ടോക്യോ: പുരുഷന്മാരുടെ 200 മീറ്റർ ഫൈനലിൽ കനേഡിയൻ താരം ആന്ദ്രേ ഡി ഗ്രാസിന് സ്വർണം. പുരുഷന്മാരുടെ 100 മീറ്ററിൽ കാലിടറിയെങ്കിലും 200 മീറ്ററിൽ 19.62 സെക്കൻഡിൽ ഓടിയെത്തിയാണ് ഗ്രാസ് സ്വർണനേട്ടത്തിലേക്ക് കുതിച്ചത്. ദേശീയ റെക്കോഡോടെയാണ് ഗ്രാസ്സെയുടെ സ്വർണ നേട്ടം.

നേരത്തെ 100 മീറ്ററിൽ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസിന്റെ ശക്തമായ തിരിച്ചുവരവുകൂടിയായി 200 മീറ്ററിലെ സ്വർണനേട്ടം. 19.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെന്നി ബെനാറെക്ക് വെള്ളിയും 19.74 സെക്കൻഡിൽ ഓടിയെത്തിയ അമേരിക്കയുടെ തന്നെ നോഹ ലൈലെസ് വെങ്കലവും നേടി.

റിയോയിൽ ബോൾട്ടിനു പിന്നിലായതിന്റെ നിരാശ തീർത്ത കാനഡക്കാരൻ ആന്ദ്രേ ഡി ഗ്രാസ് ടോക്കിയോയിൽ ഒന്നാമതായി. ഡി ഗ്രാസ് മികച്ച വ്യക്തിഗത സമയവും കുറിച്ചു.

1928നു ശേഷം ആദ്യമായാണ് കനേഡിയൻ താരം ഒളിംപിക്‌സിൽ ഒരു 200 മീറ്റർ ചാംപ്യനാകുന്നത്. ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള ഒളിംപിക് റെക്കോഡിനും ലോക റെക്കോഡിനും ടോക്യോയിലും ഇളക്കം തട്ടിയില്ല. 2016ലെ റിയോ ഒളിംപിക്‌സിൽ 100 മീറ്ററിൽ വെങ്കലം നേടിയ ഗ്രാസിന് ടോക്യോയിൽ ഒടുവിൽ 200 മീറ്ററിൽ സ്വർണത്തിലെത്താനായി.