കൊച്ചി: മട്ടാഞ്ചേരി സ്വദേശിനി ആൻലിയ ഹൈജിനസിന്റെ ദുരൂഹ മരണത്തിന് രണ്ട് വർഷം പിന്നിടുമ്പോഴും നീതി തേടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തിന് അന്ത്യമായിട്ടില്ല. അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. 2018 ഓഗസ്റ്റ് 28നാണ് ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25ന് ബെംഗളൂരുവിലേക്ക് പോകുകയാണെന്നു പറഞ്ഞ് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറിയ ആൻലിയയെ പിന്നീട് കാണാതാകുകയായിരുന്നു. മകളുടെ മരണം ആത്മഹത്യ അല്ലെന്നും ഭർത്താവിന്റെ വീട്ടുകാരുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും കാണിച്ച് ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് തൃശൂർ സിറ്റി കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് ഭർതൃവീട്ടുകാരുടെ പീഡന വിവരങ്ങൾ ഉൾപ്പടെ പുറത്തുവരുന്നത്. ലോക്കൽ പൊലീസ് ഉഴപ്പിയ ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. കേസിലെ അൻലിയയുടെ ഭർത്താവായ ജസ്റ്റിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ആൻലിയയ മാനസികരോഗിയായും മനസ്സുറപ്പില്ലാത്തവളായും ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പലരും കമന്റുകൾ പാസാക്കുന്നുണ്ട്. എന്നാൽ ആൻലിയ എന്ന അപർണ വളരെ സ്മാർട്ടായ കുട്ടി ആയിരുന്നുവെന്നും അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ആൻലിയയുടെ വീട്ടിൽ മുമ്പ് വാടകയ്ക്ക താമസിച്ചിരുന്ന  ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ശ്രീല

ശ്രീലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആൻലിയ ഞങ്ങൾക്ക് അപർണ്ണയായിരുന്നു. പത്രമാധ്യമങ്ങളിൽ കാണുന്ന വാർത്തകൾ വായിക്കുമ്പോൾ എന്റെ രക്തം തിളയ്ക്കുന്നു.. എന്തെല്ലാമാണ് ഓരോരുത്തരും കമന്റ് ചെയ്യുന്നത്. ഇവർക്കൊക്കെ ആ മോളേ നേരിട്ടറിയാമോ. പല ഫേസ്‌ബുക്ക് പോസ്റ്റുകളിലും മോശമായ കമന്റുകൾ കാണാനിടയായി.. ഇങ്ങനെ പടച്ചുവിടുന്നവർ ഒരിക്കലെങ്കിലും ആ മോളേ കണ്ടിട്ടുള്ളവരെങ്കിലും ആണോ? ആ കുടുംബത്തെ അറിയുന്നവർ ആണോ. പക്ഷേ. ഞാൻ കണ്ടിട്ടുണ്ട്. ആ കുടുംബത്തിന്റെ തൊട്ടടുത്ത് ആയിരുന്നു ഞാൻ. അവരുടെ വീടിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അവരുടെ ജീവിതം തൊട്ടടുത്ത് കണ്ടിട്ടുണ്ട്. എനിക്കും ആ പ്രായത്തിൽ രണ്ടു മക്കളുണ്ട്.

എന്റെ മോൾക്ക് അവൾ ഒരു വഴികാട്ടിയായിരുന്നു. കൂട്ടുകാരിയായിരുന്നു. പത്രങ്ങളിലും പല ഫേസ്‌ബുക്ക് പോസ്റ്റുകളിലും ആൻലിയയെ ഒരു മനസികരോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം കണ്ടു. ഞാൻ കാണുമ്പോൾ കൂട്ടുകാരെ പോലെ കഴിയുന്ന ഒരു കുഞ്ഞു സ്വർഗ്ഗമായിരുന്നു ആ വീട്. എന്നും സന്തോഷം മാത്രം നിറഞ്ഞുനിന്ന വീട്. മമ്മി അന്യദേശത്തു ജോലിക്കുപോയപ്പോഴും പപ്പയും മക്കളും പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോന്നത് ആൻലിയയുടെ മിടുക്കാണ്. ഒരുപാട് സന്തോഷം നിറഞ്ഞ എപ്പോഴും ഉത്സാഹത്തോടെയല്ലാതെ ആ മോളേ ഞാൻ കണ്ടിട്ടില്ല. എന്തൊരു സ്മാർട്ട് ആയിരുന്നു ആൻലിയ.

അമ്മ അടുത്തില്ലാത്ത കുറവ് ആൻലിയ പപ്പയെയും അനുജനെയും അറിയിച്ചിട്ടില്ല. അത്രയും മിടുക്കോടെ പ്ലസ്ടു കഴിഞ്ഞ സമയം അവൾ ആ കുടുംബം നടത്തിയത് ഒപ്പം തോളോട് ചേർന്ന് പപ്പയും അനുജനും. പക്വമായ തീരുമാനങ്ങൾ ആയിരുന്നു ആ മോൾക്ക്. എനിക്കതു അത്ഭുതമായിരുന്നു. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ആൻലിയയ്ക്ക്. അതെല്ലാം ഒരു തടസ്സം കൂടാതെ നടത്തി നൽകാൻ കെൽപ്പുള്ള ഒരു പപ്പയും മമ്മിയും. പൊന്നുപോലെ സ്‌നേഹിക്കുന്ന ഒരനുജൻ. ദൈവവിശ്വാസവും നല്ല അച്ചടക്കവും വളരെ നല്ല സ്വഭാവശുദ്ധിയും ഉള്ള ഒരു കുട്ടിയായിരുന്നു. ബുദ്ധിമതിയായിരുന്നു. പള്ളിയിലും നാട്ടിലും അയൽപക്കങ്ങളിലും അവൾ ഒരു മാലാഖ കുട്ടിയായിരുന്നു.

എന്നോടും എന്റെ മോളോടും ഒരുപാട് സംസാരിക്കുമായിരുന്നു. യാതൊരു മാനസിക പ്രശ്‌നങ്ങളോ നിരാശയോ ഒന്നും തന്നെ ആ കണ്ണുകളിലോ പെരുമാറ്റത്തിലോ കാണാനിട വന്നിട്ടില്ല. ജീവിതത്തെക്കുറിച്ചു ഒരുപാട് പ്ലാനുണ്ടായിരുന്നു. സ്വപ്നങ്ങൾ ഉണ്ടായിരുന്നു. പഠിത്തത്തിൽ എന്നും മുന്നിലായിരുന്നു.

നഴ്‌സിങ് പഠിക്കുന്നതും ആതുരശുശ്രൂഷ ചെയ്യുന്നതും അവളുടെ സ്വപ്നങ്ങളും അവൾ എന്നോടും മോളോടും പങ്കുവയ്ക്കുമായിരുന്നു. ജീവിതത്തിൽ സ്വന്തമായി നേട്ടങ്ങൾ ഉണ്ടാകുമ്പോൾ ചികിൽസിക്കാൻ പണമില്ലാത്ത രോഗികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ളത് അവളുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. പാവപ്പെട്ടവരോട് ഒരുപാട് കരുതലുണ്ടായിരുന്നു. രോഗികളോട് അനുകമ്പയുണ്ടായിരുന്നു. ദേഷ്യഭാവം ഒരിക്കലും കണ്ടിട്ടില്ല. ശാന്തതയും ക്ഷമയും ഉള്ള കുട്ടിയായിരുന്നു.

പാട്ടും ഡാൻസും ആയി അവളോടൊപ്പം കഴിഞ്ഞ നല്ല നാളുകൾ ഇന്നോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്. സഹിക്കാൻ വയ്യാതെ മടുത്തിട്ടു ആത്മഹത്യ ചെയ്തു എന്നാണല്ലോ പുറത്തു വരുന്ന വാർത്ത. പക്ഷേ, ഒരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എല്ലാ വഴികളും അടഞ്ഞു മുന്നോട്ടു ജീവിക്കാൻ ഒരു പ്രതീക്ഷയും ഇല്ലാതാകുമ്പോൾ ആണ് എന്നാണ് എന്റെ വിശ്വാസം. ആൻലിയ ആത്മഹത്യ ചെയ്യില്ല ഒരിക്കലും. കാരണം അവൾ മനക്കരുത്തുള്ള കുട്ടിയായിരുന്നു. പപ്പയും മമ്മിയും അനുജനും അവളെ ഉപേക്ഷിച്ചിട്ടില്ല അവളുടെ പ്രതീക്ഷകൾ അസ്തമിക്കാൻ. നല്ലൊരു ദൃഢമായ ബന്ധുബലവും സുഹൃത് ബന്ധങ്ങളും ഉള്ള ഒരു കുടുംബത്തിലെ കുട്ടി. പൊന്നുപോലെയൊരു കുഞ്ഞും.

കണ്ടുകൊതി തീരാത്ത സ്വന്തം കുഞ്ഞിനെ തനിച്ചാക്കി ആത്മഹത്യയിലേക്ക് പോകാൻ മാത്രം മണ്ടിയല്ല ആൻലിയ എന്നുള്ളത് അവളെ അടുത്തറിയാവുന്നവർക്കേ മനസ്സിലാകൂ. ആൻലിയ എന്ന കുട്ടിയെ ആ കുടുംബത്തെ അടുത്തറിയുന്നവർക്കറിയാം അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നുള്ള സത്യം.
ഒരുപാട് സ്വപ്നങ്ങളും പേറി നിറഞ്ഞ സന്തോഷത്തോടെ നഴ്‌സിങ് പഠിക്കാനായി യാത്രയായത് ഇന്നും മനസ്സിൽ മായാതെ നിൽപ്പുണ്ട്. ആദ്യ അവധിക്കു വീട്ടിലെത്തിയ ആൻലിയയ്ക്കു നിറയെ വിശേഷങ്ങൾ ഉണ്ടായിരുന്നു പറയാൻ. അന്നും ഒരുപാട് സന്തോഷമായിരുന്നു ഓരോ പ്രവൃത്തികളിലും. അവളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടുന്നതിന്റെ സന്തോഷമായിരുന്നു കണ്ണുകൾ നിറയെ. തിരിച്ചുപോയതും ഉത്സാഹത്തോടെയായിരുന്നു.

ഈ ഫോട്ടോയിലെ നിറഞ്ഞ ചിരിപോലെ തന്നെയായിരുന്നു ഇവരുടെ ജീവിതവും. ഇത് ഒരു ഫോട്ടോ എടുക്കാനുള്ള ചിരിയല്ല. അവളുടെ ഹൃദയത്തിൽ നിന്നുമുതിരുന്ന കളങ്കമില്ലാത്ത ചിരിയാണ്. കപടതയില്ലാത്ത അഹന്തയില്ലാത്ത ഈ നിഷ്‌കളങ്കതയെ ഇല്ലാതാക്കിയവരെ നിയമം രക്ഷിച്ചാലും ദൈവം രക്ഷിക്കില്ല. തീർച്ചയായും കാലം അവർക്ക് മറുപടി കൊടുക്കട്ടെ.

മകളെ മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമമെന്ന് പിതാവ് ഹൈജിനസ്

മകളുടെ മരണത്തിലെ ദുരൂഹത നീക്കുകയും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ആൻലിയയുടെ പിതാവ് ഹൈജിനസ് മാധ്യമങ്ങൾക്കു മുന്നിലെത്തിയതോടെയാണ് പീഡനത്തിന്റെ കഥകൾ പുറംലോകം അറിയുന്നത്. നല്ല മനക്കരുത്തുള്ള വ്യക്തിയെ മാനസികരോഗിയായി ചിത്രീകരിക്കുക. മാനസിക വെല്ലുവിളി നേരിടുന്നതുകൊണ്ട് ആത്മഹത്യചെയ്തതാണെന്ന് വരുത്തുക. ഈ കളിയാണ് ജസ്റ്റിന്റെ വീട്ടുകാർ കളിച്ചതെന്നാണ് ഹൈജിനസ് പറയുന്നത്.

ആൻലിയ നേരിട്ടത് കടുത്ത പീഡനം

ബി.എസ്.സി നഴ്‌സിങ് പാസായശേഷം ആൻലിയ ജിദ്ദയിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ഒന്നര വർഷം മുമ്പാണ് ആൻലിയയും ദുബായിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ സ്വദേശി ജസ്റ്റിനും തമ്മിലുള്ള വിവാഹം നടന്നത്. എഴുപത് പവൻ സ്വർണാഭരണങ്ങളും 35,000 രൂപയുമാണ് സ്ത്രീധനത്തുകയായി നൽകിയത്. പലയിടത്തുനിന്നും കടമെടുത്ത് പത്ത് ലക്ഷത്തോളം രൂപയിലേറെ ചെലവഴിച്ചാണ് വിവാഹ ചടങ്ങ് നടത്തിയത്. എം.എസ്.സി നഴ്‌സിങ് പഠനം പൂർത്തിയാക്കി നഴ്സിങ് മേഖലയിൽ അദ്ധ്യാപനരംഗത്തേക്ക് കടക്കാനുള്ള ആൻലിയയുടെ ആഗ്രഹം സാധിച്ചുനൽകാമെന്ന് ഭർത്താവ് ജസ്റ്റിൻ വിവാഹത്തിന് മുമ്പ് സമ്മതിച്ചിരുന്നതാണ്. പക്ഷെ വിവാഹ ശേഷം ഭർതൃവീട്ടുകാരുടെ സമീപനത്തിൽ മാറ്റമുണ്ടായി.

ആൻലിയയെ ജസ്റ്റിൻ ദുബായിലേക്ക് കൊണ്ടുപോയി. അവിടെ നഴ്‌സിങ് ജോലിയിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. നഴ്സിംഗുമായി ബന്ധപ്പെട്ട് യു.എ.ഇ ആരോഗ്യ വകുപ്പ് നടത്തുന്ന പരീക്ഷ ആൻലിയയ്ക്ക് എഴുതാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആൻലിയ ഗർഭിണിയായി. അതിനിടെ ഭർത്താവ് ജസ്റ്റിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഗൾഫ് ജീവിതം അവസാനിപ്പിച്ചു ഇരുവരും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.

വീട്ടിലെത്തിയശേഷവും ജോലി ലഭിക്കാത്തതിൽ പരാതിപ്പെട്ടും വീട്ടുകാരിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെട്ടും ഭർത്താവും ഭർതൃമാതാവ് ഉൾപ്പെടെയുള്ള വീട്ടുകാരും ആൻലിയയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഹൈജിനസ് പരാതിപ്പെടുന്നു. മാതാപിതാക്കൾ നാട്ടിലില്ലാത്തതിനാൽ വീട്ടിലെ ഈ പീഡനത്തെക്കുറിച്ചെല്ലാം കൊയമ്പത്തൂരിൽ ബിടെക്കിന് പഠിക്കുന്ന സഹോദരൻ അഭിഷേകിനോടാണ് എല്ലാ വിവരങ്ങളും പറഞ്ഞിരുന്നത്. അഭിഷേക് കൊച്ചിയിലെ എംഎൽഎ കെ.ജെ മാക്സി ഉൾപ്പെടെയുള്ളവരെ വിവരം ധരിപ്പിച്ചു.

ആൻലിയയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നഴ്‌സിങ് പോസ്റ്റ് ഗ്രാജുവേഷൻ വിദൂര പഠന കോഴ്‌സിൽ ചേർന്നത്. കുഞ്ഞിനേയും കുടുംബത്തെയും പിരിഞ്ഞു പരീക്ഷയ്ക്കായി മൂന്നാഴ്ച മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് പോയി. ആഗസ്റ്റിൽ ഓണാവധിക്ക് ബാംഗ്ലൂരിൽ നിന്നും തൃശൂരിലുള്ള വീട്ടിലെത്തിയെങ്കിലും വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ അവധി അവസാനിക്കുന്നതിനു(ഓഗസ്റ്റ് 27)ന് മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

അവധി കഴിഞ്ഞു പോയാൽ മതിയെന്ന് പറഞ്ഞ സഹോദരനോട് 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും' എന്നായിരുന്നു ആൻലിയ വാട്ട്‌സപ്പ് വഴി നൽകിയ മറുപടി. കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും ഓണം ആയിരിക്കും ഇതെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഭർതൃവീട്ടുകാരായിരിക്കുമെന്നു അവർ സന്ദേശമയച്ചു.

ജസ്റ്റിന്റെ വീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണു ആൻലിയ എറണാകുളം കടവന്ത്രയിലെ ഫ്‌ളാറ്റിൽ വന്നത്. പൊലീസിൽ പരാതി നൽകാൻ പലരും നിർദ്ദേശിച്ചതനുസരിച്ചാണ് 18 പേജിൽ പ്രശ്‌നങ്ങളെല്ലാം എഴുതിയത്. എന്നാൽ ഈ പരാതി കടവന്ത്ര പൊലീസിനു നൽകിയില്ല. കാരണം അതിനു മുൻപായി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം, ഇനി മർദിക്കില്ല, വീട്ടിൽ ബുദ്ധിമുട്ടിക്കില്ല എന്നെല്ലാം പറഞ്ഞു ജസ്റ്റിൻ വീട്ടിൽവന്നു. മകളെ കൂട്ടിക്കൊണ്ടു പോയി. ഈ പരാതി പിന്നീടാണു ഞങ്ങൾ കണ്ടെടുത്തത്. ഇത് എഴുതിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മകളുടെ ഭർതൃവീട്ടുകാർക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ മറ്റുള്ളവർക്കു കഴിയില്ലായിരുന്നു ഹൈജിനസ് പറഞ്ഞു.

പൊലീസിൽ പരാതി നൽകി മുന്നോട്ടുപോയതും മാധ്യമങ്ങളിൽ വാർത്ത വന്നതും ആരോപണവിധേയരെ പ്രകോപിപ്പിച്ചു. തനിക്കെതിരെ ഫേസ്‌ബുക്കിൽ ജസ്റ്റിന്റെ വീട്ടുകാർ അസഭ്യവർഷം നടത്തുകയാണ്. മകളുടെ നീതിക്കായി 'ജസ്റ്റിസ് ഫോർ ആൻലിയ' എന്ന ഫേസ്‌ബുക് പേജ് തുടങ്ങിയിട്ടുണ്ട്. തന്നെ സഹായിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണു പിന്നിൽ. എന്നാൽ ഈ പേജിൽ തന്നെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്യുകയാണു പ്രതിയും വീട്ടുകാരും ഹൈജിനസ് ആരോപിച്ചു.

ആൻലിയയുടെ ഡയറിക്കുറിപ്പുകൾ പറയുന്നത്

ആൻലിയയുടെ കുടുംബത്തിന്റെ ആരോപണങ്ങളും കാണാതാകുന്നതിന് തൊട്ടുമുമ്പ് ആൻലിയ സഹോദരന് അയച്ച സന്ദേശങ്ങളും ശരിവയ്ക്കുന്നതാണു പതിനെട്ടു പേജുള്ള ഡയറിക്കുറിപ്പുകൾ. ജോലി നഷ്ടപ്പെട്ടതു മറച്ചുവച്ചാണു ഭർത്താവ് തന്നെ വിവാഹം കഴിച്ചതെന്നു ഡയറിയിലുണ്ട്. തന്നെ നിർബന്ധിച്ചു ജോലി രാജിവയ്പിച്ചെന്നും ജസ്റ്റിന്റെ വീട്ടിൽവച്ചു ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഴുതിയ ആൻലിയ തന്റെ ജീവിത സ്വപ്നങ്ങളും ആ താളുകളിൽ എഴുതിച്ചേർക്കുന്നു. നാട്ടിൽ നല്ലൊരു ജോലി ലഭിക്കുന്നതും വിദ്യാഭ്യാസം നൽകി കുഞ്ഞിനെ വളർത്തുന്നതും വീടുവയ്ക്കുന്നതും കാർ വാങ്ങുന്നതും സമ്പാദ്യമുണ്ടാക്കുന്നതുമെല്ലാം തന്റെ സ്വപ്നങ്ങളായി പങ്കുവയ്ക്കുന്നു.

എല്ലാം നേടുമെന്ന് സ്വയം ഉറപ്പിക്കുന്ന വാക്കുകൾ. തന്റെ ജീവിതത്തിലെ മറക്കരുതാത്ത ദിവസങ്ങൾ, വിവാഹം, അമ്മയാകുകയാണെന്നറിഞ്ഞത്, ഏറെ ഇഷ്ടമുള്ള ബന്ധുക്കളും കൂട്ടുകാരും, തന്റെ സ്വപ്നങ്ങൾ തകർന്നത്, തന്നെ മാനസിക രോഗിയാക്കാൻ ശ്രമിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം എഴുതിവച്ചിരിക്കുകയാണ് ആ യുവതി. കടവന്ത്ര പൊലീസിനെഴുതിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഡയറിയിലുമുള്ളത്. ഗർഭിണിയായപ്പോഴും മനസലിവുണ്ടായില്ല.

തനിക്കു പഴകിയ ഭക്ഷണമാണു നൽകിയത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവം തുടർന്നു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചായിരുന്നു പീഡനം. വീട്ടിൽനിന്നാൽ ജസ്റ്റിനും അമ്മയുംകൂടി കൊല്ലും. പൊലീസ് സ്റ്റേഷനിൽ പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാം എഴുതി സഹോദരനയച്ച സന്ദേശങ്ങളും ഡയറിക്കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.

തന്നിൽനിന്നു കുഞ്ഞിനെ വേർപെടുത്താനും ശ്രമങ്ങളുണ്ടായെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും ആൻലിയ ആത്മഹത്യാ സൂചന നൽകിയിട്ടില്ല. അതിനാൽ തന്നെ ആൻലിയ ആത്മഹത്യ ചെയ്തതല്ലെന്നും ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു എന്നും കുടുംബം കരുതുന്നു. മാത്രമല്ല, ബാംഗ്‌ളൂരിലേക്ക് തൃശൂരിൽ നിന്ന് ട്രെയിൻ കയറ്റിവിട്ടുവെന്ന് ആണ് ജസ്റ്റിൻ പറയുന്നത്. ബാംഗ്‌ളൂരിലേക്ക ട്രെയിൻകയറിപ്പോയ യുവതിയുടെ മൃതദേഹം പെരിയാറിൽ കാണുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇതെല്ലാം ദുരൂഹമാണ്. അതിനാൽ തന്നെ മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് കുടുംബം.

താൻ വലിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവം ഭയക്കാതെ ജീവിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന് അച്ഛൻ വേണമെന്നും തനിക്കു ഭർത്താവിനെ വേണമെന്നും പറയുന്ന പരാതിയിൽ ഈ നാട്ടിൽ വേറെയാരുമില്ലെന്നും വീട്ടുകാർ നാട്ടിലില്ലെന്നും തന്റെ അപേക്ഷ ദയാപൂർവം പരിഗണിക്കണമെന്നുമായിരുന്നു എഴുതിയിരുന്നത്. ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന പീഡനങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിത്രവും ആൻ ലിയ വരച്ചിരുന്നു. ചുറ്റും ഉപദ്രവിക്കാൻ ശ്രമിക്കുന്ന കുറേ കൈകൾക്കു നടുവിൽ കരഞ്ഞുകൊണ്ട് കുറിപ്പെഴുതുന്ന തന്റെ പ്രതീകത്തെയാണ് വരച്ചത്.

മൃതദേഹം എങ്ങനെ പെരിയാർ പുഴയിലെത്തി?

2018 ഓഗസ്റ്റ് 25നാണ് ആൻലിയയെ കാണാതാകുന്നത്. ഭർത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോൾ, തൃശൂർ റെയിൽവെ എഎസ്ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആൻലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിൻ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയിൽവെ പൊലീസിൽ പരാതി കൊടുത്തത്.

ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോർത്ത് പറവൂർ വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാറിൽ യുവതിയുടെ ചീർത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആൻലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കൾക്കു പരിശോധനകളെല്ലാം പൂർത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്. സംസ്‌കാര ചടങ്ങുകളിൽ ഭർത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭർതൃവീട്ടുകാർ തയാറായില്ല. മകളെ കാണാതായപ്പോൾ ആ വിവരം തങ്ങളെ അറിയിക്കാതെ പൊലീസിൽ മാത്രം അറിയിച്ചത് എന്തുകൊണ്ടാണെന്നു ഹൈജിനസ് ചോദിക്കുന്നു. മകളുടെ മരണവിവരം ഭർത്താവിന്റെ ബന്ധുക്കളും അയൽവാസികളും അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്

മകളുടെ മരണം ആത്മഹത്യയാക്കി മാറ്റി ജസ്റ്റിനും കൂട്ടരും രക്ഷപെടും എന്നു മനസിലാക്കിയപ്പോഴാണു മുഖ്യമന്ത്രിയെ കണ്ട് തെളിവുകളും സങ്കട ഹർജിയും നൽകിയത്. എന്താണ് ചെയ്യേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങോട്ടു ചോദിച്ചു. പൊലീസുകാർക്കെതിരെ ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഇപ്പോൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നേ ആവശ്യപ്പെട്ടുള്ളൂ. ആര് അന്വേഷിച്ചാലും സത്യം കണ്ടു പിടിക്കണം. മകൾക്ക് നീതി ലഭിക്കണമെന്നും അറിയിച്ചു. മാധ്യമങ്ങളിൽ വാർത്ത വരികയും മുഖ്യമന്ത്രി ഇടപെടുകയും ചെയ്തതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു മുന്നിലെത്തുകയും തൊട്ടു പിന്നാലെ ജസ്റ്റിൻ കോടതിയിൽ കീഴടങ്ങുകയുമായിരുന്നു.