തിരുവനന്തപുരം: കേരളാ ക്രിക്കറ്റിലെ ഇതിഹാസമാണ് അനന്തപത്മനാഭൻ. നൂറിലേറെ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച മലയാളി. അനന്തന്റെ ലെഗ് സ്പിന്നിന് മുന്നിൽ ഇൻസാം ഉൾ ഹഖ് എന്ന പാക് ഇതിഹാസവും പതറിപോയിട്ടുണ്ട്. സെയ്ദ് അൻവറേയും വീഴ്‌ത്തി. അനിൽകുംബ്ലെയെന്ന ഇതിഹാസ താരത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രം ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാതെ പോയ മലയാളി. ഇന്ന് അമ്പയറാണ് അനന്തൻ. ഐപിഎല്ലിൽ പിഴയ്ക്കാത്ത തീരുമാനം എടുത്ത അമ്പയർ. ദുബായിൽ നിന്ന് മടങ്ങി എത്തിയ അനന്തൻ തന്റെ കായിക ജീവിതത്തെ കുറിച്ച് മറുനാടനുമായി സംവദിച്ചു.

കുംബ്ലയുടെ ട്രംപ് കാർഡായി മാറിയതും മുംബൈയിലെ ആ വിജയവുമെല്ലാം അനന്തന് ഇന്നും ത്രസിപ്പിക്കുന്ന ഓർമ്മകളാണ്. ഇട്ടി ചെറിയാനും ടി പി അജിത്തുമാണ് തന്റെ തുടക്കകാലത്ത് നിർണ്ണായകമായതെന്നും അനന്തൻ പറയുന്നു. സച്ചിൻ തെണ്ടുൽക്കർ എത്ര സിക്‌സർ അടിച്ചാലും കുഴപ്പമില്ല... ആ വിക്കറ്റ് കിട്ടിയിരുന്നുവെങ്കിൽ എന്ന് മോഹിച്ചു നടന്ന അനന്തനും ആഗ്രഹിച്ചത് ഇന്ത്യൻ ടീമിലെ ബർത്താണ്. പക്ഷേ നിർഭാഗ്യം അതുമാത്രം അനന്തന് അനുവദിച്ചില്ല.

അമ്പയറിംഗിലെ മികവിൽ ടെസ്റ്റ് മൈതാനത്ത് എത്താനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ; അമ്പയറിങ് അനുഭവത്തെ കുറിച്ചും കളിയിൽ നിന്ന് വിരമിച്ച ശേഷം അമ്പയർ ആയതിന് പിന്നിലെ പ്രതീക്ഷയും മറുനാടനോട് അനന്തൻ പങ്കുവച്ചു. ശ്രീശാന്തും താനുമായുള്ള ബന്ധവും രഞ്ജിയിൽ ഡബിൾ സെഞ്ച്വറി അടിച്ചതും ഓർമ്മകളിലെ സുവർണ്ണ നിമിഷമാണ്. വിക്കറ്റ് കീപ്പറാകാനെത്തി ലെഗ് സ്പിന്നറാവുകയായിരുന്നു താനെന്ന് അനന്തൻ പറയുന്നു.

അമ്പയറിങ് വെല്ലുവളികളെ കുറിച്ച് അനന്തൻ പറഞ്ഞത് ചുവടെ

എനിക്ക് കളിക്കുന്ന സമയത്തും ഫീൽഡിൽ വരണം. ഇന്റർനാഷണൽ ലെവലിൽ ഗ്രോത്ത് ഉണ്ടാകണം. കേരളത്തിൽ മാത്രം നിൽക്കരുത് എന്ന ആഗ്രഹം ഉണ്ടായിരുന്നു. കോച്ചായിരുന്നുവെങ്കിൽ കേരളത്തിൽ മാത്രമേ പരിശീലകനാകാൻ കഴിയുമായിരുന്നുള്ളൂ. മാച്ച് റഫറിയായാലും പ്രാദേശിക മത്സരങ്ങളിൽ മാത്രമേ നിയന്ത്രിക്കാൻ കഴിയുമായിരുന്നുള്ളൂ. മുകളിലേക്ക് പോകാനുള്ള സാധ്യത കുറവാണ്.

അമ്പയറായപ്പോൾ എനിക്ക് തോന്നി ഞാൻ കുറേ മാച്ച് കളിച്ചിട്ടുണ്ട്. ക്യാപ്ടനായിരുന്നു. എനിക്ക് റൂളുകളും നിയമങ്ങളും എല്ലാം അറിയാം. ഫിറ്റ്‌നസും. നോക്കണം. ഇതെല്ലാം നന്നായി വരുമെന്ന് മനസ്സിലാക്കി. ഇതിനൊപ്പം ഏറ്റവും അടുത്ത് നിന്ന് കാണാം. എനിക്ക് ഗ്രോത്തുണ്ടാകും. ഇതിനൊപ്പം ഇഷ്ടപ്പെട്ട കാര്യം അടുത്തു നിന്ന് കാണാം. കോച്ചായാൽ ടീം മോശമായാൽ അടുത്ത തവണ പരിശീലക സ്ഥാനം പോകും. പരിശീലകൻ എന്ന നിലയിൽ കളിക്കാർക്ക് പറഞ്ഞു കൊടുത്താലും അത് എക്‌സിക്യൂട്ട് ചെയ്യേണ്ടത് അവരാണ്. നമ്മുടെ കൈയിൽ ഒന്നുമില്ല.

ടീമിന് ലിമിറ്റേഷനുണ്ട്. അമ്പയറായപ്പോൾ എന്റെ കൈയിലായി കാര്യങ്ങൾ. ഞാൻ നന്നായി ചെയ്താൽ മുമ്പോട്ട് പോകാനാകും. കളി ആസ്വദിക്കാനാണ് അമ്പയറായത്. എന്നാൽ ഇന്ന് മത്സരം നിയന്ത്രിക്കുമ്പോൾ വികാരങ്ങൾ ഒന്നുമില്ല. സഞ്ജുവാണോ കോലിയാണോ ബാറ്റ് ചെയ്യുന്നത് എന്നൊന്നും ഇപ്പോൾ എന്റെ മുമ്പിൽ വരില്ല. ഒരു കളിയും ഒന്നും എൻജോയ്‌മെന്റ് ഇല്ല. ഇമോഷൻസുമില്ല. ഒരു താരവുമായി അറ്റാച്ചുമെന്റും ഇല്ല. ബോൾ എവിടെ കുത്തി അത് എവിടെ പോകുന്നുവെന്ന് മാത്രമാണ് ഇപ്പോൾ നോക്കുന്നത്.

അമ്പയർ ആയ ആദ്യ കുറച്ചു കാലം കവർ ഡ്രൈവും പന്തിന്റെ ടേണും നോക്കുമായിരുന്നു. അതല്ല അമ്പയർ എന്ന് മനസ്സിലാക്കാൻ നാലു കൊല്ലം എടുത്തു. ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറില്ല. അതെല്ലാം കോച്ചാണ് ശ്രദ്ധിക്കേണ്ടത്. അമ്പയറിംഗിൽ തീരുമാനങ്ങൾ തെറ്റാകാതിരിക്കാൻ പരീശീലനം നടത്തുമെന്നും അനന്തൻ പറഞ്ഞു. അന്താരാഷ്ട്ര ടെസറ്റ് മത്സരം ഉടൻ നിയന്ത്രിക്കാനാകുമെന്നും അനന്തപത്മനാഭൻ പ്രതീക്ഷ പ്രകടിപ്പിച്ചു.