കൊച്ചി: അനന്യ കുമാരി അലക്സ്-കേരള നിയമസഭയിലേക്ക് മൽസരിക്കാൻ ആഗ്രഹിച്ച ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ അനന്യകുമാരി അലക്സ് അഞ്ച് ദിവസം മുമ്പ് ജീവിതത്തിൽ നേരിട്ട കൊടിയ അനീതിയുടെ കഥ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അനന്യയുടെ തൂങ്ങി മരണവും. ദൂരൂഹതകൾ അതുകൊണ്ട് തന്നെ സ്വാഭാവികമാണ്.

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ആർ.ജെയും കേരള നിയമസഭയിലേക്ക് മത്സരിക്കാൻ ആദ്യമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ട്രാൻസ്ജെൻഡർ മത്സരാർത്ഥിയുമാണ് അനന്യ കുമാരി അലക്സ്. അവരെ കൊച്ചിയിലെ ഫ്ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പെരുമൺ സ്വദേശിയാണ് മരിച്ച അനന്യ. ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. അതിന്റെ നിരാശയിലാകും ആത്മഹത്യ എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ മറ്റ് കാര്യങ്ങളും പൊലീസ് പരിശോധിക്കും.

വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു അനന്യയുടേത്. കൊല്ലം ജില്ലക്കാരിയായ അനന്യ 28വയസുള്ള ട്രാൻസ്ജെൻഡർ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് നേരിട്ട ഒരു ദുരനുഭവം കണ്ണീരിലാക്കിയ ജീവിതം. റേഡിയോ ജോക്കിയും അവതാരകയുമായ അവർക്ക് ഇതുമൂലം ഒരു ജോലിയും ചെയ്യാനായിരുന്നില്ല. ഈ വേദനകൾ പങ്കുവച്ചതിന് പിന്നാലെയാണ് മരണം.

എഴുന്നേറ്റ് നിൽക്കാൻ പോലും ആകുന്നില്ലെന്ന് അവർ പരാതി ഉന്നയിച്ചിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയിൽ നിന്നാണ് ചെയ്തത്. ശസ്ത്രക്രിയയിൽ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. ഡോ.അർജുൻ അശോകനെന്ന സർജനാണ് 2020 ജൂൺ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്.

ഒരു വർഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നിൽക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പിൽ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കൽ നെഗ്ലിജൻസ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയിൽ പരാജയപ്പെട്ട് ഗുരുതര പ്രശ്നം നേരിടുന്ന മറ്റ് പലരും ഉണ്ട്-ഇതായിരുന്നു ആ വെളിപ്പെടുത്തൽ.

എട്ട് മുതൽ പന്ത്രണ്ട് വരെ സാനിറ്ററി നാപ്കിൻ മാറ്റണം, അതിന് പോലും പൈസയില്ല. ഞാനിന്ന് ബോൾഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്നുള്ളതുകൊണ്ടാണ്. പണത്തിന് വേണ്ടി എന്തിനാണ് ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന ചോദ്യമാണ് അവർ ഉയർത്തിയത്. അതിന് പിന്നാലെ തൂങ്ങി മരണവും.

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക നൽകിയ ശേഷം അനന്യ കുമാരി അലക്സ് മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. വേങ്ങര മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായിയാണ് ഇവർ മത്സരിക്കാനിരുന്നത്. പാർട്ടി നേതാക്കളുടെ സ്വാർത്ഥ താൽപര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു പിന്മാറ്റം. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി നേതാക്കൾ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അനന്യ ആരോപിച്ചിരുന്നു.

വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയിൽ പാർട്ടി തന്നെ സ്ഥാനാർത്ഥിയാക്കിയത്. ഇനിയും ജനങ്ങളെ പറ്റിക്കാൻ താൽപര്യമില്ല. ഇവരുടെ കള്ളക്കളികൾക്ക് കൂട്ട് നിൽക്കാനാകില്ലെന്നും അനന്യ കുമാരി പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ നേരിടാനായിരുന്നു അനന്യ അന്ന് തയ്യാറെടുത്തത്.