അമരാവതി: വിവാഹ ആഘോഷങ്ങളും കുടുംബങ്ങളുടെ ഒത്തുചേരലുമൊക്കെ വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ആന്ധ്രാപ്രദേശ് പടിഞ്ഞാറൻ ഗോദാവരിയിൽ സംക്രാന്തി ദിനത്തോട് അനുബന്ധിച്ച് ഭാവി മരുമകന് വേണ്ടി വധുവിന്റെ വീട്ടുകാർ ഒരുക്കിയ ഒരു വിരുന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

മരുമകനെ ഞെട്ടിക്കുന്ന രീതിയിലാണ് ഭാവി വധുവിന്റെ വീട്ടുകാർ സൽക്കാരം ഒരുക്കിയത്. ഭാവി മരുമകനായി 365 തരം വിഭവങ്ങളാണ് പെൺകുട്ടിയുടെ വീട്ടുകാർ തയ്യാറാക്കിയത് . ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആന്ധ്രാപ്രദേശ് പടിഞ്ഞാറൻ ഗോദാവരിയിലെ സ്വർണവ്യാപാരിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യയും ചേർന്നാണ് ഭാവി മരുമകൻ സായി കൃഷ്ണയ്ക്ക് വേണ്ടി അതിശയിപ്പിക്കുന്ന രീതിയിൽ സ്വീകരണം ഒരുക്കിയത്.ആന്ധ്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് സംക്രാന്തി ദിനം. ഈ ദിവസം മരുമക്കളെ വീട്ടിൽ വിളിച്ച് സൽക്കരിക്കുന്നത് പതിവാണ്.

മകളുടെ വിവാഹം ഉറപ്പിച്ച ശേഷം വന്ന പ്രധാന ദിവസമായതിനാൽ സംക്രാന്തി ദിനം ആഘോഷമാക്കാൻ ഈ കുടുംബം തീരുമാനിക്കുകയായിരുന്നു.വീട്ടിലേയ്‌ക്കെത്തിയ ഭാവി മരുമകനുവേണ്ടി ചോറ്, ബിരിയാണി, 30 വ്യത്യസ്തയിനം കറികൾ, പുളിഹോര, 100 പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും , 15തരത്തിലുള്ള ഐസ്‌ക്രീം, കേക്ക് ,പഴങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ 365 വിഭവങ്ങളാണ് തയ്യാറാക്കിയത്.



'ഞങ്ങളുടെ ഭാവി മരുമകനോടുള്ള ഞങ്ങളുടെ സ്‌നേഹം; ഒരു വർഷത്തിലെ 365 ദിവസം എന്നപോലെ 365 ഇനം ഭക്ഷണങ്ങൾ ക്രമീകരിച്ചു'. വൈവിധ്യമാർന്ന സൽക്കാരത്തിന്റെ കാരണം ഒരു കുടുംബാംഗം തുറന്നു പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ ഈ സൽക്കാരത്തിന്റെ ദൃശ്യങ്ങൾ അടക്കം പ്രചരിച്ചതോടെ കമന്റുകളുമായി ഒട്ടേറെ പേർ രംഗത്തെത്തി. ഇത്രയും ഭക്ഷണം എങ്ങനെ മരുമകൻ കഴിച്ചു തീർക്കുമെന്ന സംശയമാണ് ചിലർ ഉയർത്തിയത്.