തിരുവനന്തപുരം: ഒമ്പത് വയസുകാരി പ്രതിഷ്ഠ നടത്തിയ ചിറയിൻകീഴിലെ ശനീശ്വര ക്ഷേത്രം ഇല്ലാതാക്കാൻ ഒരു വിഭാഗത്തിന്റെ ആസൂത്രിക നീക്കമെന്ന് പരാതി. ക്ഷേത്ര ഉടമ അനിലൻ നമ്പൂതിരിക്കും ഭാര്യക്കും വധ ഭീഷണിയുമുണ്ട്. ചിറയിൻകീഴ് ആനത്തലവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണവും ഭീഷണിയും പതിവാകുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും അനിലൻ നമ്പൂതിരിയും ഭാര്യ സ്മിത അന്തർജ്ജനവും പറയുന്നു. പൂജ ചെയ്യുന്നത് തടസ്സപ്പെടുത്താൻ ഭൂമി വിലയ്ക്കു നൽകിയ സ്ത്രീയും മറ്റു രണ്ടു മൂന്ന് സ്ത്രീകകളും പൂജാ സമയത്തു വന്നു അസഭ്യം പറയുന്നതായും ഇവർ പറയുന്നു.

ഒമ്പത് വയസുള്ള പെൺകുട്ടി തന്ത്രിക വിധി പ്രകാരം ശനീശ്വര പ്രതിഷ്ഠ നടത്തിയത് എതാനും വർഷങ്ങൾക്ക് മുമ്പ് വലിയ വാർത്തയായിരുന്നു. ഇന്ത്യയിൽ തന്നെ അത്യപൂർവ്വമായ ശനി ക്ഷേത്രമാണ് ഇവിടെ. പ്രതിഷ്ഠ നടത്തിയ അന്ന് മുതൽ സമീപവാസികളായ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ശനിശ്വര ക്ഷേത്രം നശിപ്പിക്കാനും, ഇല്ലാതാക്കാനും വർഷങ്ങളായി ഇവർ ശ്രമിക്കയാണ്. കഞ്ചാവ് -കള്ള് - മറ്റ് അനാശാസ്യ ദുർനടപടികളുടെ കൂത്തരങ്ങ് ആയിരുന്നു സമീപ പ്രദേശങ്ങൾ എന്നാണ് അനിലൻ നമ്പൂതിരി പറയുന്നത്. ഇവിടെ ഒരു ക്ഷേത്രം ഉയർന്നു വരുന്നത് ഇത്തരം പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയാകും എന്നുള്ളതുകൊണ്ടാണ് ഇവർ എതിർപ്പുമായി രംഗത്ത് വന്നത്. പൊലീസ് നടപടി എടുക്കാത്തതിനാൽ ഇപ്പോൾ ശനീശ്വര ക്ഷേത്രത്തിന്റെ വക പുരയിടത്തിലും തിടപ്പള്ളിയിലും സാമൂഹ്യ വിരുദ്ധന്മാർ അഴിഞ്ഞാടുകയാണ്.

മദ്യപാനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിന്റെ ഉടമ കൂടിയായ അനിലൻ നമ്പൂതിരിയും ഭാര്യ സ്മിത അന്തർജ്ജനവും കേരള ഹൈക്കോടതിയിൽ പരാതി നൽകുകയും ആറ്റിങ്ങൽ മുൻസിഫ് കോടതിയിൽ നിന്ന് ക്ഷേത്രത്തിൽ പൂജാ ആവശ്യങ്ങൾക്ക് അല്ലാതെ എതിർ കക്ഷികൾ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ,കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ചുകൊണ്ട് ആളുകൾ ക്ഷേത്ര നിവേദ്യപുരയിൽ കയറുകയും ഭിത്തി തകർക്കുകയും ചെയ്തു. നിരവധി വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും തകർത്തു.

ഇതേ തുടർന്ന് അനിലൻ നമ്പൂതിരി ക്ഷേത്രത്തിൽ സി.സി.ടി.വി സ്ഥാപിച്ചു. ഇതോടെ ഒരു കൂട്ടം ആളുകൾ ഇവർക്ക് എതിരെ അണി നിരന്നു എതിർക്കുകയും കേട്ടാലറക്കുന്ന ഭാഷയിൽ അനിലൻ നമ്പൂതിരിയെയും ഭാര്യ സ്മിതയെയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായി. അനിലൻ അനിലൻ നമ്പൂതിരിയും ഭാര്യ സ്മിതയും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി എങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയപ്പോൾ എസ്‌ഐ വിചിത്രമായ മറുപടിയാണ് നൽകിയത്. സി.സി.ടി.വി ദൃശ്യം ഉണ്ടായിട്ടും അങ്ങനെ ഒരു സംഭവം ഉണ്ടായില്ല എന്നുള്ള മറുപടിയാണ് കിട്ടിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രത്തെക്കുറിച്ച് അല്പം കാര്യം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ആനത്തലവട്ടത്ത് സ്ഥിതി ചെയ്യുന്ന ശനീശ്വര ക്ഷേത്രത്തിന് സവിശേഷമായ ഒരു പ്രത്യേകതയുണ്ട്. അക്കാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ താന്ത്രിക മേഖലയിലെ പെൺ സാന്നിദ്ധ്യം കൊല്ലം കടയ്ക്കൽ ചിതറ സ്വദേശി അനിലൻ നമ്പൂതിരി - സ്മിത ദമ്പതികളുടെ മകൾ നിരഞ്ജനയാണ്. ഇതേ കുറിച്ച് അനിലൻ നമ്പൂതിരി സംസാരിക്കുന്നു. :

ഇന്ത്യയിൽ തന്നെ ശനീശ്വരൻ മാത്രമായി പ്രതിഷ്ഠയുള്ള അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. മറ്റു ശനി ക്ഷേത്രങ്ങളിൽ ഒന്നുങ്കിൽ ഉപദേവന്മാരോ, അല്ലെങ്കിൽ നവഗ്രഹങ്ങളിൽ ഒന്നു മാത്രമായോ ആകും ശനിയുടെ സ്ഥാനം. എന്നാൽ ചിറയിൻകീഴെ ശനീശ്വരൻ അങ്ങനെയല്ല. ഇവിടെ പ്രതിഷ്ഠ നടത്തിയത് 9 വയസ്സുള്ള ഒരു പെൺകുട്ടിയാണ്.പുജയ്‌ക്കോ അർച്ചനയ്‌ക്കോ ഒരു രൂപാ പോലും ആരിൽ നിന്നും വാങ്ങുന്ന പതിവില്ലെന്നാണ് അനിലൻ നമ്പൂതിരി പറയുന്നത്. ക്ഷേത്ര നിർമ്മിതിക്കും ആരിൽ നിന്നും ഒരു രൂപാ പോലും വാങ്ങിയിട്ടില്ല. എന്നാൽ, ഈ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയ തനിക്കും കുടുംബത്തിനും ജീവഹാനി ഭയന്ന് സ്വന്തം പേരിൽ കൂട്ടി കരമൊടുക്കുന്ന ക്ഷേത്ര ഭൂമിയിൽ കയറാൻ കഴിയുന്നില്ല. എന്തിനും മടിക്കാത്ത ഇക്കൂട്ടർ സ്ത്രീപീഡനക്കേസിൽ കുടുക്കി അകത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയാണ്. ഇതോടെ ഒരു വർഷം പിന്നിടുന്നു ക്ഷേത്രത്തിൽ പോയിട്ടെന്ന് ഇപ്പോൾ കൊല്ലം കടയ്ക്കൽ ചിതറയിൽ താമസിക്കുന്ന അനിലൻ നമ്പൂതിരി- സ്മിത ദമ്പതികൾ പറയുന്നു.