കൊച്ചി: ജീവിതത്തിൽ ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അൻസി കബീർ. തന്റെ സ്വപ്‌നങ്ങൾക്കൊപ്പം ചിറകു വിരിച്ചു പറക്കാൻ ഏറെ ആഗ്രഹമായിരുന്നു അവൾക്ക്. സിനിമയും മോഡലിങുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും പഠനം തന്നെയായിരുന്നു അൻസിക്ക് ഏറെ പ്രിയങ്കരം. ക്യാറ്റ് പരീക്ഷ എഴുതി നല്ല നിലയിൽ വിജയിക്കുക എന്നതായിരുന്നു അവളുടെ ആഗ്രഹം. ആ ആഗ്രഹങ്ങൾ എല്ലാം തന്നെ തന്റെ വീട്ടിലെ ചുവരിൽ അവൾ കോറിവെച്ചിരുന്നു. ആ മുറിയിലെ കയറുമ്പോൾ അൻസിയുടെ തകർന്ന സ്വപ്‌നങ്ങളുടെ വേദനയിൽ വിങ്ങുകയാണ് മാതാപിതാക്കൾ.

ഈ മാസം ക്യാറ്റ് പരീക്ഷയെഴുതാൻ ഫീസടച്ച് അതിനുള്ള ഒരുക്കത്തിലായിരുന്നു അൻസി. അതുകഴിഞ്ഞ് മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പു നടത്താനുമായിരുന്നു ശ്രമം. ഇതിനിടയിൽ കാൻസർ സെന്ററിൽ അർബുദരോഗികൾക്ക് മുടി ദാനംചെയ്യണമെന്ന മോഹവും അവൾക്കുണ്ടായിരുന്നു. ഇതെല്ലാം കൊച്ചു കുറിപ്പുകളായി അവൾ മുറിയിലെ ചുമരിൽ എഴുതിയൊട്ടിച്ചിരുന്നു. ജീവിതത്തിൽ എന്തായിത്തീരണമെന്നുള്ള അവളുടെ മനസ്സ് അടയാളപ്പെടുത്തുന്നതാണ് ഈ കുറിപ്പുകളെല്ലാം. അൻസിയുടെ പിതാവ് കബീർ വേദനയോടെ പറയുന്നത് ഇങ്ങനെയാണ്.

വൈറ്റിലയിൽ ഉ്ണ്ടായ അപകടത്തിൽ മകൾ മരിച്ചതിൽ ദുരൂഹതകൾ ഏറെയുണ്ട്. ഇതേക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയുകയും അന്വേഷിക്കുകകയും ചെയ്യുന്നുണ്ട് പിതാവ്. അൻസിയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ മാറ്റി, സത്യം പുറത്തുവരാനുണ്ടെന്ന് അദ്ദേഹം പറയുന്നു. അൻസിക്ക് സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്നാണ് കബീർ പറയുന്നത്.

'സിനിമ അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അതൊരിക്കലും അവളുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നില്ല. സിനിമയ്ക്കുവേണ്ടി എവിടെയെങ്കിലും പോകാനോ ചാൻസ് ചോദിക്കാനോ ഒന്നും അവൾ തയ്യാറായിരുന്നില്ല. ചില വാഗ്ദാനങ്ങൾ വന്നെങ്കിലും അതെല്ലാം നോക്കിമാത്രമാണ് അവൾ സ്വീകരിച്ചിരുന്നത്. ഹോട്ടലിൽ നടന്ന പാർട്ടിയിലും അതേ നിലപാട് തന്നെയാകും മോൾ സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണോ, വാർത്തകളിൽ പറയുന്നതുപോലെ ഒരു കാർ അവരുടെ കാറിനെ പിന്തുടർന്നതെന്നറിയില്ല. എന്തായാലും മോളുടെ മരണത്തിന്റെ എല്ലാ സത്യങ്ങളും പുറത്തുവരണം'' -കബീർ ഒരു പത്രത്തോട് പറഞ്ഞു.

കാർ പിന്തുടർന്നുവെന്നു പറയുന്നതിലും ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് മാറ്റിയെന്നു പറയുന്നതിലും ദുരൂഹതയുണ്ടെന്ന വാർത്തകൾ കേട്ടതായി കബീർ പറഞ്ഞു. ഹോട്ടലുടമയെ അൻസിക്ക് നേരത്തെ പരിചയമുള്ളതായി കബീറിനറിയില്ല. ഹോട്ടലിൽ നടന്ന പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തുവെന്ന കാര്യവും അറിയില്ല. ആറ്റിങ്ങൽ ആലങ്കോട്ടുള്ള വീട്ടിൽ അൻസിയുടെ മുറിയിൽ സങ്കടങ്ങളുടെ കൂട്ടിലാണ് ഇപ്പോഴും കബീറും ഭാര്യ റസീനയും. ഒപ്പം, കഴിഞ്ഞമാസം 25 വയസ്സ് പൂർത്തിയായ മകളുടെ ജന്മദിനത്തിന്റെ മായാത്ത ചില സങ്കടങ്ങളുമാണ് അദ്ദേഹത്തിന്റെ ഉള്ളിൽ.

കഴിഞ്ഞമാസം 15-നായിരുന്നു അൻസിയുടെ പിറന്നാൾ. സാധാരണഗതിയിൽ ജന്മദിനത്തിന് അവൾ കൂട്ടുകാരുടെ കൂടെ പോയി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ അവൾ ജന്മദിനത്തിൽ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ആശംസ നേരാൻ ഖത്തറിൽനിന്ന് ഞാൻ വിളിക്കുമ്പോൾ അവൾ മുറിയിലിരുന്നാണ് സംസാരിച്ചതെന്നും പിതാവ് ഓർക്കുന്നു. സെപ്റ്റംബറിൽ ഞാൻ നാട്ടിൽനിന്ന് ഖത്തറിലേക്ക് മടങ്ങുമ്പോൾ അവളെ കെട്ടിപ്പിടിച്ച് യാത്രപറയാൻ പോലും സാധിച്ചിരുന്നില്ല. അതിനുമുമ്പ് അവൾക്ക് കോവിഡ് വന്നതിനാൽ അൽപ്പം ദൂരെ നിന്നാണ് മോൾ എന്നെ യാത്രയാക്കിയതെന്നും സങ്കടത്തോടെ പിതാവ് പറയുന്നു.