കൊച്ചി: ഒരു ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ സിനിമ നൂറു കോടി ക്ലബ്ബിൽ. മലയാള സിനിമയിൽ റിസർവ്വേഷനിലൂടെ ഈ സ്വപ്‌ന തുല്യമായ നേട്ടം സ്വന്തമാക്കുകയാണ് ആന്റണി പെരുമ്പാവൂരെന്ന നിർമ്മാതാവും മോഹൻലാലിന്റെ വിശ്വസ്തനും. മോഹൻലാലിന്റെ ഡ്രൈവറായി എത്തി മലയാള സിനിമയെ നിയന്ത്രിക്കുന്ന കച്ചവടക്കാരനായ സാധാരണക്കാരൻ. ആന്റണിക്ക് ഇന്ന് ഒരു സൂപ്പർ താരത്തോളം തന്നെ നക്ഷത്രത്തിളക്കമുണ്ട് ആന്റണി പെരുമ്പാവൂർ എന്ന പേരിന്.

മോഹൻലാലിന്റെ ഡ്രൈവറായെത്തി സൂപ്പർ താരത്തിന്റെ വിശ്വസ്തനായി ഒടുവിൽ മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തിൽ തന്നെ ഒരു ബ്രാൻഡാക്കി മാറ്റുന്നതിൽ ഈ മനുഷ്യന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല.മരക്കാർ വിഷയവുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുക്കൾ ഈ മനുഷ്യന്റെ ഭൂതകാലങ്ങളെ കൃത്യമായി അടയാളെപ്പെടുത്തുന്നതായിരുന്നു.ഇനി ആന്റണിയെ ആ പഴയ ജീവിതത്തിലേക്ക് തള്ളിവിടാൻ പറ്റില്ലെന്ന് പ്രിയൻ പറയുമ്പോൾ അത് ഈ മനുഷ്യന്റെ പോയകാല ജീവിതം അത്രമേൽ കഷ്ടതകൾ നിറഞ്ഞതായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

ഒരു സിനിമാക്കഥ പോലെ സസ്പെൻസും ആക്ഷനും സെന്റിമെൻസും ഒക്കെ നിറഞ്ഞതാണ് മാലേക്കുടി ജോസഫ് ആന്റണിയിൽ നിന്ന് ആന്റണി പെരുമ്പാവൂർ എന്ന മലയാളത്തിലെ ഏറ്റവും വിലപ്പെട്ട നിർമ്മാതാവിലേക്കുള്ള വളർച്ചയുടെ കഥ. മലയാള സിനിമ വ്യവസായത്തെ പുലിമുരുകന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തുന്നത് പോലെ തന്നെ അടയാളെപ്പെടുത്തേണ്ടി വരും ആന്റണിയുടെ കാലത്തെ സിനിമയെയും മുൻപത്തെ സിനിമകളെയും. മരയ്ക്കാർ വിജയം ഉറപ്പാക്കി. ഇതിനിടെ ആന്റണിയുടെ ഓഫീസിലേക്ക് ഇഡിയും ഇരച്ചു കയറി.

കേന്ദ്ര ഏജൻസിക്ക് ഈ കണക്കുകൾ കൃത്യമായി കൊടുക്കുകയെന്നതാണ് ഇനി ആന്റണിക്ക് മുമ്പിലുള്ള വലിയ വെല്ലുവളി. അതിന് ശേഷം ബറോസും എമ്പുരാനും. ഈ ബിഗ് ബജറ്റ് സിനിമകൾക്ക് ആന്റണിക്ക് പ്രചോദനമാണ് മരയ്ക്കാറിന്റെ വിജയം

ആന്റണീ.. ഒറ്റ വിളിയിൽ മാറിപ്പോയ ജീവിതം

മോഹൻലാലിന്റെ സന്തത സഹചാരിയായി തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റിലീസ് തീരുമാനിക്കുന്നതിൽ എത്തി നിൽക്കുകയാണ് മോഹൻലാൽ ആന്റണി കൂട്ടുകെട്ട്.1987ൽ മോഹൻലാലിന്റെ പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കാലം. ഷൂട്ടിങ് സെറ്റിൽ താൽക്കാലിക ഡ്രൈവറാകാനുള്ള അവസരം ആന്റണിക്ക് കിട്ടി. സെറ്റിൽ മോഹൻലാലിന്റെ കാറിന്റെ ഡ്രൈവിങ് സീറ്റാണ് ആന്റണിക്ക് കിട്ടിയത്. 22 ദിവസത്തോളം മോഹൻലാലിന്റെ സാരഥിയായി. പണ്ടുമുതലേ മോഹൻലാലിന്റെ കടുത്ത ആരാധകനായ ആന്റണിക്ക് കിട്ടിയ ഇരട്ടി ഭാഗ്യമായിരുന്നു അത്.

ഷൂട്ടിങ്ങ് പൂർത്തിയായതോടെ തന്റെ പ്രിയ താരത്തോട് യാത്ര പറഞ്ഞ് ആന്റണി മടങ്ങുകയും ചെയ്തു.പക്ഷെ അപ്പോഴും തനിക്ക് വീണ്ടും ഒരവസരം ലഭിക്കുമെന്ന് ആന്റണി കരുതിയില്ല.ചെല്ലാൻ പറ്റുന്ന ദൂരത്ത് മോഹൻലാലിന്റെ ഷൂട്ടിങ്ങ് ഉണ്ടെന്ന് അറിഞ്ഞാൽ അത് കാണാൻ പോകുന്ന പതിവ് ആന്റണി മുടക്കിയിരുന്നില്ല. അങ്ങിനെ അമ്പലമുഗളിൽ മൂന്നാംമൂറയുടെ ഷൂട്ടിങ്ങ് സെറ്റിലും ആന്റണിയും സുഹൃത്തുക്കളുമെത്തി.ആന്റണിയെപ്പോലും ഞെട്ടിച്ച് ആൾക്കൂട്ടത്തിനിടയിൽ നിന്നും മോഹൻലാൽ നീട്ടി വിളിച്ചു... ആന്റണീ.... തന്നെയായിരിക്കില്ലെന്ന് ശങ്കിച്ചു നിന്ന ആന്റണിക്ക് നേരെ മോഹൻലാൽ വീണ്ടും കൈവീശിക്കാണിച്ചതോടെയാണ് തന്നെയാണെന്ന് ഉൾക്കൊള്ളാൻ ആന്റണിക്ക് സാധിച്ചത്.

ഷൂട്ടിങ് കഴിഞ്ഞപ്പോൾ അടുത്തുവിളിച്ചു. പിറ്റേദിവസം മുതൽ കാറുമായി വരാൻ പറഞ്ഞു. അങ്ങനെ വീണ്ടും ആന്റണി മോഹൻലാലിന്റെ ഡ്രൈവറായി. ആ യാത്രകൾക്കിടയിലാകണം, തന്നോടുള്ള ആന്റണിയുടെ കടുത്ത ആരാധനയും വിശ്വസ്തതയും മോഹൻലാലിന് ബോധ്യമായത്.അങ്ങിനെ മൂന്നാംമൂറയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്റണിയെ അദ്ഭുതപ്പെടുത്തി മോഹൻലാൽ ആ ചോദ്യം ചോദിച്ചു. പോരുന്നോ കൂടെ. ആന്റണിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല.ഒപ്പം കൂടി.. ഇന്ന് കാണുന്ന ഇ അത്്ഭുത കൂട്ടുകെട്ടിലേക്കുള്ള വളർച്ച അന്ന് തുടങ്ങിയതാണ്.

നിർമ്മാതാവിലേക്കും നടനിലേക്കും

മോഹൻലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായി മാറി മലയാളസിനിമാ ലോകം അറിയുന്ന ആന്റണി പെരുമ്പാവൂരിലേക്കുള്ള വളർച്ചയായിരുന്നു സാധാരണക്കാരനായ ആ ഡ്രൈവറുടേത്.മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി തുടക്കമിട്ടെങ്കിലും പിന്നീട് മാനേജരും നിത്യജീവിതത്തിലെ അടുത്ത സുഹൃത്തുമായി ആന്റണി പ്രസിദ്ധി നേടി. തുടർന്ന് 2000 ൽ നരസിംഹം എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രം നിർമ്മിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.

തുടർന്ന് ഇന്ന് മോഹൻലാലിനെ നായകനാക്കി മുപ്പത്തി മൂന്ന് സിനിമകൾ ആന്റണി നിർമ്മിച്ചു. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ നരൻ, ദൃശ്യം, ലൂസിഫർ എന്നിവയൊക്കെ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നവയാണ്.മോഹൻലാലിനെ നായകനാക്കിയല്ലാതെ ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് 'ആദി' മാത്രമാണ്. ആശീർവാദ് സിനിമാസ് എന്ന ബാനറിൽ ഏറെ മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ച് മലയാള സിനിമയിലെ മുൻ നിര നിർമ്മാതാവായും ആന്റണി പെരുമ്പാവൂർ മാറി. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്.

മലയാളത്തെ ബ്രാൻഡാക്കിയ നിർമ്മാതാവ്

ലോക സിനിമാ ഭൂപടത്തിൽ മികച്ച സിനിമകളോടെ മലയാളം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു വ്യവസായം എന്ന നിലയിൽ ഇന്ത്യയിലെ തന്നെ അത്ര വളർച്ചയില്ലാത്ത സിനിമാ മേഖലയായിരുന്നു മലയാളത്തിലേത്.ഇന്ന് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലുടെ ഒടിടിയിൽപ്പോലും ലോകത്തെ ശ്രദ്ധേയ ബ്രാൻഡായി മലയാളം മാറിയതിന് പിന്നിൽ ഈ പെരുമ്പാവൂരുകാരന്റെ തന്ത്രം കാണാതിരിക്കാൻ കഴിയില്ല.അതിൽ എടുത്തു പറയേണ്ടത് ദൃശ്യം മാജിക്ക് തന്നെയാണ്.പുലിമുരകന്റെ നൂറു കോടി ക്ലബിലേക്കുപോലും വഴി തുറന്നത് ദൃശ്യത്തിന്റെ സമാനതകളില്ലാത്ത വിജയം തന്നെയാണ്.

ദൃശ്യം നിർമ്മിക്കുമ്പോൾ ആശിർവാദ് മൂവീസിനു ചെലവു 15 കോടി രൂപയാണ്. എന്നാൽ തിയറ്ററിലെ വരുമാനവും അവകാശ വിൽപനയും എല്ലാം ചേർന്നു ദൃശ്യം നടത്തിയതു 100 കോടി രൂപയുടെ ബിസിനസാണ്. ദൃശ്യത്തിന്റെ ചൈനീസ് പതിപ്പു നടത്തിയത് 17 കോടി ഡോളർ ബിസിനസാണ്. ചൈനയുടെ ഇടത്തരം സിനിമാ ബിസിനസിൽ നടന്ന ഈ കച്ചവടം വൻകിടക്കാരെപ്പോലും ഞെട്ടിച്ചു. ഒരു കോടിയോളം രൂപയ്ക്കാണു ദൃശ്യം ചൈനയിലേക്കു വിറ്റതെന്നാണു സൂചന.

ഒടിടി പ്ളാറ്റ്‌ഫോമുകളിൽ ദൃശ്യം ജനം തുടർച്ചയായി കണ്ടുകൊണ്ടിരുന്നു. മലയാളികൾ മാത്രമല്ല രാജ്യത്തെ എല്ലാ ഭാഷയിലുള്ളവരും ദൃശ്യം കണ്ടു. കണക്കുകൾ ലഭ്യമല്ലെങ്കിലും ഒരു ഇന്ത്യൻ ഭാഷയിൽ ഏറ്റവും കൂടുതൽ േപർ കണ്ട സിനിമ ദൃശ്യമാണ്. മോഹൻലാൽ എന്ന നടനും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് എന്ന ബ്രാൻഡും ലോകത്തെ എല്ലാ സിനിമ കച്ചവടക്കാരുടേയും കണ്ണിൽപ്പെടാൻ ഇടയാക്കിയത് 15 കോടി രൂപയുടെ ഈ സിനിമയാണ്. ഇതു മനസ്സിലാക്കണമെങ്കിൽ പിന്നീടു നടന്ന കച്ചവടങ്ങൾ ശ്രദ്ധിക്കണം.

മോഹൻലാലിന്റെ താരമൂല്യവും പൃഥിരാജിന്റെ മികവും ചേർത്തുണ്ടാക്കിയ 'ലൂസിഫർ' കലക്റ്റു ചെയ്തത് 200 കോടിയാണ്. അതായത് ദൃശ്യത്തിന്റെ കലക്ഷന്റെ നേരെ ഇരട്ടി. അതിനു മുൻപൊരിക്കലും മലയാള സിനിമ ഇതുപോലൊരു കച്ചവടം കണ്ടിട്ടില്ല. തുടർ വിജയവും കണ്ടിട്ടില്ല. ലൂസിഫർ വന്നതോടെ രാജ്യത്തെ എല്ലാ ഭാഷകളിൽനിന്നും റീ മേക്ക് അവകാശത്തിനായി കച്ചവടക്കാർ ഓടിയെത്തി. ചൈനപോലുള്ള രാജ്യങ്ങളിലേക്കുള്ള കച്ചവടം വേറേയും. ദൃശ്യത്തിന്റെ ആദ്യ തിരയിളക്കം കണ്ടതു ലൂസിഫറിലാണ്. ഇതുവരെ മലയാളം കാണാത്ത തരത്തിലുള്ള സിനിമയായതിനാൽ ലൂസിഫർ ആ ചെറിയ തിരയെ വൻതിരയാക്കുകയും ചെയ്തു.

ദൃശ്യം 2 വരുമ്പോൾ എല്ലാവരും കരുതിയത് തിയറ്ററിലേക്കാണെന്നാണ്. 20 കോടി രൂപയ്ക്കു നിർമ്മിച്ച ചിത്രം ഒടിടി കച്ചവടത്തിലൂടെ മാത്രം 30 കോടി ലാഭമുണ്ടാക്കിയെന്നാണ് സൂചന. മരയ്്ക്കാർ എത്തുന്നത് വരെ രാജ്യത്ത് ഒടിടി പ്ളാറ്റ്ഫോമിൽ നടന്ന ഏറ്റവും വലിയ കച്ചവടമാണിത്. ഇതിനു പുറമെയാണ് ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലെ കച്ചവടം. 1200 കോടിക്കു കച്ചവടം നടത്തിയ ചൈനീസ് കമ്പനിതന്നെയാണു ദൃശ്യം 2 വാങ്ങിയത്.

അതായത് ചൈനീസ് അവകാശം വിറ്റതിലൂടെ മാത്രം ചിത്രം നിർമ്മാണ ചെലവു കണ്ടെത്തി. ദൃശ്യം 2 എത്ര കോടി ലാഭമുണ്ടാക്കിയെന്നതു രഹസ്യമാണ്. എന്നാലും 75 കോടിയിലേറെ എന്നതു വിശ്വസനീയമായ കണക്കാണ്.ദൃശ്യം എന്ന സിനിമയിലൂടെ മോഹൻലാൽ ഒരു സിനിമാ ബ്രാൻഡ് ആയി. അതു വളരെ മനോഹരമായി ഈ കോവിഡ് കാലത്തു വിൽക്കപ്പെടുകയും ചെയ്തു. സൂപ്പർ സ്റ്റാറിൽനിന്നും ബ്രാൻഡിലേക്കുള്ള പ്രയാണമാണ് രണ്ടു ദൃശ്യങ്ങളിലൂടെയും കണ്ടത്. ദൃശ്യം ഉണ്ടാക്കിയ ഉണർവാണു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ രാജ്യാന്തര കച്ചവടത്തിനു തുടക്കമിട്ടത്. സിനിമ കണ്ട വൻകിട ഒടിടി പ്ളാറ്റ്ഫോമുകൾ ലേലം വിളിയിലെന്നപോലെയാണ് മരയ്ക്കാർ സ്വന്തമാക്കിയത്.

സിനിമ തന്നെ ജീവിതം

ഇപ്പോൾ നിർമ്മാണം തുടരുന്ന മോഹൻലാൽ സംവിധായകനായ 'ബറോസിനു' വേണ്ടി ആന്റണി പെരുമ്പാവൂർ മുടക്കുന്നതു നൂറു കോടിയിലധികം രൂപയാണ്. തുല്യമായ തുക എമ്പുരാനു വേണ്ടിയും മുടക്കുന്നു. രാജ്യത്തെ ഒരു നിർമ്മാതാവും തുടർച്ചയായി 4 സിനിമകൾക്കു 100 കോടിയോളം രൂപ മുടക്കിയിട്ടില്ല.കോവിഡ് പ്രതിസന്ധി മറികടന്നതും അദ്ഭുതമാണ്. മരയ്ക്കാറിനു വേണ്ടി 100 കോടി മുടക്കിയ നിർമ്മാതാവ് അതു റിലീസ് ചെയ്യാനാകാത്ത അവസ്ഥയിൽ തളരേണ്ടതാണ്. എന്നാൽ കോവിഡ് നിയന്ത്രണത്തിനിടയിൽ 30 ദിവസത്തോളം സെറ്റിലെ എല്ലാവരേയും ഒരു ഹോട്ടലിൽ താമസിപ്പിച്ചാണു ദൃശ്യം 2 ഷൂട്ടു ചെയ്തത്. തികച്ചും അപകടകരമായ ദൗത്യം. എല്ലാവരും പേടിച്ച് അകത്തിരിക്കുമ്പോഴായിരുന്നു ആന്റണിയും മോഹൻലാലും ജീത്തു ജോസഫും ഇറങ്ങിയത്. മരയ്ക്കാർ തിയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ ദൃശ്യം 2 ഒടിടിക്കു വിറ്റേ പറ്റൂവെന്നു പ്രഖ്യാപിച്ച ആന്റണി മറികടന്നതു വലിയൊരു സാമ്പത്തിക ബാധ്യതയെയാണ്. അതോടെയാണു രാജ്യത്തെ പല ഭാഷകളിലും ഉണർവുണ്ടായതും ഈ സമയത്തും കച്ചവടം നടത്താമെന്നുറപ്പിച്ചതും.

ഇവിടെയും തീരുന്നില്ല. ആന്റണി പെരുമ്പാവൂരും മോഹൻലാലും ചൈനീസ് കമ്പനികളുമായി ചേർന്നു നിർമ്മാണ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇവരായിരിക്കും മരയ്ക്കാർ ചൈനയിൽ ഡബ്ബു ചെയ്തു വിതരണം ചെയ്യുക.3000 തിയറ്ററിൽ റിലീസ് അവകാശമുള്ള കമ്പനികളുമായാണ് കരാർ. അതായത് ആശിർവാദ് എന്ന ബ്രാൻഡ് ചൈനയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള മണികിലുക്കം ചെറുതല്ല. മോഹൻലാലിന്റെ മറ്റു മലയാള സിനിമകളും ഇതിലൂടെ ചൈനയിലെത്തും.

മലയാള സിനിമയുടെ വലിയൊരു കച്ചവട ജാലകമാണു ൈചനയിലേക്കു തുറക്കുന്നത്. ദൃശ്യം റിലീസ് ചെയ്തപ്പോൾ മലയാളത്തിൽ മോഹൻലാൽ ചെയ്ത വേഷമെന്ന പരാമർശത്തോടെയായിരുന്നു റിലീസ്. ദൃശ്യം 2 വന്നപ്പോഴും അതുതന്നെ. ആ നടനെ നേരിൽ കാണുക എന്നതാകും മരയ്ക്കാറിലൂടെ ചൈനയിൽ നടത്തുന്നത്. ചൈനീസ് മാധ്യമങ്ങൾ ദൃശ്യത്തിന്റെ വിജയം ആഘോഷിച്ചതു മോഹൻലാലിനെ പരാമർശിച്ചുകൊണ്ടാണ്.

പത്തരമാറ്റിന്റെ സൗഹൃദം

മോഹൻലാലിന്റെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത വ്യക്തിയായി ആന്റണി പെരുമ്പാവൂർ മാറിക്കഴിഞ്ഞു. ലാലിന്റെ കുടുംബത്തിലെ മറ്റൊരംഗം എന്ന നിലയിലേയ്ക്കും ആന്റണി എത്തിനിൽക്കുന്നു.തന്റെ ഭാര്യയെക്കാൾ തനിക്ക് കൂടുതൽ ഇഷ്ടം ആന്റണിയോടാണെന്ന് ഭാര്യയ്ക്ക് പരാതിയുണ്ടെന്ന് മോഹൻ ലാൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായിരുന്നു. തന്റെ സിനിമ ജീവിതത്തിലെ എല്ലാ ഉയർച്ചകൾക്കും നന്മകൾക്കും പിന്നിൽ ആന്റണിയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. തന്റെ അവസാന ശ്വാസം വരെ ആന്റണി തന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നതായും മോഹൻലാൽ പറഞ്ഞിരുന്നു.

ആന്റണിക്ക് മോഹൻലാലിനോടുള്ള ആരാധനയും അടുപ്പവും സിനിമാലോകത്തെ സജീവ ചർച്ചയാണ്. ആന്റണിക്ക് ഭാര്യയാണോ ലാൽ സാറാണോ വലുത് എന്ന് ചോദിച്ചാൽ പോലും ഉത്തരം ലാൽ സാർ എന്നുതന്നെയായിരിക്കും. ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ തന്നെ ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ഒരിക്കൽ ഭാര്യ ശാന്ത ആന്റണിയോട് ചോദിച്ചു. ഞാനും ചേട്ടനും ലാൽ സാറിനൊപ്പം ഒരു ബോട്ടിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. ഒരു അപകടത്തിൽ പെട്ട് ലാൽ സാറും ഞാനും വെള്ളത്തിൽ വീണു. ചേട്ടൻ രക്ഷപ്പെട്ടു. ചേട്ടന് ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിയൂ.ആരെയായിരിക്കും ചേട്ടൻ രക്ഷിക്കുക. ലാൽ സാറിനെ എന്നായിരുന്നു ഉത്തരം.

ലാൽ സാറിന്റെ സൗഹൃദ വലയം കണ്ടിട്ടാണ് താൻ സാറിനൊപ്പം ജോലിചെയ്യാൻ എത്തുന്നതെന്നും കൂടെയുണ്ടായിരുന്ന അനേകം ആളുകളിൽ നിന്ന് തന്നെ മറ്റൊരു തലത്തിലേയ്കക്ക് ഉയർത്തിക്കൊണ്ടു വന്നത് മോഹൻലാലാണെന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേയ്ക്കാണ് അദ്ദേഹം തന്നെ കൂട്ടിക്കൊണ്ട് പോയത്. തനിക്ക് തന്ന സ്ഥാനം വളരെ വലുതായിരുന്നു. ലാലേട്ടനെക്കാളുപരി ലാൽ സാറായി കാണാനാണ് തനിക്കിഷ്ടമെന്നും ആന്റണി ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.മോഹൻലാലും ഡ്രൈവർ ആന്റണിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ ചിലപ്പോൾ ഒരു സിനിമയ്ക്കു പോലും പ്രചോദനമാകുന്നതായിരിക്കും.