ഫറോക്ക്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി എക്സൈസ് പിടിയിലായി. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും സംഘവും പിടികൂടിയത്.

എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസിൽ വെച്ച് യുവതിയെ പിടികൂടിയത്. റിസോർട്ടുകളിൽ നിശാ പാർട്ടികൾ സംഘടിപ്പിച്ച് വിൽപന നടത്തുന്നതിനു ഗോവയിൽ നിന്നു എത്തിച്ച ലഹരിമരുന്നാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു ലഹരിമരുന്ന് വിൽപന നടക്കുന്നെന്ന വിവരത്തെത്തുടർന്ന് റേഞ്ച് ഇൻസ്‌പെക്ടർ കെ.സതീശന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിരുന്നു.

പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയിൽനിന്ന് പിടിച്ചെടുത്തത്. വിപണിയിൽ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സി. പ്രവീൺ ഐസക്ക്, വി.പി. അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. പ്രശാന്ത്, എം. റെജി, കെ.പി. ഷിംല, കെ.എസ്. ലത മോൾ, പി. സന്തോഷും പരിശോധനയിൽ പങ്കെടുത്തു.