വിജയ് ചിത്രം ബീസ്റ്റിലെ 'അറബിക് കുത്ത്' പാട്ടിനു ചുവടുവച്ച് നടി അനുപമ പരമേശ്വരൻ. വിഷു ദിനത്തിൽ നടി പങ്കുവച്ച വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കേരള സാരി ധരിച്ച് നാടൻ ലുക്കിലാണ് അനുപമയുടെ ചുവടുകൾ.

ചുരുങ്ങിയ സമയത്തിനകം അനുപമയുടെ നൃത്ത പ്രകടനം വൈറൽ ആയി. നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തിയത്. മുൻപും താരത്തിന്റെ നൃത്ത വിഡിയോകൾ വൈറൽ ആയിട്ടുണ്ട്.

 

ബീസ്റ്റിനു വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ പാട്ടാണ് 'അറബിക് കുത്ത്'. നടൻ ശിവകാർത്തികേയൻ വരികൾ കുറിച്ച ഗാനം അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ആലപിച്ചു. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ പാട്ട് പ്രേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡിട്ടിരുന്നു.