മുംബൈ: മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളിക്കായി കാത്തിരിക്കുകയാണ് ആരാധകർ. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒടിടി റിലീസിന് മുൻപായി ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നിരുന്നു. മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ച് എല്ലാവരും പറയുന്നത്. ഈ അഭിപ്രായമാണ് സിനിമ കണ്ട മലയാളി സംവിധായകി അഞ്ജലി മേനോനും പറയുന്നത്.

അഞ്ജലി മേനോന്റെ അഭിപ്രായം ഇങ്ങനെ: ഇന്ത്യയിലെ യഥാർത്ഥ സിനിമ രാജ്യം മുഴുവനുമുള്ള പ്രേക്ഷകർക്കു മുന്നിൽ സ്ഥാനം പിടിക്കുന്ന ഒരു മുന്നേറ്റത്തിനാണ് തുടക്കമിട്ടത് എന്നാണ് അഞ്ജലി പറയുന്നത്. ഗ്രാമ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ചിത്രമായി ആരംഭിച്ച് ഒരു സൂപ്പർഹീറോ ചിത്രമായി വികസിക്കുന്ന രീതിയിലാണ് സിനിമയുടെ ഘടന. നെറ്റ്ഫ്‌ളിക്‌സിൽ എത്തുമ്പോൽ കുടംബത്തിനും കുട്ടികൾക്കുമൊപ്പം സിനിമ കാണാൻ തയാറായി ഇരിക്കാനും അഞ്ജലി പറയുന്നുണ്ട്. വേൾഡ് പ്രീമിയറിന് എത്തിയപ്പോൾ എടുത്ത ചിത്രങ്ങളും ഇൻസ്റ്റ?ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ രാത്രി വേൾഡ് പ്രീമിയറിലൂടെ മിന്നൽ മുരളിക്ക് ബിഗ് സ്‌ക്രീനിൽ ജീവൻവച്ചു. ഗ്രാമീണ കോമഡി സിനിമയായി തുടങ്ങി സൂപ്പർഹീറോ ചിത്രമായി മാറുന്ന ചിത്രം എല്ലാവരുടേയും ഹൃദയം കീഴടക്കും. ഫാന്റസിയുടെ തലത്തിൽ നിൽക്കുമ്പോഴും പ്രാദേശിയമായ ഫ്‌ളേവർ ഉണ്ട് ഈ ചിത്രത്തിന്. ബേസിലും ടൊവീനോയും ഗുരു സോമസുന്ദരവും സോഫിയ പോളുമൊക്കെ ഏറെ ഉത്സാഹത്തോടെയാണ് അവിടെ എത്തിയത്.

ചിത്രം തുടങ്ങുന്നതിനു മുൻപുതന്നെ അവർ ഞങ്ങളുടെ മനംകവർന്നിരുന്നു. ഇന്ത്യയിലെ യഥാർഥ സിനിമ രാജ്യം മുഴുവനുമുള്ള പ്രേക്ഷകർക്കു മുന്നിൽ സ്ഥാനം പിടിക്കുന്ന ഒരു മുന്നേറ്റത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ആ സിനിമകൾ ഏറെ അർഹിക്കുന്ന ഒന്നാണ് അത്. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ എത്തുമ്പോൾ പോപ്പ്‌കോണുമായി കുടംബത്തിനും കുട്ടികൾക്കുമൊപ്പം സിനിമ കാണാൻ തയാറായി ഇരിക്കൂ- അഞ്ജലി മേനോൻ കുറിച്ചു.