തിരുവനന്തപുരം: പത്രസമ്മേളനം കഴിഞ്ഞ് എകെജി സെന്ററിലേയ്ക്ക് വലത് കാൽ വച്ച് കെപി അനിൽകുമാർ പ്രവേശിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് പഴയസഹപ്രവർത്തകൻ പിഎസ് പ്രശാന്ത്. ഏതാനുംദിവസം മുമ്പ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പിഎസ് പ്രശാന്ത് തന്നെയാണ് അനിൽകുമാറും എകെജി സെന്ററുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥനായതെന്നാണ് സൂചനകൾ.

അനിൽകുമാർ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്നു പിഎസ് പ്രശാന്ത്. പിന്നീട് അനിൽകുമാർ കെപിസിസി സംഘടന ജന.
സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന് കീഴിൽ കെപിസിസി സെക്രട്ടറിയായും പ്രശാന്ത് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിലായിരിക്കുമ്പോൾ വിരുദ്ധചേരികളിൽ പ്രവർത്തിച്ച ഇരുവരും ഇപ്പോൾ സിപിഎമ്മിലെ ചുവന്നകൊടിക്ക് കീഴിൽ കൈകോർക്കുകയാണ്.

കോൺഗ്രസിലെ രണ്ട് വശത്തായിരുന്നു ഈ നേതാക്കൾ. ഐ ഗ്രൂപ്പിലൂടെയായിരുന്നു അനിൽകുമാറിന്റെ തുടക്കം. പിന്നീട് ഗ്രൂപ്പ് പ്രവർത്തനങ്ങളോട് വിടപറഞ്ഞു. അന്ന് തിരുവനന്തപുരത്തെ എ ഗ്രൂപ്പുകാരിൽ പ്രധാനിയായിരുന്നു പ്രശാന്ത്. ഡിസിസി പട്ടികയെ തുടർന്നുള്ള വിവാദങ്ങളിൽ പരസ്യപ്രസ്താവന നടത്തിയതിനെ ചൊല്ലി രായ്ക്ക് രാമായനം നടപടി എടുത്ത് പുറത്താക്കിയതിൽ അതൃപ്തനായിരുന്ന കെപി അനിൽകുമാർ പാർട്ടി വിടാനുള്ള ആലോചന ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളായി എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന.

സിപിഎമ്മിന്റെ ചില സംസ്ഥാനനേതാക്കളോട് അനിൽകുമാർ താൽപര്യം അറിയിച്ചതിനെ തുടർന്ന് പാർട്ടി പിഎസ് പ്രശാന്തിനെ നിയോഗിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അനിൽകുമാറിനെ വിളിച്ച പ്രശാന്ത് സിപിഎമ്മിന്റെ അനുകൂല നിലപാട് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഇന്നലെ ഒരുപകൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് അനിൽകുമാർ സിപിഎമ്മിലേയ്ക്ക് പോകാനുള്ള അന്തിമതീരുമാനത്തിലെത്തുന്നത്.

എൻസിപി നേതാക്കളുമായും അനിൽകുമാർ ചർച്ച നടത്തിയിരുന്നതായാണ് വിവരം. എന്നാൽ ഏലത്തൂർ സീറ്റിൽ തട്ടിയാണ് ചർച്ച മുടങ്ങിയത്. മാത്രമല്ല പിഎസ് പ്രശാന്തിന്റെ ഇടപെടലും കൂടിയായപ്പോൾ സിപിഎമ്മിലേയ്ക്കുള്ള വഴി സുഗമമായി. സിപിഎമ്മുമായി അനിൽകുമാർ ചർച്ചകൾ നടത്തുന്ന വിവരമറിഞ്ഞ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് വൈകുന്നേരം അനിൽകുമാറിനെ പുറത്താക്കാനിരിക്കവെയാണ് രാവിലെതന്നെ അനിൽകുമാറിന്റെ ധൃതിപിടിച്ചുള്ള പത്രസമ്മേളനം.