-ന്യൂഡൽഹി: കോവിഡ് കാലത്തിന് ശേഷം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന വിദേശ കമ്പനികളുടെ എണ്ണം കൂടുകയാണ്. ചൈനയിൽ നിക്ഷേപ നടത്താൻ ആലോചിച്ച മിക്ക കമ്പനികളു ഇത്തരത്തിൽ പറിച്ചു നടലിന്റെ വഴിയിലാണ്. ഇക്കൂട്ടത്തിലേക്ക് ഒരു വമ്പൻ കമ്പനി കൂടി എത്തുകയാണ്. മൊബൈൽ നിർമ്മാണ യൂണിറ്റിനെ ചൈനയിൽ നിന്നും പിൻവലിച്ച് ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങുന്നത് മൊബൈൽ നിർമ്മാതാക്കളായ സാംസങ് ആണ്.

4825 കോടിയുടെ മൊബൈൽ ഫോൺ ഡിസ്‌പ്ലേ നിർമ്മാണ യൂണിറ്റാണ് കമ്പനി ഇന്ത്യയിലേക്ക് പറിച്ചു നടുന്നത്. ഉത്തർപ്രദേശ് സർക്കാർ ഇതിനായി കൂടുതൽ താൽപ്പര്യം എടുത്തതോടെ ഈ പ്രവർത്തനം വേഗത്തിലായിത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് പുതിയ നിർമ്മാണ യൂണിറ്റിനായി സാംസങ് പദ്ധതിയിടുന്നത്. അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ സാംസങ്ങിന് പ്രത്യേകം ഇളവുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഇത് ആദ്യമായിട്ടാണ് സാംസങ് ഇന്ത്യയിൽ ഇത്രയും വലിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. യുപി ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് പോളിസി 2017 പ്രകാരം ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് നികുതിയിൽ നിന്ന് ഒഴിവാക്കാനും യോഗി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഏകദേശം 250 കോടി രൂപയുടെ ഇളവുകൾ സാംസങ്ങിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശീയവർക്ക് കൂടുതൽ തൊഴിൽ അവസരം ലഭിക്കുമെന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

കേന്ദ്ര സർക്കാർ നയപ്രകാരം സാംസങ്ങിന് 460 കോടിയുടെ ഇളവുകളും ലഭിക്കും. പദ്ധതി ഉത്തർപ്രദേശിനെ കയറ്റുമതി രംഗത്ത് ആഗോള ശ്രദ്ധാ കേന്ദ്രമാക്കുമെന്നും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും കാരണമാകുമെന്നാണഅ വിലയിരുത്തുന്നത്. 2020 ഡിസംബറോടെ ചെന്നൈയിൽ നിന്നും ടിവി നിർമ്മാണ യൂണിറ്റ് തുടങ്ങുമെന്ന് സൗത്തുകൊറിയൻ കമ്പനി നേരത്തെ അറിയിച്ചിരുന്നു.

സൗത്തുകൊറിയ, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലാണ് മുഖ്യമായും സാംസങ്ങിന്റെ മൊബൈൽ ഫോൺ, ടിവി, ടാബ്ലെറ്റ്, വാച്ചുകൾ എന്നിവയുടെ ഡിസ്പ്ലേ നിർമ്മാണയൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഇതിലെ ചൈനയുടേതാണ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നത്. നിലവിൽ നോയിഡയിൽ തന്നെ സാംസങ്ങിന് ഒരു മൊബൈൽ നിർമ്മാണ യൂണിറ്റുണ്ട്. 2018ല് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതേസമയം സാംസങ്ങിനൊപ്പം ആപ്പിളിന്റെ പങ്കാളികളായ ഫോക്സ്‌കോൺ വിസ്ട്രോൺ പെഗാട്രോൺ എന്നിവയും ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായുള്ള പ്രാരംഭ നടപടികൾ നടന്നുവരികയാണ്.