കൊച്ചി: ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്‌സിനെ ഇന്നലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ പാളിച്ചപറ്റിയെന്നാരോപിച്ച് പരാതി നൽകിയതിന് പിന്നാലെയായിരുന്നു അനന്യ ജീവനൊടുക്കിയത്. അനന്യയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. സൈബർ ഇടത്തിൽ അടക്കം പ്രതിഷേധം ശക്തമാണ്.

ഇതിനിടെ കൂട്ടുകാരിയുടെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി അഞ്ജിലി അമീർ. അനന്യ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററുമായിരുന്നു എന്നാണ് അഞ്ജലി കുറിച്ചത്.

'എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററും ആയിരുന്നു. ഞങ്ങൾക്കൊക്കെ എത്രയെത്ര സ്വപ്നങ്ങൾ നീ ഷെയർ ചെയ്തിരുന്നു. അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ.'. അഞ്ജലി കുറിച്ചു. അനന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്.

ഇന്നലെയാണ് ഇടപ്പള്ളി ടോൾ ജംക്ഷനു സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ അനന്യയെ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.