തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിനെയും പുകഴ്‌ത്തി കോൺ​ഗ്രസ് എംഎൽഎ അനിൽ അക്കര. വികസപ്രവർത്തനങ്ങൾക്ക് ഇടതുസർക്കാർ അകമഴിഞ്ഞ് സഹായിച്ചെന്നും അനിൽ അക്കര പറഞ്ഞു. വികസനവിരോധിയാണ് അനിൽ അക്കര എന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനിൽ അക്കര. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ വടക്കാഞ്ചേരി മണ്ഡലത്തിൽ അഞ്ച് വർഷം നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എംഎൽഎ എണ്ണിപ്പറഞ്ഞത്.

സർക്കാർ സഹായത്തോടെ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എൽഡിഎഫുകാർ തള്ളിപ്പറയുമോ എന്നും അനിൽ അക്കര ചോദിച്ചു. വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തനിക്ക് വിശ്വാസമാണെന്നും തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വികസനം അനുവദിച്ച മണ്ഡലമാണ് വടക്കാഞ്ചേരിയെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ ക്രമക്കേട് ചൂണ്ടി പരാതി നൽകിയ താൻ ആരുടേയും വീട് മുടക്കാനല്ല ശ്രമിച്ചതെന്ന് അനിൽ അക്കര പറയുന്നു. അഴിമതി നടത്തി എന്ന് പറയുന്നത് താനല്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളാണ്. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വീടില്ലാത്തവർ വീട് നിർമ്മിച്ചു നൽകാനുള്ള പദ്ധതിയായിട്ടും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കാണ് എന്ന് പറഞ്ഞാണ് ഫ്‌ളാറ്റ് നിർമ്മിച്ചത്. അത് തന്നെ സംശയാസ്പദമായിരുന്നു. വീട് നഷ്ടപ്പെട്ട ഒരാൾ മുന്നോട്ട് വന്നാൽ താൻ താമസിക്കുന്ന വീട് അവർക്ക് ഒഴിഞ്ഞു നൽകി തെരുവിലേക്കിറങ്ങാൻ തയ്യാറാണെന്നും ഈ വെല്ലുവിളി സ്വീകരിക്കാൻ മാർക്‌സിസ്റ്റ് പാർട്ടിക്കാർ തയ്യാറുണ്ടോയെന്നും അനിൽ അക്കര ചോദിച്ചു.

വികസന വിരോധി, ഫ്‌ളാറ്റ് മുടക്കി എന്നൊക്കെ തന്നെ വിളിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അനിൽ അക്കരയുടെ പക്ഷം. കോടിയേരിക്ക് കിട്ടിയ ഫോൺ മുടക്കിയിട്ടുണ്ട്. എന്നാൽ വിമർശകർ തന്നെ ഫോൺ മുടക്കി എംഎൽഎ എന്ന് വിളിക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ചെയ്ത വികസനപ്രവർത്തനങ്ങൾക്ക് തനിക്ക് വി എസ് അച്യുതാനന്ദനിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അനിൽ അക്കര പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴസിറ്റി ക്യാംപസ് മെഡിക്കൽ കോളെജായി തൃശ്ശൂർ മാറുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളെജിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടന്നത്. ഇടതുസർക്കാർ കൈകയച്ച് സഹായിച്ചു എന്നിതിൽ യാതൊരു സംശയവുമില്ല. പുഴക്കര പാലം സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചെന്നും അനിൽ അക്കര പറഞ്ഞു.