മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരായിരുന്ന മഹേന്ദ്ര സിങ് ധോണിക്കും കപില്‍ ദേവിനും എതിരെ യോഗ്രാജ് സിങ് നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കിടെ പിതാവിനെക്കുറിച്ച് യുവരാജ് സിംഗ് മുമ്പ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. തന്റെ പിതാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് യുവരാജ് അഭിമുഖത്തില്‍ തുറന്നു പറയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. എന്റെ പിതാവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. പക്ഷെ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയാറാവില്ലെന്നായിരുന്നു യുവി അഭിമുഖത്തില്‍ യുവി പറഞ്ഞത്.

യുവരാജ് സിങ്ങിന്റെ കരിയര്‍ നേരത്തേ അവസാനിക്കാന്‍ കാരണം ധോണിയാണെന്നായിരുന്നു യോഗ്രാജിന്റെ ആരോപണം. കപില്‍ദേവിനേക്കാള്‍ കിരീടങ്ങള്‍ യുവരാജ് നേടിയിട്ടുണ്ടെന്നും ഇതു തന്റെ പ്രതികാരമാണെന്നും യോഗ്‌രാജ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

യോഗ്രാജ് സിംഗ് ഇന്നലെ സീ സ്വിച്ചിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. യുവരാജിനെപ്പോലെ മറ്റൊരു താരം ഇനി ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാവില്ലെന്നും ഇക്കാര്യം ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗുമെല്ലാം പറഞ്ഞിട്ടുള്ളതാണെന്നും വ്യക്തമാക്കിയ യോഗ്രാജ് സിംഗ് യുവരാജിന് രാജ്യം ഭാരത്രത്‌ന നല്‍കി ആദരിക്കണമെന്നും യോഗ്രാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിന്റെ മാനസിക നിലയേക്കുറിച്ച് കഴിഞ്ഞ വര്‍ഷം യുവരാജ് സിങ് നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പിതാവ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി യുവരാജ് ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചത്. യോഗ്രാജ് സിങ്ങിന്റെ വാക്കുകള്‍ വന്‍ വിവാദമായതോടെയാണ് യുവരാജിന്റെ പഴയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായത്. "പിതാവിന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അത് അംഗീകരിക്കാന്‍ തയാറാകുന്നില്ല. ഈ വിഷയം അദ്ദേഹം പരിഗണിക്കേണ്ടതാണ്." എന്നായിരുന്നു യുവരാജ് സിങ്ങിന്റെ വാക്കുകള്‍.

എം.എസ്. ധോണിക്ക് ഒരിക്കലും മാപ്പു നല്‍കില്ലെന്നായിരുന്നു യോഗ്‌രാജ് സിങ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്."ധോണി അദ്ദേഹത്തിന്റെ മുഖം കണ്ണാടിയില്‍ നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്റ് താരമാണ്. എന്നാല്‍ എന്താണ് എന്റെ മകനോട് ധോണി ചെയ്തത്? അത് ജീവിതത്തിലൊരിക്കലും മാപ്പു നല്‍കാന്‍ സാധിക്കാത്ത കാര്യമാണ്. ജീവിതത്തില്‍ ഞാന്‍ ചെയ്യാത്തതു രണ്ടു കാര്യങ്ങളാണ്. എന്നോടു മോശം കാര്യങ്ങള്‍ ചെയ്ത ആര്‍ക്കും ഞാന്‍ മാപ്പു നല്‍കില്ല. അവരെ ഒരിക്കലും ആലിംഗനം ചെയ്യാന്‍ പോകുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടാകില്ല." യോഗ്രാജ് സിങ് ഒരു അഭിമുഖത്തില്‍ തുറന്നടിച്ചു.

"ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കപില്‍ ദേവാണ്. ലോകമാകെ ശപിക്കുന്ന നിലയിലേക്കു നിങ്ങളെ എത്തിക്കുമെന്ന് ഞാന്‍ കപില്‍ ദേവിനോടു പറഞ്ഞിട്ടുണ്ട്. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്. നിങ്ങള്‍ക്ക് ഒരു ലോകകപ്പ് മാത്രമാണുള്ളത്. ചര്‍ച്ച അവസാനിച്ചു." യോഗ്‌രാജ് പ്രതികരിച്ചു. യുവരാജ് സിങ്ങിലൂടെ കപില്‍ ദേവിനെതിരെ പ്രതികാരം ചെയ്യുകയാണെന്നും യോഗ്‌രാജ് അവകാശപ്പെട്ടിരുന്നു.

ഇതാദ്യമയല്ല, യോഗ്രാജ് സിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി എത്തുന്നത്. ഇതേ അഭിമുഖത്തില്‍ മുന്‍ നായകന്‍ കപില്‍ ദേവിനെതിരെയും യോഗ്രാജ് സിംഗ് വിമര്‍ശനമുയര്‍ത്തിയിരുന്നു. കപില്‍ ദേവിന് തന്നോട് അസൂയ ആയിരുന്നുവെന്നും തനിക്ക് ഭീഷണിയാകുമോ എന്ന് ഭയന്നാണ് 1981ല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യോഗ്രാജ് സിംഗ് പറഞ്ഞു. കപിലിനെ ലോകം ശപിക്കുന്ന നിലയില്‍ അദ്ദേഹത്തെ എത്തിക്കുമെന്ന് ഞാനൊരിക്കല്‍ പറഞ്ഞിരുന്നു. ഇന്ന് എന്റെ മകന്‍ 13 പ്രധാന കിരീടങ്ങള്‍ നേടിയപ്പോള്‍ കപിലിന്റെ പേരിലുള്ളത് ഒരേയൊരു ലോകകപ്പാണെന്നും യോഗ്രാജ് സിംഗ് പറഞ്ഞു.

മുമ്പ് പലപ്പോഴും യോഗ്രാജ് സിംഗ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിട്ടുണ്ടെങ്കിലും ധോണി ഒരിക്കല്‍പോലും ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. 2019ലാണ് യുവരാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ധോണിയാകട്ടെ 2020ലും വിരമിച്ചു. വിരമിച്ചശേഷം ജൂനിയര്‍ താരങ്ങളുടെ മെന്ററായി പ്രവര്‍ത്തിക്കുകയാണ് യുവരാജ്. ധോണിയാകട്ടെ ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.