തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിലെ എല്ലാ സംശയവും നീക്കണമെന്ന നിലപാടിൽ ബന്ധുക്കൾ. ൂ സാഹചര്യത്തിൽ അസ്വാഭാവാകി മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എല്ലാ സംശയങ്ങളും മാറ്റാനാണ് ഇതെന്ന് പനച്ചൂരാന്റെ അമ്മാവൻ പ്രഫുല്ലചന്ദ്രൻ മാധ്യങ്ങളെ അറിയിച്ചു.

തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അനിൽ പനച്ചൂരാൻ മരിച്ചത്. രാവിലെ വീട്ടിൽനിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറിൽപോകുമ്പോൾ ബോധരഹിതനായി. തുടർന്നു മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കുന്ന സമയം തീരുമാനിക്കും.

എന്നാൽ കോവിഡിന്റെ ലക്ഷണമൊന്നും പനച്ചൂരാന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള മരണത്തിൽ ബന്ധുക്കൾ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോൾ കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റുമോർട്ടത്തിന് നിർദ്ദേശിച്ചത്. കോവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം രാവിലെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇതെല്ലാം കുടുംബത്തിന് മുമ്പിൽ ദുരൂഹമായി നിൽക്കുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റമോർട്ടം. ഇതിലൂടെ യഥാർത്ഥ മരണ കാരണം കണ്ടെത്താനാണ് നീക്കം.

അനിൽ പനച്ചൂരാനെ ഞായറാഴ്ച രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് മാവേലിക്കരയിലെ വി എസ്എം ആശുപത്രിയിലും പിന്നീട് കരുനാഗപ്പള്ളി വല്ല്യത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെയാണ് കിംസിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. രാത്രി 8.10ന് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കവിതാലാപനത്തിന്റെ ഭംഗിയാലും മൂർച്ചയുള്ള വാക്കുകളാലും മലയാളമനസിൽ ഇടംനേടിയ അനിൽ പനച്ചൂരാൻ 37 സിനിമകൾക്ക് ഗാനം രചിച്ചിട്ടുണ്ട്. പി യു അനിൽകുമാർ എന്നാണ് യഥാർഥപേര്.

കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് ജനിച്ചത്. പരേതനായ ഉദയഭാനുവിന്റെയും -ദ്രൗപതിയുടെയും മകനാണ്. നങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായിരുന്നു. ഭാര്യ: മായ. മക്കൾ: അരുൾ, മൈത്രേയി. സഹോദരങ്ങൾക്ഷ അനിത(സൗദി), അജിത(ബംഗളൂരു) എന്നിവർ. വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ പ്രധാന കവിതകളാണ്. ജനപ്രിയ കവിതകളാണ് സൃഷ്ടികളിലേറെയും.

അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, ലൗഡ് സ്പീക്കർ, പാസഞ്ചർ, ബോഡി ഗാർഡ്, അർജുനൻ സാക്ഷി, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങീ സിനിമകളിലായി 140 ഗാനങ്ങൾ എഴുതി. ഏഷ്യാനെറ്റ് ഫിലിം ഫെയർ അവാർഡ്, കണ്ണൂർ കവിമണ്ഡലത്തിന്റെ പി ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം എന്നിവ നേടി.