കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിന് എത്തിയത് കോതംമംഗലത്തുകാരന്റെ ഇന്നോവയിൽ. അരൂരിലാണ് എംഎസ് അനസ് താമസിക്കുന്നതെങ്കിലും ഇയാൾ കോതമംഗലം സ്വദേശിയാണ്. എസ് ഐ ആയി വിരമിച്ച സെയ്ദ് മുഹമ്മദിന്റെ മകൻ. 1990ൽ ഗൾഫിലേക്ക് പോയ അനസ് പിന്നീട് അരൂർ കേന്ദ്രീകരിച്ച് ചെമ്മീൻ ബിസിനസ് തുടങ്ങുകയായിരുന്നു. പിന്നീട് അതിവേഗ വളർച്ച. എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധം. മന്ത്രി ജലീലിന്റെ വിശ്വസ്തനും.

എന്നാൽ ഹജ്ജ് കമ്മറ്റിയുടെ ഭാരവാഹി എന്ന നിലയിലുള്ള ബന്ധം മാത്രമാണ് മന്ത്രി ജലീലുമായി അനസ്സിനുള്ളതെന്നും മറിച്ച് പ്രചരിക്കുന്ന വസ്തുതകളിൽ കഴിമ്പില്ലന്നും അനസ്സിന്റെ ബന്ധു മറുനാടനോട് പറഞ്ഞു. വർഷങ്ങളായി അനസ്സ് സ്റ്റേറ്റ് ഹജ്ജ് കമ്മറ്റിയിലുണ്ട്. ഹജ്ജ് കമ്മറ്റിയുടെ ചുമതലക്കാരൻ എന്ന നിലിയിൽ മന്ത്രി ജലീലുമായി അടുത്ത ബന്ധമുണ്ട്. തറവാട്ട് വീട്ടിലും മന്ത്രിവരാറുണ്ട്്. അനസ്സ് മന്ത്രിയുടെ ബിനാമിയെന്നുള്ള ആരോപണം പലതവണ ഉയർന്നിട്ടുണ്ടെന്നും ബന്ധു മറുനാടനോട് വിശദീകരിച്ചു.

ജലീലുമായുള്ള ബന്ധം മൂലം ആലപ്പുഴ അരൂരിലെ അനസ്സിന്റെ വീട്ടിൽ പലതവണ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.യാതൊന്നും ലഭിക്കാത്തതിനാൽ ഇതിന്റെ പേരിൽ കേസ്സുകളൊന്നുമില്ല. ടാക്സ് റിട്ടേൺ ഉൾപ്പെടെ എല്ലാകാര്യങ്ങളും കൃതമായി മുന്നോട്ടുകൊണ്ടുപോകുന്ന ആളാണ് അനസ് എന്നും അവർ പറയുന്നു. ഒരു കേസ്സിലും ഇതുവരെ അനസ്സിലെ പ്രതി ചേർത്തിട്ടില്ലെന്നാണ് അവരുടെ വിശദീകരണം.

കോതമംഗലം പൈമറ്റം സ്വദേശീയായ അനസ് വർഷങ്ങളായി ആലപ്പുഴ അരൂരിൽ ആണ് താമസിക്കുന്നത്. അറിയപ്പെടുന്ന സീഫുഡ് ഏക്സ്പോർട്ടറാണ് അനസ്സ്. മറ്റ് മൂന്നു കമ്പിനികളും ഇയാൾ നടത്തുന്നുണ്ട്. ഹജ്ജ് കമ്മറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനപ്പുറം ബിനസ്സ് കാര്യത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലന്നാണ് അവർ പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. യൂ ഡി എഫിന്റെ കാലത്തും എൽ ഡി എഫിന്റെ ഭരണത്തിലുമെല്ലാം അനസ്സ് ഹജ്ജുകമ്മറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നെന്നും ഇതിൽ രാഷ്ട്രീയമില്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അനസ്സിന്റെ കുടംബവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകന്റ കോടീശ്വരനായുള്ള വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു സഹോദരൻ രാഷ്ട്രീയത്തിലായികുന്നു. പത്തുകൊല്ലം ഗൾഫിൽ ജോലി എടുത്തു. അതിന് ശേഷം ഗൾഫിലെ സാമ്പത്തികം കൊണ്ട് കച്ചവടം തുടങ്ങി. പിന്നെ അതിവേഗം വളർന്നു. ചെമ്മീന്റെ തോട് പൊളിച്ച് കയറ്റുമതി ചെയ്യുന്ന ബിസിനസ്സിൽ വലിയ നേട്ടമുണ്ടായി. ഇതോടെയാണ് അനസിന് ഉന്നത ബന്ധങ്ങളും തുടങ്ങുന്നത്. അതീവ രഹസ്യമായി ജലീലിനെ ഇഡിയുടെ ഓഫീസിൽ എത്തിച്ചത് അനസിന്റെ ബുദ്ധിയാണെന്നാണ് വിലയിരുത്തൽ.

ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ സ്വകാര്യ വാഹനത്തിൽ എത്തിയത് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചോദ്യം ചെയ്യൽ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല. പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കി ഈ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്.

ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യം പകർത്തിയിരിക്കുന്ന സമയം 1.46 ആണ്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ തിരികെക്കൊണ്ടുപോകാനായി വാഹനം വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ഈ സിസിടിവി ഫുട്ടേജിലുള്ളത്. രാവിലെ 10 മണിയോടെയാണ് ജലീൽ ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് ലഭിക്കുന്ന സൂചന. അദ്ദേഹം എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

ആലപ്പുഴ ഭാഗത്തുനിന്നാണ് ജലീൽ എത്തിയത്. അദ്ദേഹം അരൂരിലുള്ള തന്റെ സുഹൃത്ത് അനസിന്റെ വീട്ടിൽ ഔദ്യോഗിക വാഹനം നിർത്തിയിട്ടു. അതിനു ശേഷം അവിടെനിന്ന് അനസിന്റെ വെള്ള നിറത്തിലുള്ള ഇന്നോവ കാറിലാണ് മന്ത്രി എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്കെത്തിയത്. ഇന്നലെ വൈകുന്നേരം വരെയും മാധ്യമങ്ങളോട് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

യു.എ.ഇയിൽനിന്നു മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതു കസ്റ്റംസ് നികുതി അടയ്ക്കാതെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടെത്തിയിട്ടുണ്ട്. മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതു കോൺസുലേറ്റാണെന്നും തനിക്കു നേരിട്ടു ബന്ധമില്ലെന്നും മന്ത്രി കെ.ടി. ജലീൽ മൊഴി നൽകി. ഇന്നലെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലാണ് ഇ.ഡി. ഉദ്യോഗസ്ഥർ മന്ത്രിയുടെ മൊഴിയെടുത്തത്. എഴുതിത്ത്ത്ത്തയാറാക്കിയ 12 ചോദ്യങ്ങൾക്കു വിശദീകരണം തേടിയുള്ള നടപടികൾ ആറുമണിക്കൂർ നീണ്ടു. പ്രാഥമികഘട്ട ചോദ്യംചെയ്യൽ മാത്രമാണ് നടന്നതെന്നാണു വിവരം. യു.എ.ഇ. കോൺസുൽ ജനറലുമായും സ്വർണക്കടത്തു കേസിലെ പ്രതികളുമായുമുള്ള ബന്ധം, നയതന്ത്രമാർഗത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചറിഞ്ഞത്.

മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ഇനിയും വിളിച്ചുവരുത്തും. നയതന്ത്ര ബാഗിലുള്ള സാധനങ്ങളുടെ പട്ടികയടക്കമുള്ള കോൺസുലേറ്റിന്റെ റിപ്പോർട്ട് പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിക്കത്ത് സഹിതം കസ്റ്റംസിനു നൽകിയാലേ വിട്ടുകിട്ടൂ എന്നാണു വ്യവസ്ഥ. നയതന്ത്ര പാഴ്സലിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. അതിനു നികുതിയിളവു നൽകാൻ സംസ്ഥാനത്തിനു കഴിയുകയുമില്ല. എന്നിട്ടും ബാഗുകൾ എങ്ങനെ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി എന്നതിലും ജലീലിനോടു വിശദീകരണം തേടി. ചില ചോദ്യങ്ങൾക്ക് അന്വേഷിച്ചു മറുപടി നൽകാമെന്നു മന്ത്രി അറിയിച്ചു. സാമ്പത്തികവിഷയത്തിലുള്ള ചോദ്യങ്ങളും ഇതിൽ ഉൾപ്പെടും. സ്വപ്ന സുരേഷുമായുള്ള ബന്ധം യു.എ.ഇ. കോൺസുലേറ്റ് പി.ആർ.ഒ. എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ട് മന്ത്രി കെ.ടി. ജലീൽ ആലുവയിലുണ്ടായിരുന്നു എന്നാണ് സൂചന. ഇന്നലെ രാവിലെ ആലുവയിൽനിന്ന് അരൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ അദ്ദേഹം പിന്നീടു സ്വകാര്യ വാഹനത്തിൽ ചോദ്യംചെയ്യൽ കേന്ദ്രത്തിലേക്കു പോയി. ആലുവയിൽ വച്ചാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾ അറിയാതെ മന്ത്രിയെ ചെന്നു കണ്ട് നോട്ടീസ് നൽകിയതെന്നാണ് സൂചന.