മലപ്പുറം: 'രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണ്. മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ശബ്ദമാകാനാണ് ശ്രമം'. വേങ്ങരയിലെ തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ അനന്യ കുമാരി അലക്‌സ് എന്ന ഇരുപത്തിയെട്ടുകാരി തുറന്നുപറയുന്നു.

കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയാണ് അനന്യ. വേങ്ങര മണ്ഡലത്തിൽ ഇത്തവണ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായാണ് അനന്യ കുമാരി അലക്‌സ് മത്സരിക്കുന്നത്.

വമ്പന്മാരോടാണ് വേങ്ങരയിൽ മത്സരം. മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി, ഇടതു സ്ഥാനാർത്ഥി പി. ജിജി തുടങ്ങിയവർ മത്സരിക്കുന്ന മണ്ഡലം. എന്നാൽ ഫലം എന്താകുമെന്ന ആശങ്കയൊന്നും അനന്യയെ ബാധിക്കുന്നേയില്ല. പത്രിക സമർപ്പിച്ചതോടെ പുതിയൊരു ചരിത്രം പേരിൽ കുറിച്ച അനന്യ 'രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണെന്ന് തുറന്നു പറയുന്നു. ഇവിടത്തെ ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളെല്ലാം വളരെ സന്തോഷത്തിലാണ്' മേക്കപ്പ് ആർട്ടിസ്റ്റും വാർത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയും കൂടിയായ അനന്യ കുമാരി പറയുന്നു.

'എനിക്കെന്റെ സ്വന്തമായ അന്തസ്സുണ്ട്, മൂല്യങ്ങളുണ്ട്, രാഷ്ട്രീയമുണ്ട്. ഒരു വ്യക്തിക്ക് അവരായിരിക്കാനുള്ള രാഷ്ട്രീയമാണ് പ്രധാനം. പതിനെട്ടാം വയസ്സിൽ ഹോട്ടലിൽ പാത്രം കഴുകിയും ബാറിൽ മേശ തുടച്ചും ശുചിമുറി വൃത്തിയാക്കിയുമെല്ലാമാണു ജീവിച്ചത്. ഓട പണിക്കും പെട്രോൾ പമ്പിലും എന്നുവേണ്ട ഉപജീവനത്തിനായി ചെയ്യാത്ത ജോലികളും കുറവ്. ആ ജീവിതത്തിൽനിന്നാണ് മലയാളവും ഇംഗ്ലിഷും കന്നഡയും തമിഴും ഹിന്ദിയും ഒഴുക്കോടെ സംസാരിക്കുന്ന, മികച്ച വാഗ്മിയായ അനന്യ ഉണ്ടായത്. പക്ഷേ ഇന്നും എനിക്ക് ഞാനായി ജീവിക്കാൻ ഒരു പാട് പോരാടേണ്ടതുണ്ട്' അനന്യ പറയുന്നു.

മിക്ക ട്രാൻസ്‌ജെൻഡേഴ്‌സിനെയും പോലെ തിരസ്‌കാരത്തിന്റെയും അവഗണനയുടെയും ഒരു കാലം അനന്യയുടെയും ജീവിതത്തിലുണ്ടായിരുന്നു. ഇന്നു കാണുന്ന നേട്ടങ്ങളിലേക്കെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പ്ലസ് ടുവിൽ ഡ്രോപ് ഔട്ട് ആയി ബാംഗ്ലൂരിലേക്ക് പലായനം. അവിടെ വിശപ്പടക്കാൻ ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ട്, ആൾക്കൂട്ടത്തിൽനിന്നൊരാൾ മുഖത്തു തുപ്പിയിട്ടുണ്ട്, അടിച്ചിട്ടുണ്ട്. അവിടുന്നാണ് ഇന്നത്തെ അനന്യ ആയത്.

ട്രാൻസ്‌ജെൻഡർ സമൂഹത്തിലും മികച്ച നേതാക്കന്മാരും സംഘാടകരും പല കഴിവുകളുമുള്ളവരുണ്ട്. മറ്റെല്ലാവരെയും പോലെ ജീവിക്കാനും സമൂഹത്തെ നയിക്കാനും നേതാക്കന്മാരാകാനും ഞങ്ങൾക്കും കഴിയും. അതു തെളിയിക്കാനാണ് ശ്രമം. ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ സ്ത്രീ പുരുഷ സമത്വത്ത പറ്റി മാത്രമേ ആളുകൾക്കറിയൂ. ട്രാൻസ്‌ജെൻഡേഴ്‌സിനെ കുറിച്ചോ അവരുടെ അവകാശങ്ങളെ കുറിച്ചോ ആരും സംസാരിക്കുന്നില്ല. സ്ത്രീ പുരുഷട്രാൻസ്‌ജെൻഡർ സമത്വമാണ് വരേണ്ടതെന്നും അനന്യ പറഞ്ഞു.

ഒരു ട്രാൻസ്‌ജെൻഡർ ആയതുകൊണ്ടു മാത്രം ഇന്നും എത്രയെത്ര അവസരങ്ങളാണ് ഞങ്ങൾക്ക് നഷ്ടപ്പെടുന്നത്. ഇനി നല്ല വിദ്യാഭ്യാസം കിട്ടാതെ, സ്വന്തം സ്വത്വത്തിൽ ജീവിക്കാൻ പറ്റാതെ ആരും പാർശ്വവൽക്കപ്പെട്ടുപോകരുത്. ജയമോ തോൽവിയോ അല്ല, ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിക്കുകയാണു ലക്ഷ്യം. ആരും തിരിച്ചറിയാതെ ലോകത്തിന്റെ ഒരു കോണിൽ ജീവിച്ചുപോകാനല്ല, ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണം എനിക്ക്...' കനൽവഴികൾ താണ്ടിയെത്തിയതിന്റെ കരുത്ത് ജീവിതത്തിന്റെ കാഴ്ചപ്പാടുകളിൽ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നും അനന്യ പറയുന്നു.

കൊല്ലം പെരുമൺ സ്വദേശിനിയാണ് അനന്യ. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ വളർത്തുമകളും ട്രാൻസ്‌ജെൻഡർ സംഘടനയായ ദ്വയയുടെ സജീവ പ്രവർത്തകയുമാണ്. ലിംഗ നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള സമരങ്ങളുടെ മുൻനിരപ്പോരാളിയാണ് അനന്യ. സംസ്ഥാന ചലച്ചിത്രമേളയുടെ കൊച്ചി, തലശേരി വേദികളിൽ ഏറെ ശ്രദ്ധ നേടിയ അവതാരിക കൂടിയായിരുന്നു ഇവർ.

സ്ത്രീകൾക്കും ഇവിടെ തുല്യനീതി കിട്ടുന്നില്ല. ഒഴിവാക്കാനാകാത്ത സ്ത്രീകൾക്ക് മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയത്. ഇന്നും ട്രാൻസ്‌ജെൻഡർ എന്നാൽ എന്താണെന്ന ധാരണയില്ലാത്തവരുണ്ട്. വോട്ടുതേടിയുള്ള യാത്രയ്ക്കിടെ താനൊരു ട്രാൻസ്‌ജെൻഡറാണെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണെന്നും അങ്ങോട്ടുപറഞ്ഞാണ് വോട്ടുചോദ്യം. വേങ്ങരയിലെ ജനസമൂഹത്തോട് മാത്രമല്ല അനന്യ വോട്ട് തേടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ മനസാക്ഷിയോടു കൂടിയാണ്. കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് അവർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.