തിരുവനന്തപുരം. സി പി  എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അപ്രതീക്ഷിതമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം ലഭിച്ചതോടെ ജില്ലാ സെക്രട്ടറി മോഹികളുടെ എണ്ണം കൂടി. തലസ്ഥാനത്തെ സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ ശേഷിയുള്ള നിരവധി നേതാക്കൾ ജില്ലയിൽ തന്നെ ഉണ്ടെങ്കിലും എല്ലാ പേർക്കും നേതൃത്വത്തിന്റെ ആശിർവാദമില്ല. സ്ഥാനമോഹികൾ കൂടിയതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി.

അതാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെങ്കിൽ കൂടി ആനാവൂർ നാഗപ്പനോട് തൽക്കാലം ജില്ലാ സെക്രട്ടറി പദവിയിൽ തുടരാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചത് . ചികിത്സാർത്ഥം അമേരിക്കയിലേക്ക് ഞായറാഴ്ച തിരിച്ച കോടിയേരി ഉടൻ മടങ്ങിയെത്തും മടങ്ങി എത്തിയാലുടൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാമെന്നാണ് ജില്ലയിലെ വേണ്ടപ്പെട്ടവരോടു കോടിയേരി പറഞ്ഞിരിക്കുന്നത് .ഇതിനിടെ തന്റെ പിൻഗാമിയായി സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാറിന്റെ പേര് ആനാവൂർ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിച്ചാൽ സുനിൽകുമാർ ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സമിതിയിലും എത്തും. ഇതോടെ അരുവിക്കരയിൽ നിന്നുള്ള നേതാവിലേക്ക് തലസ്ഥാനത്തെ പാർട്ടിയുടെ താക്കോൽ സ്ഥാനവും എത്തും.

കോടിയേരിക്കും പിണറായിക്കും പ്രിയപ്പെട്ട സുനിൽ കുമാർ നിലവിൽ കേരള അബ്കാരി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനുമാണ്. കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ - സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സുനിൽ കുമാർ കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും എത്തി. യുവാവ് ആയതു കൊണ്ട് തന്നെ പാർട്ടിക്ക് പുതുജീവൻ നൽകാൻ സുനിൽകുമാറിന് ആകുമെന്ന് സംസ്ഥാന നേതൃത്വത്തെ ആനാവൂർ തന്നെ ധരിപ്പിച്ചിട്ടുണ്ട്.

സുനിലിനെ പരിഗണിച്ചില്ലായെങ്കിൽ കോവളം ഏര്യാ സെക്രട്ടറി പി എസ് ഹരിയെ സെക്രട്ടറിയാക്കാനാണ് ആനാവൂരിന്റെ നീക്കം.ജില്ലയിൽ പാർട്ടിക്ക് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനുൾപ്പെടെ ഹരി നടത്തിയ നീക്കങ്ങൾക്കുള്ള ഉപകാര സ്മരണയാവണം ഈ പദവി എന്നാണ് ഹരിയെ അനുകൂലിക്കുന്ന ആനാവൂർ പക്ഷക്കാർ പറയുന്നത്. എന്നാൽ സുനിലിനെ സെക്രട്ടറിയാക്കുന്നത് ജില്ലയിലെ പ്രമുഖ നേതാക്കൾ എതിർക്കുന്നതാണ് സംസ്ഥാന നേതൃത്വത്തെ പിന്നോട്ടടിക്കുന്നത്.

തുടച്ചു നീക്കിയ വിഭാഗീയത ശക്തിപ്പെടാൻ ഇപ്പോഴത്തെ നീക്കങ്ങൾ വഴി വെയ്ക്കുമെന്ന കണക്കുകൂട്ടലും സംസ്ഥാന നേതൃത്വത്തിന് ഉണ്ട്. സി.അജയകുമാറിന്റെ പേരും ഒരു വിഭാഗം സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്നുണ്ട്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഒരു കുറവായി അജയകുമാറിന് മുന്നിലുണ്ട്. പൊതു സമ്മതനായി മുൻ മേയർ സി ജയൻബാബുവിനെ പരിഗണിക്കണമെന്നാണ് ജില്ലയിലെ മുതിർന്ന നേതാക്കൾ പറയുന്നത് .ജയൻ ബാബുവിന്റെ പരിചയവും സീനിയോറിട്ടിയും ജില്ലയിൽ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടാൻ വഴിവെയ്ക്കുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട ആനത്തലവട്ടം ആനന്ദന്റെയും കോലിയക്കോട് കൃഷ്ണൻ നായരുടെയും നിലപാടുകളും നിർണായകമാകും.ഇതിലെല്ലാം ഉപരി കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.ശിവൻകുട്ടിയും സ്വീകരിക്കുന്ന നിലപാടുകളും സെക്രട്ടറിയെ നിശ്ചയിക്കുന്നതിൽ പ്രധാന ഘടകമാണ്. എന്തായാലും കോടിയേരി ചികിത്സ കഴിഞ്ഞു മടങ്ങി വന്നാലുടൻ തിരുവനന്തപുരത്ത് പുതിയ സെക്രട്ടറിയെ നിശ്ചയിച്ചേക്കും.

ആനാവൂരിനെ സെക്രട്ടറിയേറ്റിലേക്ക് എടുക്കുന്നത് കടകംപള്ളിയേയേയും എം വിജയകുമാറിനേയും വെട്ടിയാണ്. ഇതോടെ തിരുവനന്തപുരത്തെ കരുത്തനായ നേതാവായി ആനാവൂർ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുനിൽകുമാർ ജില്ലാ സെക്രട്ടറിയാകുമെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. വികെ മധുവിനെതിരായ പഴയ അച്ചടക്ക നടപടിയും സുനിലിന് തുണയാകും.