ്വാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. പത്തുദിവസത്തെ ഉത്സവത്തിന് ബുധനാഴ്ച രാത്രി എട്ടരയ്ക്ക് കൊടിയേറും. ഉച്ചതിരിഞ്ഞ് മൂന്നിന് മഞ്ജുളാൽത്തറയിൽനിന്ന് ആനയോട്ടം നടക്കും. രാവിലെ ആറരയ്ക്ക് ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി വിശേഷതയാണ്.

ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഇണവസ്ത്രം, പവിത്രമോതിരം, വെറ്റില, അടയ്ക്ക, പണം എന്നിവ പ്രധാനതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് നൽകി ഉത്സവ ആചാര്യനായി വരിക്കും. മുളയിടൽച്ചടങ്ങിനുശേഷം കൊടിമരച്ചുവട്ടിൽ കൊടിപൂജയുണ്ട്. സപ്തവർണപ്പട്ടുകൊടി ശ്രീലകത്തുകൊണ്ടുപോയി ദേവചൈതന്യം പകരും.

തന്ത്രി ഉത്സവക്കൊടി സ്വർണക്കൊടിമരത്തിൽ ഉയർത്തിക്കഴിഞ്ഞാൽ അത്താഴപ്പൂജയും ശ്രീഭൂതബലിയും കൊടിപ്പുറത്തുവിളക്കും നടക്കും. കലാപരിപാടികൾ കഥകളിയോടെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ തുടങ്ങും. നളചരിതം മൂന്നാം ദിവസം. കലാമണ്ഡലം ഗോപി ബാഹുകനായി വേഷമണിയും.

ചൊവ്വാഴ്ച 1000 കലശാഭിഷേകച്ചടങ്ങുകൾ ആറുമണിക്കൂറോളം നീണ്ടു. ആയിരം കലശവും ആടിയശേഷം ബ്രഹ്‌മകലശം കൂത്തമ്പലത്തിൽനിന്ന് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. പട്ടുകുടയ്ക്ക് കീഴെ ബ്രഹ്‌മകലശസ്വർണക്കുംഭം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയത്ത് സതീശൻ നമ്പൂതിരി വഹിച്ചു. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ മുന്നിലുണ്ടായിരുന്നു.

വേദമന്ത്രങ്ങൾ ഉരുവിട്ട് തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട് ബ്രഹ്‌മകലശം ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. പരിവാരദേവതകൾക്ക് സഹസ്രകലശതീർത്ഥം തളിച്ചതോടെ ചടങ്ങുകൾ സമാപിച്ചു. തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതിയംഗങ്ങളായ മനോജ് ബി. നായർ, സി. മനോജ്, അഡ്‌മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി.